YouVersion Logo
Search Icon

EZEKIELA 37

37
അസ്ഥികളുടെ താഴ്‌വര
1സർവേശ്വരന്റെ ശക്തി എന്റെമേൽ വന്നു; അവിടുന്നു തന്റെ ആത്മാവിനാൽ എന്നെ അസ്ഥികൾ നിറഞ്ഞ ഒരു താഴ്‌വരയിലേക്കു നയിച്ചു. 2അവിടുന്ന് അവയ്‍ക്കിടയിലൂടെ എന്നെ നടത്തി. ആ അസ്ഥികൾ ഉണങ്ങി വരണ്ടുമിരുന്നു. അവ വളരെയേറെ ഉണ്ടായിരുന്നു. 3അവിടുന്ന് ചോദിച്ചു: “മനുഷ്യപുത്രാ, ഈ അസ്ഥികൾക്കു ജീവിക്കാനാവുമോ?” ഞാൻ പറഞ്ഞു: “സർവേശ്വരനായ കർത്താവേ, അവിടുന്നു അറിയുന്നുവല്ലോ” എന്നു ഞാൻ മറുപടി പറഞ്ഞു. 4അവിടുന്ന് വീണ്ടും എന്നോട് അരുളിച്ചെയ്തു: “ഈ അസ്ഥികളോടു പ്രവചിക്കുക; ഉണങ്ങിയ അസ്ഥികളേ, സർവേശ്വരൻ അരുളിച്ചെയ്യുന്നതു കേൾക്കുവിൻ. 5ഈ അസ്ഥികളോടു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. ഇതാ നിങ്ങളുടെ ഉള്ളിൽ ഞാൻ പ്രാണനെ നിവേശിപ്പിക്കും; നിങ്ങൾ ജീവിക്കും. 6ഞാൻ നിങ്ങളുടെമേൽ ഞരമ്പുകളും മാംസവും വച്ചു പിടിപ്പിച്ചു ചർമംകൊണ്ടു പൊതിയും. നിങ്ങളിൽ പ്രാണൻ നിവേശിപ്പിക്കും; നിങ്ങൾ ജീവൻ പ്രാപിക്കും, അപ്പോൾ ഞാനാണു സർവേശ്വരനെന്നു നിങ്ങൾ അറിയും.”
7എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു. ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ശബ്ദം ഉണ്ടായി. ഒരു കിരുകിര ശബ്ദം; വേർപെട്ടുപോയ അസ്ഥികൾ കൂടിച്ചേർന്നു. 8ഞാൻ നോക്കിക്കൊണ്ടിരിക്കെ ആ അസ്ഥികളിൽ ഞരമ്പും മാംസവും വന്നു. ചർമം അതിനെ പൊതിഞ്ഞു. എന്നാൽ അവയിൽ പ്രാണൻ ഇല്ലായിരുന്നു. 9അപ്പോൾ അവിടുന്ന് എന്നോടു കല്പിച്ചു: ‘മനുഷ്യപുത്രാ #37:9 ജീവശ്വാസത്തോട് = കാറ്റ്, ജീവശ്വാസം, വായു, ആത്മാവ് എന്നെല്ലാം ആകാം.ജീവശ്വാസത്തോടു പ്രവചിക്കുക. സർവേശ്വരൻ അരുളിച്ചെയ്യുന്നു: ജീവശ്വാസമേ, നീ നാലുദിക്കുകളിൽനിന്നും വന്ന് ഈ നിഹതന്മാരുടെമേൽ ഊതുക; അവർ ജീവൻ പ്രാപിക്കട്ടെ’ 10അവിടുന്ന് എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചപ്പോൾ ജീവശ്വാസം അവരിൽ പ്രവേശിച്ചു. അവർ ജീവൻ പ്രാപിച്ച് ഒരു മഹാസൈന്യമായി അണിനിരന്നു നിന്നു.
11പിന്നീട് അവിടുന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഈ അസ്ഥികൾ ഇസ്രായേൽജനം മുഴുവനുമാണ്. ഇതാ, അവർ പറയുന്നു: ഞങ്ങളുടെ അസ്ഥികൾ ഉണങ്ങിപ്പോയിരിക്കുന്നു. ഞങ്ങളുടെ പ്രത്യാശ നശിച്ചു, ഞങ്ങളെ ഉന്മൂലനം ചെയ്തിരിക്കുന്നു. 12അതുകൊണ്ട് നീ പ്രവചിക്കുക; സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാൻ കല്ലറകൾ തുറന്ന് ഇന്നുതന്നെ നിങ്ങളെ എഴുന്നേല്പിച്ച് ഇസ്രായേൽദേശത്തേക്കു കൊണ്ടുപോകും. 13കല്ലറകൾ തുറന്ന് ഞാൻ നിങ്ങളെ എഴുന്നേല്പിക്കുമ്പോൾ, എന്റെ ജനമേ, ഞാനാണു സർവേശ്വരനെന്നു നിങ്ങൾ അറിയും. 14ഞാൻ എന്റെ ആത്മാവിനെ നിങ്ങളിൽ പ്രവേശിപ്പിക്കും; നിങ്ങൾ ജീവിക്കും. നിങ്ങളുടെ സ്വന്തം ദേശത്ത് ഞാൻ നിങ്ങളെ നിവസിപ്പിക്കും. സർവേശ്വരനായ ഞാനാണ് ഇതു പറഞ്ഞതെന്നും ഞാൻ ഇതു നിവർത്തിച്ചിരിക്കുന്നു എന്നും അപ്പോൾ നിങ്ങൾ അറിയും. ഇത് സർവേശ്വരന്റെ വചനം.”
