EZEKIELA 32:2-10
EZEKIELA 32:2-10 MALCLBSI
“മനുഷ്യപുത്രാ, ഈജിപ്തിലെ രാജാവായ ഫറവോയെപ്പറ്റി ഈ വിലാപഗാനം ആലപിക്കൂ. “ജനതകളുടെ ഇടയിൽ ഒരു സിംഹം ആണെന്നു നീ ഭാവിക്കുന്നു; എന്നാൽ നീ സമുദ്രത്തിലെ വ്യാളിയെപ്പോലെ ആകുന്നു. നീ നദികൾ ചവിട്ടിക്കലക്കി അവയിലെ വെള്ളം മലിനമാക്കുന്നു. സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ അനേകം ജനതകളുമായി വന്നു നിന്റെമേൽ എന്റെ വലവീശും. അവർ നിന്നെ കരയ്‍ക്ക് വലിച്ചു കയറ്റും. ഞാൻ എന്റെ വലയിൽ നിന്നെ കരയ്‍ക്കു വലിച്ചിടും; തുറസ്സായ സ്ഥലത്ത് ഞാൻ നിന്നെ എറിഞ്ഞുകളയും. അങ്ങനെ ആകാശത്തിലെ പറവകൾക്കും വന്യമൃഗങ്ങൾക്കും നീ ഇരയായിത്തീരും. നിന്റെ മാംസം ഞാൻ പർവതങ്ങളിൽ വിതറും. താഴ്‌വരകൾ അതുകൊണ്ടു നിറയ്‍ക്കും. നിന്റെ രക്തം ഒഴുകി പർവതങ്ങൾവരെയുള്ള ഭൂമി കുതിർക്കും. അതുകൊണ്ടു നീർച്ചാലുകൾ നിറയും. ഞാൻ നിന്നെ ഇല്ലായ്മ ചെയ്യുമ്പോൾ ആകാശത്തെ മൂടും; നക്ഷത്രങ്ങളെ ഇരുട്ടാക്കും. സൂര്യനെ മേഘംകൊണ്ടു മറയ്‍ക്കും. ചന്ദ്രൻ നിഷ്പ്രഭമാകും. നിന്റെ മുകളിലുള്ള എല്ലാ പ്രകാശഗോളങ്ങളെയും ഞാൻ അന്ധകാരമയമാക്കും. നിന്റെ ദേശത്തെ അന്ധകാരത്തിലാഴ്ത്തും. സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. വിജാതീയ ജനതകളുടെ ഇടയിൽ നിനക്ക് അജ്ഞാതമായ ദേശങ്ങളിലേക്കു നിന്നെ അടിമയാക്കിക്കൊണ്ടുപോകുമ്പോൾ പല ജനതകളും അസ്വസ്ഥരാകും. നിന്നെ നോക്കി അനേകം ജനതകൾ സ്തബ്ധരാകും; അവർ കാൺകെ ഞാൻ വാൾ വീശുമ്പോൾ അവരുടെ രാജാക്കന്മാർ നിന്നെ പ്രതി പേടിച്ച് അരണ്ടുപോകും; നീ നിപതിക്കുന്ന ദിവസം ഓരോരുത്തരും താന്താങ്ങളുടെ ജീവനെ ഓർത്ത് അനുനിമിഷം വിറയ്‍ക്കും.