YouVersion Logo
Search Icon

EZRA 9

9
മിശ്രവിവാഹം
1ഇതെല്ലാം കഴിഞ്ഞ് ജനനേതാക്കൾ എന്നെ സമീപിച്ചു പറഞ്ഞു: “ഇസ്രായേൽജനങ്ങളും പുരോഹിതന്മാരും ലേവ്യരും തദ്ദേശവാസികളായ കനാന്യർ, ഹിത്യർ, പെരിസ്യർ, യെബൂസ്യർ, അമ്മോന്യർ, മോവാബ്യർ, ഈജിപ്തുകാർ, അമോര്യർ എന്നീ ജനതകളിൽനിന്നും അവരുടെ മ്ലേച്ഛാചാരങ്ങളിൽനിന്നും അകന്നുനില്‌ക്കുന്നില്ല. 2തദ്ദേശീയരുടെ പുത്രിമാരെ അവർ തങ്ങൾക്കും തങ്ങളുടെ പുത്രന്മാർക്കും ഭാര്യമാരായി സ്വീകരിച്ചിരിക്കുന്നു. അങ്ങനെ വിശുദ്ധവംശം തദ്ദേശവാസികളുമായി ഇടകലർന്നുപോയി. നേതാക്കളും പ്രമാണികളും ഈ അകൃത്യം ചെയ്യുന്നതിൽ മുൻപന്തിയിൽ നില്‌ക്കുന്നു.” 3ഇതു കേട്ടപ്പോൾ ഞാൻ എന്റെ വസ്ത്രവും മേലങ്കിയും കീറി; തലയിലും താടിയിലുമുള്ള രോമം വലിച്ചു പറിച്ചു. ഞാൻ സ്തബ്ധനായിപ്പോയി. 4സായാഹ്നയാഗത്തിന്റെ സമയംവരെ ഞാൻ അങ്ങനെ ഇരുന്നു. മടങ്ങിവന്ന പ്രവാസികളുടെ അവിശ്വസ്തതയെക്കുറിച്ച് ഇസ്രായേലിന്റെ ദൈവം അരുളിച്ചെയ്ത വചനങ്ങൾ കേട്ടു പരിഭ്രാന്തരായവരും എന്റെ ചുറ്റും വന്നുകൂടി. 5ഉപവാസം അനുഷ്ഠിച്ചുകൊണ്ടിരുന്ന ഞാൻ സായാഹ്നയാഗസമയത്ത് എഴുന്നേറ്റ് കീറിയ വസ്ത്രവും മേലങ്കിയുമായി മുട്ടുകുത്തി എന്റെ ദൈവമായ സർവേശ്വരനിലേക്കു കൈകൾ ഉയർത്തി പറഞ്ഞു:
6“എന്റെ ദൈവമേ, അങ്ങയുടെ നേർക്ക് മുഖം ഉയർത്തുവാൻ ഞാൻ ലജ്ജിക്കുന്നു. എന്റെ ദൈവമേ, ഞങ്ങളുടെ അകൃത്യങ്ങൾ കുന്നുകൂടി തലയ്‍ക്കു മീതെ പൊങ്ങിയിരിക്കുന്നു. അതേ, അവ ആകാശത്തോളം ഉയർന്നിരിക്കുന്നു. 7ഞങ്ങളുടെ പിതാക്കന്മാരുടെ കാലം മുതൽ ഇന്നുവരെയും ഞങ്ങൾ കടുത്ത കുറ്റങ്ങൾ പ്രവർത്തിച്ചിരിക്കുന്നു. ഞങ്ങളുടെ അകൃത്യങ്ങൾ നിമിത്തം ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പുരോഹിതന്മാരും ഇന്നായിരിക്കുന്നതുപോലെ അന്യരാജാക്കന്മാരുടെ കൈയിൽ വാളിനും പ്രവാസത്തിനും കവർച്ചയ്‍ക്കും കടുത്ത അപമാനത്തിനും ഏല്പിക്കപ്പെട്ടിരിക്കുന്നു. 8ഇപ്പോഴാകട്ടെ അല്പസമയത്തേക്ക് ഞങ്ങളുടെ ദൈവമായ സർവേശ്വരൻ ഞങ്ങളോടു കരുണ കാണിച്ചു. ഞങ്ങളിൽ ഒരു വിഭാഗത്തെ അവശേഷിപ്പിക്കുകയും അവിടുത്തെ വിശുദ്ധസ്ഥലത്ത് ഒരു അഭയസ്ഥാനം നല്‌കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ കണ്ണുകൾക്കു പ്രകാശം നല്‌കുന്നതിനും അടിമത്തത്തിൽ അല്പം ആശ്വാസം ലഭിക്കുന്നതിനും അത് ഇടയാക്കി. 