YouVersion Logo
Search Icon

GENESIS 33:1-11

GENESIS 33:1-11 MALCLBSI

ഏശാവ് നാനൂറ് ആളുകളുമായി വരുന്നതു ദൂരെനിന്നു യാക്കോബ് കണ്ടു. അപ്പോൾ മക്കളെ ലേയായുടെയും റാഹേലിന്റെയും മറ്റു രണ്ടു ദാസിമാരുടെയും അടുക്കൽ വേർതിരിച്ചു നിർത്തി. ദാസിമാരെയും അവരുടെ മക്കളെയും ഏറ്റവും മുമ്പിലും ലേയായെയും അവളുടെ മക്കളെയും അവരുടെ പിമ്പിലും റാഹേലിനെയും യോസേഫിനെയും ഏറ്റവും പിന്നിലുമായിട്ടാണ് നിർത്തിയത്. യാക്കോബ് അവർക്കു മുമ്പേ നടന്നു. യാക്കോബ് ദൂരെവച്ചു തന്നെ ഏഴു പ്രാവശ്യം ഏശാവിനെ സാഷ്ടാംഗം നമസ്കരിച്ചു. ഏശാവ് ഓടിച്ചെന്നു സഹോദരനെ കെട്ടിപ്പിടിച്ചു ചുംബിച്ചു; അവർ ഇരുവരും കരഞ്ഞു. സ്‍ത്രീകളും കുട്ടികളും നില്‌ക്കുന്നതു കണ്ട് അവർ ആരെല്ലാമാണ് എന്ന് ഏശാവ് ചോദിച്ചു. “ദൈവത്തിന്റെ കൃപയാൽ അങ്ങയുടെ ദാസനു നല്‌കിയ മക്കളാണ് ഇവർ” എന്നു യാക്കോബു മറുപടി പറഞ്ഞു. അപ്പോൾ ദാസിമാരും മക്കളും ഒടുവിൽ യോസേഫും റാഹേലും അടുത്തുവന്ന് ഏശാവിനെ താണുവണങ്ങി. “ഞാൻ വഴിയിൽവച്ചു കണ്ട മൃഗങ്ങളെയും ഭൃത്യന്മാരെയും എന്തിനാണ് നീ അയച്ചത്?” എന്ന് ഏശാവു ചോദിച്ചപ്പോൾ “അങ്ങയുടെ പ്രീതിക്കുവേണ്ടിയാണ്” എന്നു യാക്കോബ് പ്രതിവചിച്ചു. ഏശാവ് പറഞ്ഞു: “എന്റെ സഹോദരാ, എനിക്കിവയെല്ലാം വേണ്ടുവോളമുണ്ട്; നിന്റെ വകയെല്ലാം നീ തന്നെ സൂക്ഷിച്ചുകൊള്ളുക.” യാക്കോബ് പറഞ്ഞു: “ഒരിക്കലും അങ്ങനെ പറയരുതേ; അങ്ങേക്ക് എന്നോടു പ്രസാദം തോന്നിയിട്ടുണ്ടെങ്കിൽ എന്റെ ഈ സമ്മാനങ്ങൾ സ്വീകരിക്കണമേ; അങ്ങയുടെ മുഖം കാണുന്നതു ദൈവത്തിന്റെ മുഖം കാണുന്നതിനു തുല്യമാണ്; അങ്ങ് എന്നെ സസന്തോഷം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. അങ്ങേക്കു കൊണ്ടുവന്നിരിക്കുന്ന ഈ സമ്മാനം സ്വീകരിച്ചാലും. ദൈവം എന്നോടു കൃപചെയ്ത് എനിക്കാവശ്യമുള്ളതെല്ലാം നല്‌കിയിട്ടുണ്ട്.” യാക്കോബു തുടർന്നു നിർബന്ധിച്ചതുകൊണ്ട് ഏശാവ് അതു സ്വീകരിച്ചു.