EZEKIELA 43
43
സർവേശ്വരന്റെ മഹത്ത്വം
1പിന്നീട് അയാൾ എന്നെ കിഴക്കോട്ടു ദർശനമുള്ള പടിപ്പുരയിലേക്കു കൊണ്ടുപോയി. 2അതാ, ഇസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സ് കിഴക്കുനിന്നും വരുന്നു. അവിടുത്തെ ആഗമനത്തിന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരമ്പൽപോലെ ആയിരുന്നു. അവിടുത്തെ തേജസ്സുകൊണ്ടു ഭൂമി പ്രകാശിച്ചു. 3ഈ ദർശനം അവിടുന്നു നഗരം നശിപ്പിക്കാൻ വന്നപ്പോൾ എനിക്കുണ്ടായതുപോലെയും കെബാർനദീതീരത്തുവച്ച് എനിക്കുണ്ടായ ദർശനംപോലെയും ആയിരുന്നു. അപ്പോൾ ഞാൻ സാഷ്ടാംഗം പ്രണമിച്ചു. 4സർവേശ്വരന്റെ തേജസ്സ് കിഴക്കേ പടിപ്പുരയിലൂടെ കടന്നുവന്നപ്പോൾ 5ആത്മാവ് എന്നെ എടുത്ത് അകത്തെ അങ്കണത്തിലേക്കു കൊണ്ടുവന്നു. അതാ, സർവേശ്വരന്റെ തേജസ്സ് ദേവാലയത്തിൽ നിറഞ്ഞു നില്‌ക്കുന്നു.
6എന്നോടൊപ്പമുണ്ടായിരുന്ന മനുഷ്യൻ അപ്പോഴും എന്റെ സമീപത്തുണ്ടായിരുന്നു. അപ്പോൾ ദേവാലയത്തിൽനിന്ന് സർവേശ്വരൻ എന്നോട് ഇപ്രകാരം സംസാരിക്കുന്നതായി ഞാൻ കേട്ടു. 7മനുഷ്യപുത്രാ, ഇവിടെയാണ് എന്റെ സിംഹാസനം, ഞാൻ കാലൂന്നുന്ന സ്ഥലവും ഇതുതന്നെ. ഇസ്രായേൽജനത്തിന്റെ മധ്യത്തിൽ ഇവിടെ ഞാൻ എന്നേക്കും വസിക്കും. ഇസ്രായേൽജനമോ, അവരുടെ രാജാക്കന്മാരോ ഇനിമേൽ അന്യദേവാരാധനകൊണ്ടോ തങ്ങളുടെ രാജാക്കന്മാരുടെ മൃതശരീരങ്ങൾ ഇവിടെ സംസ്കരിച്ചോ എന്റെ വിശുദ്ധനാമത്തെ മലിനമാക്കുകയില്ല. 8അവർ തങ്ങളുടെ ഉമ്മരപ്പടികളും കട്ടിളകളും എന്റെ ഉമ്മരപ്പടികളോടും കട്ടിളകളോടും ചേർത്തു സ്ഥാപിച്ചു. എനിക്കും അവർക്കും മധ്യേ ഒരു മതിൽ മാത്രം. തങ്ങൾ ചെയ്ത എല്ലാ മ്ലേച്ഛതകളാലും അവർ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കി. അതുകൊണ്ട് എന്റെ ക്രോധത്തിൽ ഞാൻ അവരെ സംഹരിച്ചു. 9ഇനി അവർ തങ്ങളുടെ അവിശ്വസ്തത ഉപേക്ഷിക്കുകയും അവരുടെ രാജാക്കന്മാരുടെ മൃതശരീരങ്ങൾ എന്റെ അടുക്കൽനിന്നു ദൂരെ നീക്കുകയും ചെയ്യട്ടെ. അപ്പോൾ ഞാൻ അവരുടെ മധ്യേ എന്നേക്കും വസിക്കും.
10‘മനുഷ്യപുത്രാ, ദേവാലയത്തെക്കുറിച്ചു നീ ഇസ്രായേൽജനത്തിനു വിവരിച്ചുകൊടുക്കുക. അവർ അതിന്റെ രൂപരേഖ മനസ്സിലാക്കട്ടെ. തങ്ങളുടെ അകൃത്യത്തെക്കുറിച്ച് അവർ ലജ്ജിക്കട്ടെ. 11തങ്ങളുടെ പ്രവൃത്തികളെപ്പറ്റി അവർ ലജ്ജിക്കുമെങ്കിൽ ദേവാലയവും അതിലെ സംവിധാനങ്ങളും അതിന്റെ പ്രവേശനദ്വാരങ്ങളും പുറത്തേക്കുള്ള വഴികളും അതിന്റെ ആകമാനരൂപവും അവർക്കു വരച്ചുകാട്ടുക. ദേവാലയത്തിന്റെ നിയമങ്ങളും ചട്ടങ്ങളും അവരെ അറിയിക്കണം. അവ അവർ അനുസരിക്കത്തക്കവിധം അവർ കാൺകെ എഴുതിവയ്‍ക്കുക. 12ഇതാകുന്നു ദേവാലയത്തെ സംബന്ധിച്ച നിയമം. മലമുകളിൽ ദേവാലയത്തിനു ചുറ്റമുള്ള പ്രദേശം മുഴുവൻ അതിവിശുദ്ധമായിരിക്കും. അതേ, ഇതുതന്നെയാണു ദേവാലയത്തെ സംബന്ധിച്ച നിയമം.
