GALATIA 5:13-26
GALATIA 5:13-26 MALCLBSI
സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്. എന്നാൽ ഈ സ്വാതന്ത്ര്യം പാപജടിലമായ ഇച്ഛകളുടെ പൂർത്തീകരണത്തിന് ഇടവരുത്തരുത്. സ്നേഹത്തിന്റെ പ്രചോദനത്താൽ നിങ്ങൾ അന്യോന്യം സേവനം ചെയ്യുകയാണു വേണ്ടത്. എന്തെന്നാൽ നിന്റെ അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക എന്നതിൽ നിയമസംഹിത മുഴുവനും അടങ്ങിയിരിക്കുന്നു. അന്യോന്യം കടിച്ചുകീറുന്ന വന്യമൃഗങ്ങളെപ്പോലെ വർത്തിച്ചാൽ, നിങ്ങൾ പരസ്പരം നിശ്ശേഷം നശിപ്പിക്കപ്പെടും എന്നു കരുതിക്കൊള്ളുക. ഞാൻ പറയുന്നത് ഇതാണ്: ആത്മാവു നിങ്ങളുടെ ജീവിതത്തെ നയിക്കട്ടെ. പാപജടിലമായ അഭിലാഷങ്ങളെ തൃപ്തിപ്പെടുത്തുവാൻ ശ്രമിക്കരുത്. എന്തെന്നാൽ മാനുഷികമായ അധമാഭിലാഷങ്ങൾ ആത്മാവിനും, ആത്മാവിന്റെ അഭിലാഷങ്ങൾ മനുഷ്യന്റെ അധമസ്വഭാവത്തിനും എതിരാകുന്നു. ഇവ രണ്ടും അന്യോന്യം എതിരായതുകൊണ്ട് നിങ്ങൾ ആഗ്രഹിക്കുന്നതു ചെയ്യുവാൻ കഴിയുകയില്ല. ആത്മാവാണു നിങ്ങളെ നയിക്കുന്നതെങ്കിൽ, നിങ്ങൾ നിയമസംഹിതയ്‍ക്കു വിധേയരല്ല. മനുഷ്യന്റെ അധമസ്വഭാവത്തിന്റെ വ്യാപാരങ്ങൾ എന്തെല്ലാമെന്ന് എല്ലാവർക്കുമറിയാം; അവ അസാന്മാർഗികത, അശുദ്ധി, കാമാസക്തി, വിഗ്രഹാരാധന, മന്ത്രവാദം മുതലായവയാണ്. മാത്രമല്ല, മനുഷ്യർ ശത്രുക്കളായിത്തീർന്ന് പരസ്പരം പടവെട്ടുന്നു; അവർ അസൂയാലുക്കളും കോപിഷ്ഠരും അത്യാഗ്രഹികളുമായിത്തീരുന്നു; അവർ അന്യന്റെ മുതലിനായി ആഗ്രഹിക്കുകയും മദ്യപിച്ചു കൂത്താടുകയും ചെയ്യുന്നു; അതുപോലെയുള്ള മറ്റു പ്രവൃത്തികളിലും ഏർപ്പെടുന്നു. ഇങ്ങനെ ചെയ്യുന്നവർക്ക് ദൈവരാജ്യത്തിന് അവകാശം ലഭിക്കുകയില്ല എന്നു ഞാൻ മുമ്പു പറഞ്ഞിട്ടുള്ളതുപോലെ ഇപ്പോഴും ഉറപ്പിച്ചു പറയുന്നു. എന്നാൽ ആത്മാവിന്റെ ഫലം, സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, വിനയം, ആത്മനിയന്ത്രണം ഇവയാണ്. ഇവയ്‍ക്കെതിരെ ഒരു നിയമവുമില്ല. ക്രിസ്തുയേശുവിനുള്ളവർ തങ്ങളുടെ പ്രാകൃതസ്വഭാവത്തെ അതിന്റെ രാഗമോഹങ്ങളോടുകൂടി ക്രൂശിച്ചിരിക്കുന്നു. ആത്മാവു നമുക്കു ജീവൻ പ്രദാനം ചെയ്യുന്നു. നമ്മുടെ ജീവിതത്തെ നയിക്കേണ്ടതും ആത്മാവുതന്നെ. നാം അഹങ്കരിക്കുകയോ, അന്യോന്യം പ്രകോപിപ്പിക്കുകയോ, അസൂയാലുക്കളായി വർത്തിക്കുകയോ ചെയ്യരുത്.