YouVersion Logo
Search Icon

GENESIS 13:1-9

GENESIS 13:1-9 MALCLBSI

അബ്രാം ഭാര്യയോടും ലോത്തിനോടും ഒത്തു തനിക്കുള്ള സർവസ്വവുമായി ഈജിപ്തിൽനിന്നു നെഗെബിലേക്കു മടങ്ങിപ്പോയി. ആടുമാടുകൾ, വെള്ളി, സ്വർണം ഇവകൊണ്ട് അബ്രാം വളരെ സമ്പന്നനായിരുന്നു. അദ്ദേഹം നെഗെബിൽനിന്നു പുറപ്പെട്ട് ബേഥേലിൽ എത്തി. ബേഥേലിനും ഹായിക്കുമിടയ്‍ക്കു മുമ്പു കൂടാരമടിക്കുകയും ആദ്യമായി ഒരു യാഗപീഠം ഉണ്ടാക്കുകയും ചെയ്തിരുന്ന സ്ഥലംവരെ യാത്ര ചെയ്തു. അവിടെ അദ്ദേഹം സർവേശ്വരന്റെ നാമത്തിൽ ആരാധിച്ചു. അബ്രാമിനെ അനുഗമിച്ച ലോത്തിനും ആടുമാടുകളും കൂടാരങ്ങളുമുണ്ടായിരുന്നു. എന്നാൽ ഇരുകൂട്ടർക്കും ഒരുമിച്ചു കഴിയാൻ വേണ്ടത്ര മേച്ചിൽപ്പുറം അവിടെ ഇല്ലായിരുന്നു. അത്രവളരെ ആടുമാടുകളും മറ്റു സമ്പത്തും അവർക്കുണ്ടായിരുന്നു. അബ്രാമിന്റെയും ലോത്തിന്റെയും ഇടയന്മാർ തമ്മിൽ കലഹിക്കുക പതിവായി. അക്കാലത്ത് കനാന്യരും പെരിസ്യരും ആ ദേശത്തു പാർത്തിരുന്നു. അബ്രാം ലോത്തിനോടു പറഞ്ഞു: “നാം തമ്മിലോ നമ്മുടെ ഇടയന്മാർ തമ്മിലോ കലഹം ഉണ്ടായിക്കൂടാ. ഈ ദേശം മുഴുവൻ നിന്റെ മുമ്പിലില്ലേ? നമുക്കു തമ്മിൽ വേർപിരിയാം. നീ ഇടത്തോട്ടെങ്കിൽ ഞാൻ വലത്തോട്ട്; അതല്ല, നീ വലത്തോട്ടെങ്കിൽ ഞാൻ ഇടത്തോട്ടു പൊയ്‍ക്കൊള്ളാം.”