YouVersion Logo
Search Icon

GENESIS 16:7-16

GENESIS 16:7-16 MALCLBSI

മരുഭൂമിയിൽ ശൂരിലേക്കുള്ള വഴിമധ്യേ ഒരു നീരുറവിന്റെ അരികിൽവച്ച് സർവേശ്വരന്റെ ദൂതൻ അവളെ കണ്ടു. ദൂതൻ അവളോടു ചോദിച്ചു: “സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെനിന്നു വരുന്നു? എവിടേക്കു പോകുന്നു?” അവൾ പറഞ്ഞു: “ഞാൻ എന്റെ യജമാനത്തി സാറായിയുടെ അടുക്കൽനിന്നു ഓടിപ്പോവുകയാണ്.” ദൂതൻ പറഞ്ഞു: “നിന്റെ യജമാനത്തിയുടെ അടുക്കലേക്കു തിരിച്ചുപോയി അവൾക്കു കീഴ്പെട്ടിരിക്കുക. നിന്റെ സന്തതികളെ എണ്ണിയാൽ തീരാത്തവിധം ഞാൻ വർധിപ്പിക്കും. ഇപ്പോൾ നീ ഗർഭിണിയാണ്. നിനക്കു ഒരു മകൻ ജനിക്കും. സർവേശ്വരൻ നിന്റെ രോദനം കേട്ടതിനാൽ അവന് ഇശ്മായേൽ എന്നു പേരിടണം. അവൻ ഒരു കാട്ടുകഴുതയ്‍ക്കു സമനായിരിക്കും. അവൻ സകല മനുഷ്യർക്കും എതിരായും എല്ലാവരും അവന് എതിരായും പൊരുതും. സകല ചാർച്ചക്കാരിൽനിന്നും അവൻ അകന്നു ജീവിക്കും.” “എന്നെ കാണുന്നവനായ ദൈവത്തെ ഞാൻ ഇവിടെ കണ്ടുവല്ലോ” എന്നു പറഞ്ഞു, ഹാഗാർ തന്നോടു സംസാരിച്ച സർവേശ്വരനെ എൽറോയി എന്നു വിളിച്ചു. അതുകൊണ്ടു കാദേശിനും ബേരെദിനും ഇടയ്‍ക്കുള്ള ആ കിണറിനു ബേർ-ലഹയീ-രോയീ എന്നു പേരുണ്ടായി. ഹാഗാർ അബ്രാമിന് ഒരു മകനെ പ്രസവിച്ചു. അബ്രാം അവനു ഇശ്മായേൽ എന്നു പേരു നല്‌കി. ഇശ്മായേൽ ജനിച്ചപ്പോൾ അബ്രാമിന് എൺപത്താറു വയസ്സായിരുന്നു.