EZEKIELA 46
46
രാജാവും ഉത്സവങ്ങളും
1സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “ദേവാലയത്തിന്റെ അക മുറ്റത്തു കിഴക്കോട്ടു ദർശനമുള്ള പടിപ്പുര വാതിൽ ആറു പ്രവൃത്തിദിവസങ്ങളിലും അടച്ചിടണം. ശബത്തിലും അമാവാസിയിലും ആ വാതിൽ തുറന്നിടണം. 2രാജാവു പുറത്തുനിന്നു പടിപ്പുരയുടെ പൂമുഖം വഴി അകത്തു കടന്നു പടിപ്പുരയുടെ തൂണിനു സമീപം നില്‌ക്കണം. പുരോഹിതന്മാർ രാജാവിനുവേണ്ടിയുള്ള ഹോമയാഗവും സമാധാനയാഗവും അർപ്പിക്കണം. പടിപ്പുരവാതില്‌ക്കൽ നിന്നുകൊണ്ടു രാജാവ് ആരാധിക്കണം. പിന്നീട് അദ്ദേഹം പുറത്തുപോകണം. എന്നാൽ നേരം വൈകുന്നതുവരെ പടിപ്പുരവാതിൽ അടച്ചുകൂടാ. 3ദേശത്തെ ജനം ശബത്തിലും അമാവാസിയിലും പടിപ്പുരയുടെ പ്രവേശനദ്വാരത്തിൽനിന്നുകൊണ്ട് സർവേശ്വരന്റെ സന്നിധാനത്തിൽ ആരാധിക്കണം. 4ശബത്തുദിവസം രാജാവ് കുറ്റമറ്റ ആറു കുഞ്ഞാടുകളെയും ഒരു മുട്ടാടിനെയും ഹോമയാഗമായി അർപ്പിക്കണം. 5ധാന്യയാഗമായി മുട്ടാടിനോടൊപ്പം ഒരു ഏഫാ ധാന്യവും കുഞ്ഞാടിനോടൊപ്പം തന്റെ പ്രാപ്തിക്കൊത്തവിധം ധാന്യവും ഓരോ ഏഫാ ധാന്യത്തിനും ഓരോ ഹീൻ എന്ന കണക്കിന് എണ്ണയും നല്‌കണം. 6അമാവാസിയിൽ രാജാവ് ഒരു കാളക്കുട്ടിയെയും ആറു കുഞ്ഞാടുകളെയും ഒരു മുട്ടാടിനെയും അർപ്പിക്കണം. അവയെല്ലാം കുറ്റമറ്റവ ആയിരിക്കണം. 7ധാന്യയാഗമായി കാളക്കുട്ടിയോടും മുട്ടാടിനോടും ഒപ്പം ഓരോ ഏഫാ ധാന്യവും കുഞ്ഞാടുകളോടൊപ്പം തന്റെ കഴിവനുസരിച്ചു ധാന്യവും ഓരോ ഏഫായ്‍ക്കും ഒരു ഹീൻ എന്ന കണക്കിന് എണ്ണയും നല്‌കണം. 8രാജാവ് പടിപ്പുരയുടെ പൂമുഖത്തിലൂടെ പ്രവേശിക്കുകയും ആ വഴിയിലൂടെത്തന്നെ പുറത്തുപോകുകയും വേണം.
9ജനം ഉത്സവദിവസങ്ങളിൽ സർവേശ്വരന്റെ സന്നിധിയിൽ വരുമ്പോൾ വടക്കേ പടിപ്പുരവഴി പ്രവേശിക്കുന്നവർ തെക്കേ പടിപ്പുര വഴിയും തെക്കേ പടിപ്പുരവഴി പ്രവേശിക്കുന്നവർ വടക്കേ പടിപ്പുരവഴിയും പുറത്തുപോകണം. ഒരുവനും താൻ പ്രവേശിച്ച പടിപ്പുരവഴി പുറത്തു പൊയ്‍ക്കൂടാ. 10ജനം അകത്തു പ്രവേശിക്കുമ്പോൾ അവരോടൊപ്പം രാജാവും പ്രവേശിക്കണം. അവർ പുറത്തു പോകുമ്പോൾ അവരോടൊപ്പം അദ്ദേഹം പുറത്തുപോകുകയും വേണം. 11വിശേഷദിവസങ്ങളിലും ഉത്സവദിവസങ്ങളിലും ധാന്യയാഗത്തിന് കാളക്കുട്ടിയോടും മുട്ടാടിനോടും ഒപ്പം ഓരോ ഏഫാ ധാന്യവും കുഞ്ഞാടുകളോടൊപ്പം അവരവരുടെ കഴിവനുസരിച്ചു ധാന്യവും അതോടൊപ്പം ഒരു ഏഫായ്‍ക്ക് ഒരു ഹീൻ എന്ന കണക്കിന് എണ്ണയും നല്‌കണം. 12രാജാവ് സ്വന്ത ഇഷ്ടപ്രകാരം യാഗം നടത്തുമ്പോൾ ഹോമയാഗം ആയാലും സമാധാനയാഗം ആയാലും കിഴക്കോട്ടു ദർശനമുള്ള പടിപ്പുര അദ്ദേഹത്തിനു തുറന്നു കൊടുക്കണം. ശബത്തു ദിവസത്തിലെന്നപോലെ അദ്ദേഹം ഹോമയാഗമോ സമാധാനയാഗമോ അർപ്പിക്കണം. പിന്നീട് അദ്ദേഹം പുറത്തുപോകണം. അതിനുശേഷം പടിപ്പുരവാതിൽ അടയ്‍ക്കണം.
