YouVersion Logo
Search Icon

GENESIS 3:17-24

GENESIS 3:17-24 MALCLBSI

ദൈവം മനുഷ്യനോടു പറഞ്ഞു: “ഭക്ഷിക്കരുതെന്നു ഞാൻ വിലക്കിയിരുന്ന ഫലം നീ നിന്റെ ഭാര്യയുടെ വാക്കു കേട്ട് ഭക്ഷിച്ചതുകൊണ്ട് നീ നിമിത്തം ഭൂമി ശാപഗ്രസ്തയാകും. അഹോവൃത്തി കഴിക്കാൻ നിനക്ക് ജീവിതകാലം മുഴുവൻ അത്യധ്വാനം ചെയ്യേണ്ടിവരും. ഭൂമിയിൽ മുള്ളും കളയും നീ മൂലം മുളയ്‍ക്കും. നീ ഭൂമിയിലെ സസ്യങ്ങൾ ഭക്ഷിക്കും. മണ്ണിലേക്കു തിരികെ ചേരുംവരെ വിയർപ്പോടെ നീ ആഹാരം സമ്പാദിക്കേണ്ടിവരും. മണ്ണിൽനിന്നു നീ സൃഷ്‍ടിക്കപ്പെട്ടു; നീ മണ്ണിലേക്കുതന്നെ മടങ്ങും.” മനുഷ്യൻ സ്‍ത്രീയെ ഹവ്വാ എന്നു വിളിച്ചു. അവൾ ജീവനുള്ളവരുടെയെല്ലാം മാതാവാണല്ലോ. സർവേശ്വരനായ ദൈവം തുകൽകൊണ്ടു വസ്ത്രമുണ്ടാക്കി ആദാമിനെയും അവന്റെ ഭാര്യയെയും ധരിപ്പിച്ചു. സർവേശ്വരനായ ദൈവം അരുളിച്ചെയ്തു: “മനുഷ്യൻ നന്മതിന്മകൾ തിരിച്ചറിഞ്ഞ് നമ്മിൽ ഒരുവനെപ്പോലെ ആയിരിക്കുന്നു. ഇനി ജീവവൃക്ഷത്തിന്റെ ഫലംകൂടി ഭക്ഷിച്ച് അമർത്യനാകാൻ ഇടവരരുത്.” മനുഷ്യനെ സൃഷ്‍ടിക്കാൻ ഉപയോഗിച്ച മണ്ണിൽതന്നെ അധ്വാനിച്ചു ജീവിക്കാൻ അവനെ സർവേശ്വരനായ ദൈവം ഏദൻതോട്ടത്തിൽനിന്നു പുറത്താക്കി. അതിനുശേഷം ജീവവൃക്ഷത്തിങ്കലേക്കുള്ള വഴി സൂക്ഷിക്കാൻ ഏദൻതോട്ടത്തിന്റെ കിഴക്കുവശത്തു കെരൂബുകളെ കാവൽ നിർത്തി. എല്ലാവശത്തേക്കും തിരിഞ്ഞുകൊണ്ടിരിക്കുന്നതും ജ്വലിക്കുന്നതുമായ വാളും അവിടെ സ്ഥാപിച്ചു.