YouVersion Logo
Search Icon

GENESIS 2:15-25

GENESIS 2:15-25 MALCLBSI

ഏദൻതോട്ടത്തിൽ വേല ചെയ്യാനും അതിനെ സംരക്ഷിക്കാനും സർവേശ്വരനായ ദൈവം മനുഷ്യനെ അവിടെ ആക്കി. അവിടുന്ന് മനുഷ്യനോടു പറഞ്ഞു: “ഈ തോട്ടത്തിലുള്ള ഏതു വൃക്ഷത്തിന്റെയും ഫലം യഥേഷ്ടം നിനക്ക് ഭക്ഷിക്കാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവ് നല്‌കുന്ന വൃക്ഷത്തിന്റെ ഫലം നീ തിന്നരുത്. അതു തിന്നുന്ന നാളിൽ നീ നിശ്ചയമായും മരിക്കും.” സർവേശ്വരനായ ദൈവം അരുളിച്ചെയ്തു: “മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; അവനു തക്ക തുണയായി ഞാൻ ഒരാളെ സൃഷ്‍ടിച്ചു നല്‌കും.” അവിടുന്നു മണ്ണിൽനിന്നു സകല മൃഗങ്ങളെയും പക്ഷികളെയും സൃഷ്‍ടിച്ചു. മനുഷ്യൻ അവയ്‍ക്ക് എന്തു പേരു നല്‌കുമെന്നറിയാൻ അവയെ അവന്റെ മുമ്പിൽ കൊണ്ടുവന്നു. മനുഷ്യൻ വിളിച്ചത് അവയ്‍ക്കു പേരായി. എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാ വന്യമൃഗങ്ങൾക്കും മനുഷ്യൻ പേരിട്ടു. എന്നാൽ അവയിലൊന്നും അവനു തക്ക തുണ ആയിരുന്നില്ല. അതുകൊണ്ടു സർവേശ്വരനായ ദൈവം മനുഷ്യനെ ഗാഢനിദ്രയിലാക്കി, അവന്റെ വാരിയെല്ലുകളിൽ ഒരെണ്ണം എടുത്തു; ആ വിടവ് മാംസംകൊണ്ടു മൂടി. അവിടുന്ന് മനുഷ്യനിൽ നിന്നെടുത്ത വാരിയെല്ലുകൊണ്ട് ഒരു സ്‍ത്രീയെ സൃഷ്‍ടിച്ച് അവന്റെ അടുക്കൽ കൊണ്ടുവന്നു. അപ്പോൾ മനുഷ്യൻ പറഞ്ഞു: “ഇപ്പോൾ ഇതാ, എന്റെ അസ്ഥിയിൽനിന്നുള്ള അസ്ഥിയും മാംസത്തിൽനിന്നുള്ള മാംസവും!” നരനിൽനിന്ന് എടുത്തിരിക്കുന്നതിനാൽ ഇവൾ നാരി എന്നു വിളിക്കപ്പെടും. അതുകൊണ്ട് പുരുഷൻ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേർന്നിരിക്കും. അവർ ഇരുവരും ഒരു ശരീരമായിത്തീരും. പുരുഷനും സ്‍ത്രീയും നഗ്നരായിരുന്നു എങ്കിലും അവർക്കു ലജ്ജ തോന്നിയില്ല.