GENESIS 28:10-15
GENESIS 28:10-15 MALCLBSI
യാക്കോബ് ബേർ-ശേബയിൽനിന്നു ഹാരാനിലേക്കു പുറപ്പെട്ടു; വഴിമധ്യേ ഒരു സ്ഥലത്തു രാപാർത്തു; ഒരു കല്ലെടുത്തു തലയിണയായിവച്ച് ഉറങ്ങാൻ കിടന്നു; ഉറക്കത്തിൽ യാക്കോബ് ഒരു സ്വപ്നം കണ്ടു; ഭൂമിയിൽനിന്നു സ്വർഗംവരെ എത്തുന്ന ഒരു ഗോവണി. അതിലൂടെ ദൈവത്തിന്റെ മാലാഖമാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. അതിന്റെ മുകളിൽ നിന്നുകൊണ്ട് സർവേശ്വരൻ അരുളിച്ചെയ്തു: “ഞാൻ നിന്റെ പിതാവായ അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും ദൈവമായ സർവേശ്വരനാകുന്നു. നീ കിടക്കുന്ന ഈ സ്ഥലം മുഴുവൻ നിനക്കും നിന്റെ ഭാവിതലമുറകൾക്കും അവകാശമായി നല്‌കും; നിന്റെ സന്തതികൾ ഭൂമിയിലെ മൺതരിപോലെ അസംഖ്യമാകും; അവർ നാനാ ദിക്കിലേക്കും വ്യാപിക്കും; നിന്നിലൂടെയും നിന്റെ സന്തതികളിലൂടെയും ഭൂമിയിലെ എല്ലാ ജനതകളും അനുഗ്രഹിക്കപ്പെടും. ഞാൻ നിന്റെ കൂടെയുണ്ട്; നീ പോകുന്നിടത്തെല്ലാം നിന്നെ സംരക്ഷിച്ച് ഈ സ്ഥലത്തേക്കു ഞാൻ നിന്നെ മടക്കിക്കൊണ്ടുവരും; ഞാൻ നിന്നെ കൈവിടാതെ നിന്നോടു വാഗ്ദാനം ചെയ്തിട്ടുള്ളതെല്ലാം നിറവേറ്റും.”