യാഗപീഠം
13യാഗപീഠത്തിന്റെ അളവുകൾ #43:13 ഒരു സാധാരണ മുഴവും ഒരു കൈപ്പത്തിയുടെ വീതിയും ചേർന്ന നീളമാണ് ഇവിടെ മുഴം എന്നത്.മുഴം കണക്കിനാണ്. അതിന്റെ തറയുടെ ഉയരവും വീതിയും ഓരോ മുഴം വീതവും അതിനു ചുറ്റും ഒരു ചാൺ തള്ളിനില്‌ക്കുന്ന വക്കും ഉണ്ടായിരിക്കണം. 14യാഗപീഠത്തിന്റെ ഉയരം അടിത്തറമുതൽ അടിത്തട്ടുവരെ രണ്ടു മുഴവും വീതി ഒരു മുഴവും അടിത്തട്ടുമുതൽ മേൽത്തട്ടുവരെ ഉയരം നാലു മുഴവും വീതി ഒരു മുഴവും ആയിരിക്കണം. 15യാഗപീഠത്തിന്റെ അടുപ്പിന് ഉയരം നാലു മുഴം. അതിന്മേൽ മേലോട്ടു തള്ളിനില്‌ക്കുന്ന ഒരു മുഴം വീതം നീളമുള്ള നാലു കൊമ്പുകൾ ഉണ്ടായിരിക്കണം. 16അടുപ്പ് പന്ത്രണ്ടു മുഴം വീതിയും നീളവുമുള്ള സമചതുരം ആയിരിക്കണം. 17അതിന്റെ തട്ടിനു നീളവും വീതിയും പതിനാലുമുഴം വീതം ആയിരിക്കണം. ചുറ്റുമുള്ള വക്കിന് അരമുഴവും ചുവടിനു ചുറ്റും ഒരു മുഴവും ആയിരിക്കണം വീതി. യാഗപീഠത്തിന്റെ ചവിട്ടുപടികൾ കിഴക്കോട്ടായിരിക്കണം.
യാഗപീഠത്തിന്റെ പ്രതിഷ്ഠ
18പിന്നീട് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്തു: മനുഷ്യപുത്രാ, യാഗപീഠത്തെ സംബന്ധിച്ച ചട്ടങ്ങൾ ഇവയാണ്. 19ഹോമയാഗത്തിനും രക്തംതളിക്കാനുംവേണ്ടി യാഗപീഠം സ്ഥാപിക്കുന്ന നാളിൽ എനിക്കു ശുശ്രൂഷ ചെയ്യാൻ അടുത്തുവരുന്ന സാദോക്കിന്റെ വംശജരായ ലേവ്യാപുരോഹിതന്മാർക്കു പാപപരിഹാരയാഗത്തിനുവേണ്ടി ഒരു കാളയെ നല്‌കണം. 20ആ കാളയുടെ രക്തത്തിൽ കുറെ എടുത്തു യാഗപീഠത്തിന്റെ നാലു കൊമ്പുകളിലും തട്ടിന്റെ നാലു കോണിലും ചുറ്റുമുള്ള വക്കിലും പുരട്ടി യാഗപീഠം പവിത്രീകരിക്കുകയും പ്രായശ്ചിത്തം ചെയ്യുകയും വേണം. 21പാപപരിഹാരയാഗത്തിനുള്ള കാളയെ വിശുദ്ധസ്ഥലത്തിനു പുറത്തു നിർദിഷ്ട സ്ഥലത്തുവച്ചു ദഹിപ്പിക്കണം. 22രണ്ടാം ദിവസം കുറ്റമറ്റ ഒരു കോലാട്ടുകൊറ്റനെ പാപപരിഹാരയാഗമായി അർപ്പിക്കണം. അങ്ങനെ കാളയുടെ രക്തംകൊണ്ടെന്നപോലെ അതിന്റെ രക്തംകൊണ്ടും യാഗപീഠം ശുദ്ധീകരിക്കണം. 23യാഗപീഠം ശുദ്ധീകരിച്ചശേഷം കുറ്റമറ്റ ഒരു കാളക്കുട്ടിയെയും ആട്ടിൻകൂട്ടത്തിൽനിന്ന് ഊനമറ്റ ഒരു മുട്ടാടിനെയും സർവേശ്വരന്റെ സന്നിധിയിൽ കൊണ്ടുവരണം. 24പുരോഹിതന്മാർ അവയുടെമേൽ ഉപ്പുവിതറിയശേഷം സർവേശ്വരന് ഹോമയാഗമായി അർപ്പിക്കണം. 25ഏഴു ദിവസവും ഓരോ കോലാടിനെ പാപപരിഹാരബലിയായി അർപ്പിക്കണം. അതുപോലെതന്നെ ഊനമറ്റ ഒരു കാളക്കുട്ടിയെയും ആട്ടിൻപറ്റത്തിൽനിന്നു കുറ്റമറ്റ ഒരു മുട്ടാടിനെയും ഏഴു ദിവസത്തേക്ക് അർപ്പിക്കണം. 26അങ്ങനെ യാഗപീഠത്തിനു പ്രായശ്ചിത്തം ചെയ്ത് അതിനെ ശുദ്ധീകരിക്കുകയും അത് പ്രതിഷ്ഠിക്കുകയും വേണം. 27ഏഴു ദിവസം പൂർത്തിയായശേഷം എട്ടാം ദിവസംമുതൽ നിത്യവും നിങ്ങളുടെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും പുരോഹിതന്മാർ യാഗപീഠത്തിന്മേൽ അർപ്പിക്കണം. അപ്പോൾ നിങ്ങളിൽ ഞാൻ പ്രസാദിക്കും എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.
Currently Selected:
EZEKIELA 43: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.