9ഇപ്പോഴും ഞങ്ങൾ അടിമകളാണ്. എങ്കിലും ഞങ്ങളുടെ ദൈവം ഞങ്ങളെ കൈവിട്ടില്ല. പേർഷ്യൻരാജാക്കന്മാരുടെ മുമ്പാകെ അവിടുന്നു തന്റെ സുസ്ഥിരസ്നേഹം ഞങ്ങളോടു കാണിച്ചു. അങ്ങനെ ഞങ്ങളുടെ ദൈവത്തിന്റെ ആലയം കേടുപാടുകൾ തീർത്ത് പുനഃസ്ഥാപിക്കുന്നതിനു ഞങ്ങളെ പ്രചോദിപ്പിക്കുകയും യെഹൂദ്യയിലും യെരൂശലേമിലും ഞങ്ങൾക്ക് സംരക്ഷണം നല്‌കുകയും ചെയ്തിരിക്കുന്നു.
10“ഞങ്ങളുടെ ദൈവമേ, ഇപ്പോൾ ഞങ്ങൾ എന്തു പറയേണ്ടൂ? അവിടുത്തെ കല്പനകൾ ഞങ്ങൾ ലംഘിച്ചിരിക്കുന്നു. 11അവിടുത്തെ ദാസന്മാരായ പ്രവാചകരിലൂടെ ഇപ്രകാരം അരുളിച്ചെയ്തിരുന്നു: ‘നിങ്ങൾ കൈവശമാക്കുവാൻ പോകുന്ന ദേശം തദ്ദേശവാസികളുടെ മ്ലേച്ഛതകളാൽ അശുദ്ധമാണ്. ഒരറ്റംമുതൽ മറ്റേ അറ്റംവരെയും അവർ അതു മലിനതകൊണ്ട് നിറച്ചിരിക്കുന്നു. 12അതുകൊണ്ട് നിങ്ങളുടെ പുത്രിമാരെ അവർക്കു നല്‌കരുത്; അവരുടെ പുത്രിമാരെ നിങ്ങൾ സ്വന്തം പുത്രന്മാർക്കുവേണ്ടി സ്വീകരിക്കയുമരുത്; അവർക്കു സമാധാനവും സമൃദ്ധിയും നിങ്ങൾ കാംക്ഷിക്കരുത്. അങ്ങനെ ചെയ്താൽ നിങ്ങൾ ശക്തരാകും; ദേശത്തിലെ വിഭവങ്ങൾ അനുഭവിക്കുകയും അവ നിങ്ങളുടെ സന്താനങ്ങൾക്കു ശാശ്വതാവകാശമായി തീരുകയും ചെയ്യും.’ 13ഞങ്ങളുടെ ദുഷ്പ്രവൃത്തികളും മഹാപാപങ്ങളും നിമിത്തം ഇതെല്ലാം ഞങ്ങൾക്കു സംഭവിച്ചു. ഞങ്ങൾ അർഹിക്കുന്ന ശിക്ഷ നല്‌കാതെ ദൈവമായ അവിടുന്ന് ഞങ്ങളെ ശേഷിപ്പിച്ചിരിക്കുന്നു. 14അവിടുത്തെ കല്പനകൾ ലംഘിച്ചു വീണ്ടും മ്ലേച്ഛതകൾ പ്രവർത്തിക്കുന്ന ജനതകളുമായി ഞങ്ങൾ വിവാഹബന്ധത്തിൽ ഏർപ്പെടുമോ? അങ്ങനെ ചെയ്താൽ ശിഷ്ടഭാഗമോ രക്ഷപെടുന്ന ആരെങ്കിലുമോ അവശേഷിക്കാതെ ഞങ്ങൾ നശിക്കുന്നതുവരെ അവിടുന്നു ഞങ്ങളോടു കോപിക്കുകയില്ലേ? 15ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ, അവിടുന്നു നീതിമാനാകുന്നു. ഞങ്ങളാകട്ടെ, ഇന്നു രക്ഷപെട്ട അവശിഷ്ടം മാത്രം; ഞങ്ങളുടെ അപരാധങ്ങളുമായി ഇതാ തിരുമുമ്പാകെ നില്‌ക്കുന്നു; ഇങ്ങനെ അവിടുത്തെ മുമ്പിൽ നില്‌ക്കാൻ ആരും അർഹരല്ലല്ലോ.”

Currently Selected:

EZRA 9: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in