YouVersion Logo
Search Icon

GENESIS 3:1-10

GENESIS 3:1-10 MALCLBSI

സർവേശ്വരനായ ദൈവം സൃഷ്‍ടിച്ച വന്യജീവികളിൽ ഏറ്റവും കൗശലമുള്ളതായിരുന്നു സർപ്പം. അതു സ്‍ത്രീയോടു ചോദിച്ചു: “തോട്ടത്തിലുള്ള ഏതെങ്കിലും വൃക്ഷത്തിന്റെ ഫലം തിന്നരുതെന്നു ദൈവം കല്പിച്ചിട്ടുണ്ടോ?” സ്‍ത്രീ പറഞ്ഞു: “തോട്ടത്തിലുള്ള എല്ലാ വൃക്ഷങ്ങളുടെയും ഫലം ഞങ്ങൾക്കു ഭക്ഷിക്കാം. എന്നാൽ “നിങ്ങൾ തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുത്. തൊടുകപോലുമരുത്. തിന്നാൽ നിങ്ങൾ മരിക്കും” എന്നു ദൈവം കല്പിച്ചിട്ടുണ്ട്.” സർപ്പം സ്‍ത്രീയോടു പറഞ്ഞു: “നിങ്ങൾ മരിക്കുകയില്ല, അതു തിന്നുമ്പോൾ നിങ്ങളുടെ കണ്ണുകൾ തുറക്കുമെന്നും നന്മതിന്മകൾ വേർതിരിച്ചറിഞ്ഞ് അവിടുത്തെപ്പോലെയാകുമെന്നും ദൈവത്തിനറിയാം.” ആ വൃക്ഷത്തിന്റെ ഫലം സ്വാദുള്ളതും ഭംഗിയുള്ളതും ജ്ഞാനപ്രാപ്തിക്ക് അഭികാമ്യവും എന്നു കരുതി സ്‍ത്രീ ഫലം പറിച്ചുതിന്നു, ഭർത്താവിനും കൊടുത്തു; അയാളും ഭക്ഷിച്ചു. അവരുടെ കണ്ണുകൾ തുറന്നു. തങ്ങൾ നഗ്നരെന്നു മനസ്സിലാക്കി അവർ അത്തിയില കൂട്ടിത്തുന്നി അരയാട ധരിച്ചു. അന്നു വൈകുന്നേരം സർവേശ്വരനായ ദൈവം തോട്ടത്തിൽ നടക്കുന്ന ശബ്ദം അവർ കേട്ടു. ദൈവം കാണാതിരിക്കാൻ അവർ തോട്ടത്തിലുള്ള വൃക്ഷങ്ങളുടെ മറവിൽ ഒളിച്ചു. എന്നാൽ ദൈവം മനുഷ്യനെ വിളിച്ചു: “നീ എവിടെ” എന്നു ചോദിച്ചു. “അവിടുത്തെ ശബ്ദം ഞാൻ തോട്ടത്തിൽ കേട്ടു. നഗ്നനായതുകൊണ്ടു ഭയപ്പെട്ടു ഒളിച്ചു” എന്ന് അവൻ പറഞ്ഞു.