EZEKIELA 38
38
ഗോഗിനെതിരെ പ്രവചനം
1സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: 2“മനുഷ്യപുത്രാ, മേശക്കിന്റെയും തൂബലിന്റെയും മുഖ്യപ്രഭുവായ മാഗോഗിലെ ഗോഗിനുനേരേ തിരിഞ്ഞു അയാൾക്കെതിരെ പ്രവചിക്കുക. 3സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: മേശക്കിന്റെയും തൂബലിന്റെയും മുഖ്യപ്രഭുവായ ഗോഗേ, ഞാൻ നിനക്ക് എതിരാണ്. 4ഞാൻ നിന്നെ പിറകോട്ടു തിരിച്ചു നിറുത്തി നിന്റെ താടിയെല്ലിനു കൊളുത്തിടും. നിന്നെയും നിന്റെ സർവസൈന്യത്തെയും പടക്കുതിരകൾ, സായുധരായ കുതിരപ്പടയാളികൾ, പരിചയും കവചവും വാളും ഏന്തിയ വലിയ സൈന്യവ്യൂഹം എന്നിവയോടൊത്തു പുറത്തുകൊണ്ടുവരും. 5അവരോടൊപ്പം പരിചയും പടത്തൊപ്പിയും ധരിച്ച പേർഷ്യക്കാരും 6എത്യോപ്യരും ലിബിയാക്കാരും ഉണ്ടായിരിക്കും. കൂടാതെ ഗോമറിനെയും അതിന്റെ സർവസൈന്യത്തെയും അങ്ങ് വടക്കേ അറ്റത്തുള്ള ബെത്-തോഗർമയെയും അവരുടെ സകല സൈന്യങ്ങളെയും പുറത്തുകൊണ്ടുവരും. അനേകം ജനതകൾ നിന്റെ കൂടെ ഉണ്ടായിരിക്കും.
7നീയും നിന്റെ ചുറ്റും ചേർന്നിരിക്കുന്ന സർവജനസമൂഹവും ജാഗരൂകരായിരിക്കണം. എന്റെ ആജ്ഞ അനുസരിക്കാൻ ഒരുങ്ങിയിരിക്കുക. 8ഏറെനാൾ കഴിഞ്ഞ് ഞാൻ നിന്നെ വിളിക്കും. യുദ്ധവിമുക്തമായതും അനേക ജനതകളിൽനിന്നും കൂട്ടിച്ചേർക്കപ്പെട്ടതുമായ അസംഖ്യം ജനങ്ങൾ നിവസിക്കുന്ന ദേശത്തേക്ക്, ദീർഘകാലം ശൂന്യമായി കിടന്നിരുന്ന ഇസ്രായേൽപർവത പ്രദേശത്തേക്കുതന്നെ നീ ഒടുവിൽ മുന്നേറും. വിവിധ ജനതകളുടെ മധ്യത്തിൽനിന്നും ഒരുമിച്ചുചേർക്കപ്പെട്ട ഇസ്രായേൽജനമാണ് ഇന്ന് അവിടെ നിർഭയം നിവസിക്കുന്നത്. 9നീ ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കും. നീയും നിന്റെ സൈന്യവും നിന്നോടുകൂടെയുള്ള ബഹുജനങ്ങളും ഒരു കാർമേഘംപോലെ ആ ദേശത്തെ മൂടും.
10സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “അന്നു നിന്റെ മനസ്സിൽ പല ചിന്തകൾ ഉയരും. ഒരു ദുഷ്ടമായ പരിപാടി നീ ആവിഷ്കരിക്കും. 11-12നീ ചിന്തിക്കും: മതിലുകൾ ഇല്ലാത്ത ഗ്രാമങ്ങളോടുകൂടിയ ദേശത്തേക്കു ഞാൻ ചെല്ലും. മതിലുകളും വാതിലുകളും സാക്ഷകളും ഇല്ലാതെതന്നെ നിർഭയം നിവസിക്കുന്ന പ്രശാന്തമായ ജനത്തെ ഞാൻ ആക്രമിക്കും. ഒരിക്കൽ ശൂന്യമായി കിടന്നിരുന്നതും ഇപ്പോൾ ജനവാസം ഉള്ളതുമായ ദേശത്തെ കൊള്ളയടിക്കാനും ജനതകളുടെ ഇടയിൽനിന്നു കൂട്ടിക്കൊണ്ടുവരപ്പെട്ടവരും കന്നു കാലികളെയും വസ്തുവകകളെയും സമ്പാദിച്ചു ഭൂമിയുടെ മധ്യസ്ഥാനത്തു നിവസിക്കുന്നവരുമായ ജനത്തെ കവർച്ചചെയ്യാനും തന്നെ.” 13പൊന്നും വെള്ളിയും വസ്തുവകകളും കവർച്ചചെയ്യാനും കന്നുകാലികളെ അപഹരിക്കാനും അങ്ങനെ ആ കൊള്ളമുതൽ പിടിച്ചെടുക്കാനുമാണോ നീ നിന്റെ സൈന്യത്തെ കൊണ്ടുവന്നത് എന്ന് ശേബയിലെയും ദെദാനിലെയും ജനങ്ങളും തർശ്ശീശിലെ വ്യാപാരികളും #38:13 യുവയോദ്ധാക്കളും = യുവസിംഹങ്ങൾ എന്ന് മൂലഭാഷയിൽ.യുവയോദ്ധാക്കളും ചോദിക്കും.
