EZEKIELA 34
34
ഇസ്രായേലിലെ ഇടയന്മാർ
1സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: 2“മനുഷ്യപുത്രാ, ഇസ്രായേലിലെ ഇടയന്മാർക്ക് എതിരെ പ്രവചിക്കുക: സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ആടുകളെ പോറ്റാതെ തങ്ങളെത്തന്നെ പോറ്റുന്ന ഇടയന്മാരേ, നിങ്ങൾക്ക് ഹാ ദുരിതം! ഇടയന്മാർ ആടുകളെയല്ലേ പോറ്റേണ്ടത്? 3നിങ്ങൾ അവയുടെ പാൽ കുടിക്കുന്നു; അവയുടെ രോമംകൊണ്ടുള്ള വസ്ത്രം ധരിക്കുന്നു; കൊഴുത്തു തടിച്ചവയെ കശാപ്പു ചെയ്യുകയും ചെയ്യുന്നു; എന്നാൽ ആടുകളെ നിങ്ങൾ പോറ്റുന്നില്ല. 4ബലഹീനമായവയെ നിങ്ങൾ സംരക്ഷിച്ചില്ല. രോഗം ബാധിച്ചവയെ ചികിത്സിച്ചില്ല. മുറിവേറ്റവയെ വച്ചു കെട്ടിയില്ല; വഴി തെറ്റിപ്പോയവയെ തിരിച്ചുകൊണ്ടുവന്നില്ല, കാണാതെപോയവയെ അന്വേഷിച്ചുമില്ല. മറിച്ചു നിങ്ങൾ ക്രൂരമായി അവയോടു പെരുമാറി. 5ഇടയനില്ലായ്കയാൽ അവ ചിതറിപ്പോയി; അങ്ങനെ വന്യമൃഗങ്ങൾക്ക് അവ ഇരയായിത്തീർന്നു. 6എന്റെ ആടുകൾ പർവതങ്ങളിലും ഉയർന്ന മലകളിലും അലഞ്ഞു നടന്നു. ഭൂമിയിൽ എല്ലായിടത്തേക്കും ചിതറിപ്പോയ അവയെ തെരയാനോ കണ്ടെത്താനോ ആരും ഉണ്ടായിരുന്നില്ല.
7അതുകൊണ്ട് ഇടയന്മാരേ, സർവേശ്വരന്റെ വാക്കു ശ്രദ്ധിക്കുവിൻ; സർവേശ്വരനായ കർത്താവ് സത്യം ചെയ്തു പറയുന്നു. 8ഇടയനില്ലായ്കയാൽ എന്റെ ആടുകൾ വന്യമൃഗങ്ങൾക്ക് ഇരയായിത്തീർന്നു. ഇടയന്മാർ എന്റെ ആടുകളെ അന്വേഷിക്കയോ, തീറ്റിപ്പോറ്റുകയോ ചെയ്യാതെ തങ്ങളെത്തന്നെ പോറ്റി. 9അതുകൊണ്ട് ഇടയന്മാരേ, സർവേശ്വരന്റെ അരുളപ്പാടു കേൾക്കുവിൻ. 10സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: നോക്കൂ, ഞാൻ ഈ ഇടയന്മാർക്ക് എതിരാണ്. എന്റെ ആടുകളെ ഞാൻ അവരോട് ആവശ്യപ്പെടും. അവരുടെ ആടുമേയ്‍ക്കൽ ഞാൻ അവസാനിപ്പിക്കും. ഇനിമേൽ ഇടന്മാർ തങ്ങളെത്തന്നെ പോഷിപ്പിക്കുകയില്ല. എന്റെ ആടുകൾ അവരുടെ ഭക്ഷണമാകാൻ ഇടയാകാത്തവിധം അവരുടെ വായിൽനിന്നു ഞാൻ അവയെ രക്ഷിക്കും.”