യെഹൂദായും ഇസ്രായേലും ഒരു രാജ്യമാകുന്നു
15സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: 16“മനുഷ്യപുത്രാ, നീ ഒരു വടി എടുത്ത് അതിന്മേൽ യെഹൂദായ്‍ക്കും അവനോടു ബന്ധപ്പെട്ട ഇസ്രായേൽജനത്തിനും എന്ന് എഴുതുക. പിന്നീടു വേറൊരു വടി എടുത്ത് അതിന്മേൽ എഫ്രയീമിന്റെ വടിയായ യോസേഫിനും അവനോടു ബന്ധപ്പെട്ട മുഴുവൻ ഇസ്രായേൽജനത്തിനും എന്നും എഴുതുക. 17ഒരു വടിയായി തീരത്തക്കവിധം നിന്റെ കൈയിൽ അവ ചേർത്തു പിടിക്കണം. 18ഇതുകൊണ്ട് അങ്ങ് ഉദ്ദേശിക്കുന്നത് എന്താണെന്നു ഞങ്ങൾക്ക് പറഞ്ഞുതന്നാലും എന്ന് ജനം അപ്പോൾ പറയും. 19അവരോട് പറയുക: സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: എഫ്രയീമിന്റെ കൈയിലിരിക്കുന്ന യോസേഫിന്റെ വടിയും അവനോടു ബന്ധപ്പെട്ട ഇസ്രായേൽഗോത്രവും ഇതാ യെഹൂദായുടെ വടിയോടു ഞാൻ ചേർക്കും. അങ്ങനെ അവ എന്റെ കൈയിൽ ഒന്നായിത്തീരും. 20നീ എഴുതിയ വടികൾ അവർ കാൺകെ പിടിച്ചുകൊണ്ടു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു എന്ന് അവരോടു പറയുക. 21ഇസ്രായേൽജനം ചിതറിച്ചെന്നെത്തിയ എല്ലാ ദിക്കുകളിലുമുള്ള ജനതകളുടെ ഇടയിൽനിന്ന് ഞാൻ അവരെ ഒരുമിച്ചുകൂട്ടി സ്വന്തം ദേശത്ത് എത്തിക്കും. 22ഞാൻ അവരെ ആ ദേശത്ത് ഇസ്രായേൽപർവതമുകളിൽ ഒരു ജനതയാക്കിത്തീർക്കുകയും ഒരു രാജാവ് അവരെ ഭരിക്കുകയും ചെയ്യും. അവർ ഇനി ഒരിക്കലും രണ്ടു ജനതകളായിരിക്കുകയില്ല. രണ്ടു രാജ്യങ്ങളായി ഭിന്നിച്ചു നില്‌ക്കുകയുമില്ല. 23ഇനിമേൽ വിഗ്രഹങ്ങൾകൊണ്ടോ മ്ലേച്ഛവസ്തുക്കൾകൊണ്ടോ അതിക്രമങ്ങൾകൊണ്ടോ അവർ തങ്ങളെത്തന്നെ മലിനപ്പെടുത്തുകയില്ല. അവർ പാപം ചെയ്ത എല്ലാ ഭവനങ്ങളിൽനിന്നും ഞാൻ അവരെ രക്ഷിച്ചു ശുദ്ധീകരിക്കും. അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവും ആയിരിക്കും.
24എന്റെ ദാസനായ ദാവീദ് അവരുടെ രാജാവായിരിക്കും. അവർക്ക് ഒരിടയൻ മാത്രമേ ഉണ്ടായിരിക്കൂ. അവർ എന്റെ അനുശാസനങ്ങൾ അനുസരിക്കും. എന്റെ ചട്ടങ്ങൾ ശ്രദ്ധാപൂർവം പാലിക്കുകയും ചെയ്യും. 25എന്റെ ദാസനായ യാക്കോബിനു ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാർ പാർത്തിരുന്നതുമായ ദേശത്ത് അവർ പാർക്കും. അവരുടെ സന്താനപരമ്പരകൾ എന്നേക്കും അവിടെ വസിക്കും. എന്റെ ദാസനായ ദാവീദ് അവർക്കെന്നും രാജാവായിരിക്കും. 26ഞാൻ അവരുമായി ശാശ്വതമായ ഒരു സമാധാനഉടമ്പടി ഉണ്ടാക്കും. ഞാൻ അവരെ വർധിപ്പിക്കും. അവരുടെ ഇടയിൽ എന്റെ വിശുദ്ധമന്ദിരം എന്നേക്കും സ്ഥാപിക്കും. 27എന്റെ വാസസ്ഥലം അവരുടെ ഇടയിൽ ആയിരിക്കും. ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവും ആയിരിക്കും. 28എന്റെ വിശുദ്ധസ്ഥലം എന്നേക്കും അവരുടെ ഇടയിൽ ആയിരിക്കുമ്പോൾ ഞാനാണ് ഇസ്രായേലിനെ വിശുദ്ധീകരിക്കുന്ന സർവേശ്വരനെന്നു ജനതകൾ അറിയും.

Currently Selected:

EZEKIELA 37: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in