YouVersion Logo
Search Icon

EZEKIELA 28:1-10

EZEKIELA 28:1-10 MALCLBSI

സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, സോരിലെ രാജാവിനോട് സർവേശ്വരൻ അരുളിച്ചെയ്യുന്നു എന്നു പറയുക: നിന്റെ ഹൃദയം അഹങ്കാരത്തിമർപ്പുകൊണ്ടു നിറഞ്ഞിരിക്കുന്നതിനാൽ ഞാൻ ദേവനാണ്, സമുദ്രത്തിന്റെ ഹൃദയഭാഗത്ത് ദേവന്മാരുടെ സിംഹാസനത്തിൽ ഞാൻ ഇരിക്കുന്നു എന്നു നീ പറയുന്നു. ദൈവത്തെപ്പോലെ ജ്ഞാനിയാണെന്നു സ്വയം ഭാവിക്കുന്നെങ്കിലും നീ ദൈവമല്ല, വെറും ഒരു മനുഷ്യൻ. ദാനിയേലിനെക്കാൾ നീ ബുദ്ധിമാനാണോ? ഒരു രഹസ്യവും നിന്നിൽനിന്നു മറഞ്ഞിരിക്കുന്നില്ലെന്നോ? നിന്റെ ജ്ഞാനവും ബുദ്ധിയുംകൊണ്ടു നീ ധനം സമ്പാദിച്ചു; സ്വർണവും വെള്ളിയും നിന്റെ ഭണ്ഡാരത്തിൽ നിറച്ചു. വാണിജ്യകാര്യത്തിൽ നിനക്കുള്ള ജ്ഞാനംമൂലം നീ സമ്പത്തു വർധിപ്പിച്ചു. ധനസമൃദ്ധിയിൽ നീ അഹങ്കരിച്ചു.” അതുകൊണ്ടു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “ദൈവത്തെപ്പോലെ ജ്ഞാനിയാണെന്നു നീ സ്വയം കരുതുക നിമിത്തം, നിഷ്ഠുരന്മാരായ ജനതകളെ ഇതാ, ഞാൻ നിനക്കെതിരെ കൊണ്ടുവരുന്നു. നിന്റെ ജ്ഞാനവും ബുദ്ധിസാമർഥ്യവുംകൊണ്ടു നേടിയ മനോഹരമായ എല്ലാറ്റിനെയും അവർ നശിപ്പിക്കും. നിന്റെ പ്രതാപം കെടുത്തും. അവർ നിന്നെ അധോലോകത്തിൽ തള്ളിയിടും; നീ വധിക്കപ്പെട്ട് ആഴിയുടെ അടിത്തട്ടിൽ നിപതിക്കും. നിന്നെ കൊല്ലുന്നവരുടെ മുമ്പിൽവച്ച് ‘ഞാൻ ദേവനാകുന്നു’ എന്ന് ഇനിയും നീ പറയുമോ? നിന്നെ വധിക്കുന്നവരുടെ മുമ്പിൽ നീ ദേവനല്ല വെറും ഒരു മനുഷ്യൻ. വിദേശികളുടെ കരങ്ങളാൽ പരിച്ഛേദനം ഏല്‌ക്കാത്തവനെപ്പോലെ നീ മരിക്കും.” ഞാനാണ് ഇതു പറയുന്നത് എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.”