നല്ല ഇടയൻ
11സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ തന്നെ എന്റെ ആടുകളെ തെരഞ്ഞു കണ്ടെത്തും. 12ചിതറിപ്പോയ ആടിനെ ഒരു ഇടയൻ എന്നതുപോലെ ഞാൻ എന്റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും. കാർമേഘവും കൂരിരുട്ടും നിറഞ്ഞദിവസം ചിതറിപ്പോയ ഇടങ്ങളിൽനിന്നെല്ലാം അവയെ ഞാൻ രക്ഷിക്കും. വിവിധദേശങ്ങളിൽനിന്നു ഞാൻ അവയെ കൊണ്ടുവരും. 13ജനതകളുടെ ഇടയിൽനിന്ന് അവയെ കൂട്ടിവരുത്തി അവയുടെ സ്വന്തം നാട്ടിലേക്കു തിരിച്ചുകൊണ്ടുവരും. ഇസ്രായേൽപർവതങ്ങളിലെ നീരുറവുകൾക്കരികിലും നാട്ടിൽ കുടിപാർപ്പുള്ള എല്ലാ പ്രദേശങ്ങളിലും ഞാൻ അവയെ മേയിക്കും. 14നല്ല മേച്ചിൽപ്പുറങ്ങളിൽത്തന്നെ ഞാൻ അവയെ മേയിക്കും. ഇസ്രായേലിലെ ഉയർന്ന മലകളായിരിക്കും അവയുടെ മേച്ചിൽ സ്ഥലങ്ങൾ. അവിടെ അവ വിശ്രമിക്കും. ഇസ്രായേൽമലകളിലെ നല്ല പച്ചപ്പുൽപ്പുറങ്ങളിൽ അവ മേയും. 15ഞാൻ തന്നെ എന്റെ ആടുകളെ മേയിക്കും. ഞാൻ അവയ്‍ക്കു വിശ്രമം നല്‌കും എന്ന് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. 16കാണാതെ പോയതിനെ ഞാൻ അന്വേഷിക്കും; കൂട്ടം വിട്ടുപോയതിനെ ഞാൻ തിരിച്ചുകൊണ്ടുവരും. ക്ഷതം ഏറ്റതിനെ ഞാൻ വച്ചുകെട്ടും. ബലഹീനമായവയെ ഞാൻ ബലപ്പെടുത്തും. കൊഴുത്തു തടിച്ചവയെ ഞാൻ കാത്തുസൂക്ഷിക്കും. നീതിപൂർവം ഞാൻ അവയെ മേയിക്കും.
17സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: എന്റെ ആട്ടിൻപറ്റമേ ഇതാ, ആടുകൾക്കും ആടുകൾക്കും ഇടയിലും ആട്ടുകൊറ്റന്മാർക്കും കോലാട്ടുകൊറ്റന്മാർക്കും ഇടയിലും ഞാൻ ന്യായം വിധിക്കും. 18നല്ല മേച്ചിൽപ്പുറങ്ങളിൽ മേഞ്ഞതുകൊണ്ടു തൃപ്തിപ്പെടരുതോ? ശേഷിക്കുന്ന മേച്ചിൽപ്പുറം എന്തിനു ചവുട്ടിത്തേക്കുന്നു? അതുപോലെ തെളിനീരു വേണ്ടുവോളം കുടിച്ചാൽ പോരേ? 19ശേഷിച്ച വെള്ളം എന്തിനു ചവുട്ടിക്കലക്കുന്നു? എന്റെ ആടുകൾ നിങ്ങൾ ചവുട്ടിത്തേച്ചതു തിന്നുകയും നിങ്ങൾ ചവുട്ടിക്കലക്കിയതു കുടിക്കുകയും ചെയ്യണമോ?
