GALATIA 2:14-21
GALATIA 2:14-21 MALCLBSI
അവർ സുവിശേഷസത്യം അനുസരിച്ചല്ല നടക്കുന്നതെന്നു കണ്ടപ്പോൾ എല്ലാവരുടെയും മുമ്പിൽവച്ച് ഞാൻ പത്രോസിനോടു പറഞ്ഞു: “താങ്കൾ ഒരു യെഹൂദനായിരുന്നിട്ടും യെഹൂദമര്യാദപ്രകാരമല്ല, വിജാതീയനെപ്പോലെയാണു ജീവിക്കുന്നത്; അങ്ങനെയെങ്കിൽ യെഹൂദന്മാരെപ്പോലെ ജീവിക്കണമെന്നു വിജാതീയരെ നിങ്ങൾ നിർബന്ധിക്കുന്നതെന്തിന്?” “നാം ജന്മനാ യെഹൂദന്മാരാണ്, വിജാതീയരായ പാപികളല്ല” എന്നിരുന്നാലും ഒരുവൻ കുറ്റമറ്റവനായി ദൈവത്താൽ അംഗീകരിക്കപ്പെടുന്നത് യെഹൂദമതനിയമം പാലിക്കുന്നതുകൊണ്ടല്ല, യേശുക്രിസ്തുവിലുള്ള വിശ്വാസംകൊണ്ടു മാത്രമാകുന്നു എന്നു നമുക്ക് അറിയാമല്ലോ. നിയമങ്ങൾ അനുസരിക്കുന്നതുകൊണ്ടല്ല, പ്രത്യുത ക്രിസ്തുവിലുള്ള വിശ്വാസംമൂലമാണ് ദൈവത്താൽ അംഗീകരിക്കപ്പെടുന്നതെന്നു നാം അറിയുന്നു. എന്തുകൊണ്ടെന്നാൽ നിയമങ്ങൾ പാലിക്കുന്നതുകൊണ്ടു മാത്രം ആരും കുറ്റമറ്റവനായി ദൈവത്താൽ അംഗീകരിക്കപ്പെടുന്നില്ല. ക്രിസ്തുവിനോട് ഐക്യപ്പെട്ട് ദൈവത്താൽ കുറ്റമറ്റവരായി അംഗീകരിക്കപ്പെടുവാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ നാം വിജാതീയരെപ്പോലെ ‘പാപികളായി’ ഭവിക്കുന്നു. ഇതിന്റെ അർഥം ക്രിസ്തു പാപത്തിനു കാരണഭൂതനാണെന്നാണോ? ഒരിക്കലുമല്ല. ഞാൻ ഇടിച്ചുപൊളിച്ചതു ഞാൻ തന്നെ വീണ്ടും കെട്ടിപ്പടുക്കുന്നെങ്കിൽ ഞാൻ നിയമലംഘനക്കാരൻ എന്നു സ്വയം തെളിയിക്കുകയാണ്. ദൈവത്തിനായി ജീവിക്കുന്നതിനുവേണ്ടി യെഹൂദമത നിയമത്തെ സംബന്ധിച്ചിടത്തോളം ഞാൻ മരിച്ചു-നിയമത്താൽതന്നെ കൊല്ലപ്പെട്ടു. ക്രിസ്തുവിനോടുകൂടി ഞാൻ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല; എന്നിൽ ജീവിക്കുന്നതു ക്രിസ്തുവാകുന്നു. ഇപ്പോഴത്തെ എന്റെ ജീവിതമാകട്ടെ, എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി തന്റെ ജീവൻ നല്‌കുകയും ചെയ്ത ദൈവപുത്രനിലുള്ള വിശ്വാസത്താലാകുന്നു. ദൈവകൃപ ഞാൻ നിരസിക്കുന്നില്ല. യെഹൂദമതനിയമംകൊണ്ട് ദൈവത്തിന്റെ അംഗീകാരം ലഭിക്കുമെങ്കിൽ ക്രിസ്തുവിന്റെ മരണം വ്യർഥമാണല്ലോ.