ദിനംതോറുമുള്ള അർപ്പണങ്ങൾ
13സർവേശ്വരന് അർപ്പിക്കുന്ന ഹോമയാഗത്തിനുവേണ്ടി രാജാവു പ്രതിദിനം ഒരു വയസ് പ്രായമുള്ള കുറ്റമറ്റ ഓരോ ആട്ടിൻകുട്ടിയെ നല്‌കണം. പ്രഭാതംതോറും അത് അർപ്പിക്കുകയും വേണം. 14അതിന്റെ ധാന്യയാഗമായി പ്രഭാതംതോറും ഏഫായുടെ ആറിലൊന്ന് മാവും അതു കുഴയ്‍ക്കാൻ മൂന്നിലൊന്ന് ഹീൻ എണ്ണയും നല്‌കണം. ഇവയാണ് നിരന്തരഹോമയാഗത്തിനുള്ള വ്യവസ്ഥകൾ. 15അങ്ങനെ നിരന്തരഹോമയാഗത്തിനുവേണ്ടി ആട്ടിൻ കുട്ടിയും ധാന്യവഴിപാടും എണ്ണയും പ്രഭാതം തോറും നല്‌കണം. 16സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. രാജാവ് തന്റെ പുത്രന്മാരിൽ ആർക്കെങ്കിലും തന്റെ അവകാശത്തിൽനിന്നു ദാനം നല്‌കുന്നെങ്കിൽ അത് അവന് അവകാശപ്പെട്ടതായിരിക്കും.
രാജാവും ഭൂമിയും
17എന്നാൽ രാജാവ് തന്റെ അവകാശത്തിൽനിന്ന് തന്റെ ദാസന് ഒരു ദാനം നല്‌കുന്നെങ്കിൽ വിമോചനവർഷംവരെ മാത്രമേ അത് അവൻറേതായിരിക്കുകയുള്ളൂ. അതിനുശേഷം ആ സ്വത്ത് വീണ്ടും രാജാവിൻറേതായിത്തീരും. രാജാവിന്റെ പിതൃസ്വത്തിന്റെ അവകാശം അദ്ദേഹത്തിന്റെ പുത്രന്മാർക്കു മാത്രമുള്ളതാണ്. 18രാജാവു ജനത്തെ പുറന്തള്ളിയശേഷം അവരുടെ സ്വത്ത് കൈയടക്കിക്കൂടാ. സ്വന്തം സ്വത്തിൽനിന്നാണു രാജാവ് പുത്രന്മാർക്ക് അവകാശം നല്‌കേണ്ടത്. അങ്ങനെ ചെയ്താൽ എന്റെ ജനത്തിന് അവരുടെ അവകാശത്തിൽനിന്നു ചിതറി പോകേണ്ടിവരികയില്ല.
ദേവാലയത്തിലെ പാചകമുറികൾ
19പിന്നീട് അയാൾ എന്നെ പടിപ്പുരയുടെ പാർശ്വത്തിലുള്ള പ്രവേശനദ്വാരത്തിലൂടെ പുരോഹിതർക്കുള്ള വിശുദ്ധമുറികളുടെ വടക്കേനിരയിലേക്കു കൊണ്ടുവന്നു. ആ മുറികളുടെ പടിഞ്ഞാറേ അറ്റത്ത് ഒരു സ്ഥലം എനിക്കു കാട്ടിത്തന്നു. 20പുരോഹിതന്മാർ പ്രായശ്ചിത്തയാഗത്തിനും പാപപരിഹാരയാഗത്തിനും ഉള്ള നിവേദ്യങ്ങൾ പാകം ചെയ്യുന്നതും ധാന്യയാഗത്തിനുള്ള അപ്പം ചുടുന്നതും ഇവിടെയാണ്. അയാൾ എന്നോടു പറഞ്ഞു: വിശുദ്ധി പുറത്തെ അങ്കണത്തിലേക്കു വ്യാപിച്ച് ജനത്തെ ബാധിക്കാതിരിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്.
21പിന്നീട് അയാൾ എന്നെ പുറത്തെ അങ്കണത്തിലേക്കു നയിച്ചു. അതിന്റെ നാലു കോണിലും ഓരോ ചെറിയ മുറ്റമുണ്ടായിരുന്നു. 22ആ നാലു മുറ്റങ്ങളും ഒരേ വലിപ്പമുള്ളവയായിരുന്നു; നാല്പതു മുഴം നീളവും മുപ്പതു മുഴം വീതിയും. 23ആ ചെറുമുറ്റങ്ങളുടെ ചുറ്റും കല്ഭിത്തികൾ കെട്ടിയിരുന്നു. അവയുടെ ചുവട്ടിൽ അടുപ്പുകൾ ഉണ്ടായിരുന്നു. 24ദേവാലയത്തിലെ ശുശ്രൂഷകർ ജനങ്ങൾക്കുവേണ്ടിയുള്ള യാഗവസ്തുക്കൾ പാകപ്പെടുത്തുന്നത് ഇവിടെയാണ് എന്ന് അയാൾ എന്നോടു പറഞ്ഞു.
Currently Selected:
EZEKIELA 46: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.