20അതുകൊണ്ട് സർവേശ്വരനായ കർത്താവ് അവരോട് അരുളിച്ചെയ്യുന്നു: ഇതാ മേദസ്സുള്ള ആടുകൾക്കും മെലിഞ്ഞ ആടുകൾക്കും ഇടയിൽ ഞാൻതന്നെ ന്യായംവിധിക്കും. 21വിദൂരതയിലേക്കു ചിതറിപ്പോകുന്നതുവരെ ക്ഷീണിച്ച ആടുകളെ നിങ്ങൾ പാർശ്വംകൊണ്ടും തോളുകൊണ്ടും തള്ളുകയും കൊമ്പുകൊണ്ടു കുത്തുകയും ചെയ്യുന്നു. 22ഞാൻ എന്റെ ആട്ടിൻപറ്റത്തെ മേലിൽ അവർക്കാർക്കും ഇരയാകാതെ സംരക്ഷിക്കും. ഞാൻ ഓരോ ആടിനെയും ന്യായം വിധിക്കും. 23അവയെ മേയിക്കാൻ ഒരു ഇടയനെ ഞാൻ നിയോഗിക്കും. എന്റെ ദാസനായ ദാവീദിനെതന്നെ. ഞാൻ അവരെ മേയ്‍ക്കും. അവൻ അവരുടെ ഇടയനായിരിക്കും. 24സർവേശ്വരനായ ഞാൻ അവരുടെ ദൈവം ആയിരിക്കും. എന്റെ ദാസനായ ദാവീദ് അവരുടെ രാജാവുമായിരിക്കും. സർവേശ്വരനായ ഞാനാണ് ഇതു പറയുന്നത്.
25ഞാൻ അവരുമായി ഒരു സമാധാനഉടമ്പടി ഉണ്ടാക്കും. വന്യമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും. അങ്ങനെ അവ വിജനസ്ഥലത്തു സുരക്ഷിതമായി പാർക്കും; വനങ്ങളിൽ കിടന്നുറങ്ങും. 26ഞാൻ അവരെയും എന്റെ മലകൾക്കു ചുറ്റുമുള്ള പ്രദേശങ്ങളെയും അനുഗ്രഹിക്കും. ഞാൻ യഥാകാലം അവർക്കു മഴ നല്‌കും. അത് അനുഗ്രഹമാരി ആയിരിക്കും. 27വയലിലെ വൃക്ഷങ്ങൾ ഫലം നല്‌കും; ഭൂമി സമൃദ്ധമായ വിളവു നല്‌കും. സ്വന്തം ദേശത്ത് അവർ സുരക്ഷിതരായിരിക്കും. ഞാൻ അവരുടെ നുകം ഒടിച്ചു തങ്ങളെ അടിമകളാക്കിയവരുടെ കൈയിൽനിന്ന് അവരെ മോചിപ്പിക്കുമ്പോൾ ഞാനാണു സർവേശ്വരൻ എന്ന് അവർ അറിയും. 28ഇനിമേൽ ജനതകളുടെ ആക്രമണത്തിന് അവർ ഇരയാവുകയില്ല; വന്യമൃഗങ്ങൾ അവരെ വിഴുങ്ങുകയും ഇല്ല. അവർ സുരക്ഷിതരായി പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയും ഇല്ല. 29ദേശത്തു പട്ടിണി ഉണ്ടാകാതിരിക്കാനും ജനതകളുടെ നിന്ദയ്‍ക്കു പാത്രമാകാതിരിക്കാനുമായി സമൃദ്ധമായ ഫലം നല്‌കുന്ന തോട്ടങ്ങൾ ഞാൻ അവർക്കു നല്‌കും. 30അങ്ങനെ അവരുടെ ദൈവമായ സർവേശ്വരൻ അവരുടെ കൂടെ ഉണ്ടെന്നും ഇസ്രായേൽജനം എന്റെ ജനം ആണെന്നും അവർ ഗ്രഹിക്കുമെന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. 31നിങ്ങൾ എന്റെ ആടുകൾ ആകുന്നു; എന്റെ മേച്ചിൽപ്പുറത്തെ ആടുകൾതന്നെ. ഞാൻ ആകുന്നു നിങ്ങളുടെ ദൈവം എന്നും സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.
Currently Selected:
EZEKIELA 34: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.