14അതുകൊണ്ടു മനുഷ്യപുത്രാ, ഗോഗിനോടു പ്രവചിക്കുക: സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: അന്ന് എന്റെ ജനമായ ഇസ്രായേൽ സുരക്ഷിതരായി വസിക്കുമ്പോൾ, 15അങ്ങ് വടക്കേ അറ്റത്തുനിന്ന് നീയും നിന്നോടൊത്തുള്ള ജനതകളും അശ്വാരൂഢരായി കരുത്തുറ്റ മഹാസൈന്യമായി വരും. 16ദേശത്തെ മൂടുന്ന മേഘംപോലെ നീ എന്റെ ജനമായ ഇസ്രായേലിനെതിരെ വരും. ജനതകൾ എന്നെ അറിയാൻ വേണ്ടിയാണു വരുംകാലത്ത് എന്റെ ദേശത്തിനെതിരെ നിന്നെ ഞാൻ കൊണ്ടുവരുന്നത്. അല്ലയോ ഗോഗേ, എന്റെ വിശുദ്ധി അവരുടെ കൺമുമ്പിൽ നിന്നിലൂടെ ഞാൻ വെളിപ്പെടുത്തും. 17സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: നിന്നെക്കുറിച്ചല്ലേ പണ്ട് എന്റെ ദാസരായ ഇസ്രായേലിലെ പ്രവാചകരിലൂടെ പ്രസ്താവിച്ചത്? നിന്നെ അവർക്കെതിരെ ഞാൻ കൊണ്ടുവരുമെന്ന് അവർ സംവത്സരങ്ങളായി പ്രവചിച്ചു പോന്നിരുന്നു.
ദൈവം ഗോഗിനെ ശിക്ഷിക്കും
18സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേൽജനത്തിനെതിരെ ഗോഗ് വരുന്ന ദിവസം എന്റെ ക്രോധം കത്തി ജ്വലിക്കും. 19അസഹിഷ്ണുതയോടും കത്തിക്കാളുന്ന എന്റെ കോപത്തോടുംകൂടി ഞാൻ പ്രഖ്യാപിക്കുന്നു, അന്ന് ഇസ്രായേൽദേശത്ത് ഒരു ഭൂകമ്പം ഉണ്ടാകും. 20അന്ന് സമുദ്രത്തിലെ മത്സ്യവും ആകാശത്തിലെ പക്ഷികളും കാട്ടിലെ മൃഗങ്ങളും ഭൂമിയിലെ സകല ഇഴജന്തുക്കളും ഭൂമുഖത്തുള്ള സർവമനുഷ്യരും എന്റെ സന്നിധിയിൽ വിറകൊള്ളും. മലകൾ മറിഞ്ഞുവീഴും. കടുംതൂക്കായ മലകൾ തകർന്നു വീഴും, മതിലുകളെല്ലാം നിലംപതിക്കും. 21ഗോഗിനെതിരെ സകല വിപത്തുകളും ഞാൻ വിളിച്ചുവരുത്തും. സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. ഓരോരുവന്റെയും വാൾ സ്വന്തം സഹോദരന്റെ നേരെ ഉയരും. 22മഹാമാരിയും രക്തച്ചൊരിച്ചിലുംകൊണ്ട് അവനെ ഞാൻ വിധിക്കും. ഞാൻ അവന്റെയും അവന്റെ കൂടെയുള്ള ജനതകളുടെയും സൈന്യവ്യൂഹങ്ങളുടെയുംമേൽ പേമാരിയും കന്മഴയും തീയും ഗന്ധകവും വർഷിക്കും. 23അങ്ങനെ എന്റെ മഹത്ത്വവും വിശുദ്ധിയും വിവിധ ജനതകൾക്കു ഞാൻ കാണിച്ചുകൊടുക്കും. എന്നെത്തന്നെ അവർക്കു വെളിപ്പെടുത്തുകയും ചെയ്യും. അപ്പോൾ ഞാനാകുന്നു സർവേശ്വരനെന്ന് അവർ അറിയും.”
Currently Selected:
EZEKIELA 38: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.