YouVersion Logo
Search Icon

EZEKIELA 22

22
യെരൂശലേമിന്റെ അകൃത്യങ്ങൾ
1സർവേശ്വരന്റെ അരുളപ്പാട് എനിക്കു വീണ്ടും ഉണ്ടായി: 2“മനുഷ്യപുത്രാ, നീ അവരെ കുറ്റം വിധിക്കുകയില്ലേ? രക്തപങ്കിലമായ ഈ നഗരത്തെ നീ വിധിക്കയില്ലേ? അവളുടെ മ്ലേച്ഛകൃത്യങ്ങൾ അവളെ അറിയിക്കുക. 3സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു എന്നു പറയുക”. രക്തപാതകം നടത്തി ന്യായവിധിദിവസം ആസന്നമാക്കയും വിഗ്രഹങ്ങൾ നിർമിച്ച് സ്വയം മലിനയാകുകയും ചെയ്ത നഗരമേ! 4നീ ചൊരിഞ്ഞ രക്തത്താൽ നീ കുറ്റക്കാരിയും നീ നിർമിച്ച വിഗ്രഹങ്ങളാൽ നീ മലിനയും ആയിത്തീർന്നിരിക്കുന്നു. നിന്റെ ദിനം, നിന്റെ ആയുസ്സിന്റെ അന്ത്യം ആസന്നമായിരിക്കുന്നു. അതിനാൽ ഞാൻ നിന്നെ ജനതകൾക്കു നിന്ദാപാത്രവും രാജ്യങ്ങൾക്കെല്ലാം പരിഹാസവിഷയവും ആക്കിയിരിക്കുന്നു. 5കുപ്രസിദ്ധയും ക്രമസമാധാനം നിശ്ശേഷം തകർന്നവളുമായ നിന്നെ അടുത്തും അകലെയുമുള്ളവർ പരിഹസിക്കും.
6ഇസ്രായേലിലെ രാജാക്കന്മാരെല്ലാം തങ്ങളുടെ ശക്തി രക്തച്ചൊരിച്ചിലിനായി വിനിയോഗിച്ചു. 7നിന്നിൽ നിവസിച്ചിരുന്ന മാതാപിതാക്കളെ അവർ നിന്ദിക്കുകയും പരദേശികളെ പീഡിപ്പിക്കുകയും ചെയ്തു. അനാഥരെയും വിധവകളെയും അവർ ദ്രോഹിച്ചു. 8എനിക്കു വിശുദ്ധമായതിനെ അവർ മലിനമാക്കി; ശബത്തുകൾ അശുദ്ധമാക്കി. 9രക്തച്ചൊരിച്ചിലിന് ഇടവരുത്തുന്ന അപവാദം പറഞ്ഞു പരത്തുന്നവരും പൂജാഗിരികളിൽവച്ചു ഭക്ഷണം കഴിക്കുന്നവരും ഭോഗാസക്തികൊണ്ട് അഴിഞ്ഞാടുന്നവരും നിന്നിൽ നിവസിക്കുന്നു. 10പിതാവിന്റെ ഭാര്യയോടൊത്ത് ശയിക്കുന്നവരും ആർത്തവകാലത്ത് സ്‍ത്രീകളെ പ്രാപിക്കുന്നവരും നിന്നിലുണ്ട്. 11നിന്നിൽ നിവസിക്കുന്ന ചിലർ അയൽക്കാരന്റെ ഭാര്യയോടു മ്ലേച്ഛമായി പെരുമാറുന്നു; മറ്റു ചിലർ ഭോഗാസക്തരായി മരുമക്കളെ പ്രാപിച്ച് അവരെ അശുദ്ധരാക്കുന്നു; വേറേ ചിലർ തന്റെ സ്വന്തം പിതാവിൽ നിന്നു ജനിച്ച സഹോദരിയെ അപമാനിക്കുന്നു. 12രക്തം ചൊരിയാൻ കോഴ വാങ്ങുന്നവർ നിന്നിലുണ്ട്; പലിശയും ലാഭവും വാങ്ങി അയൽക്കാരനെ ഞെക്കിപ്പിഴിഞ്ഞു ചിലർ പണം സമ്പാദിക്കുന്നു. അങ്ങനെ നീ എന്നെ മറന്നുകളഞ്ഞിരിക്കുന്നു എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.
13അന്യായമായി നീ ഉണ്ടാക്കിയ ലാഭവും നീ ചൊരിഞ്ഞ രക്തവുംനിമിത്തം ഞാൻ രോഷംപൂണ്ട് മുഷ്‍ടി ചുരുട്ടും. 14ഞാൻ നിന്നെ അഭിമുഖീകരിക്കുമ്പോൾ നീ സുധീരം ഉറച്ചു നില്‌ക്കുമോ? നിന്റെ കൈകൾ ബലവത്തായിരിക്കുമോ? സർവേശ്വരനായ ഞാനാണ് ഇതു പറയുന്നത്. അതു ഞാൻ നിറവേറ്റുകതന്നെ ചെയ്യും. 15ഞാൻ നിന്നെ ജനതകളുടെ ഇടയിലേക്കും രാജ്യങ്ങളിലേക്കും ചിതറിക്കും; നിന്റെ മാലിന്യത്തിനു ഞാൻ അറുതി വരുത്തും. 16ജനതകളുടെ മുമ്പിൽ നീ മലിനയായി കാണപ്പെടും; അപ്പോൾ ഞാനാകുന്നു സർവേശ്വരനെന്നു നീ അറിയും.
ശുദ്ധീകരണച്ചൂള
17സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി 18“മനുഷ്യപുത്രാ, ഇസ്രായേൽജനം എനിക്കു ലോഹക്കിട്ടമായിരിക്കുന്നു. അവരെല്ലാവരും വെള്ളിയും ഓടും വെളുത്തീയവും ഇരുമ്പും കറുത്തീയവും ഉരുക്കിയ ഉലയിലെ കിട്ടംപോലെ ആയിരിക്കുന്നു. 19അതുകൊണ്ട് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെല്ലാവരും കിട്ടമായിത്തീർന്നിരിക്കുന്നതുകൊണ്ട് ഞാൻ നിങ്ങളെ യെരൂശലേമിൽ ഒരുമിച്ചുകൂട്ടും. 20വെള്ളിയും ഓടും വെളുത്തീയവും ഇരുമ്പും കറുത്തീയവും ഉലയിൽ ഒരുമിച്ച് ഊതി ഉരുക്കുന്നതുപോലെ നിങ്ങളെയും ഒരുമിച്ചു കൊണ്ടുവന്ന് എന്റെ കോപത്തിന്റെയും ക്രോധത്തിന്റെയും അഗ്നിയിൽ ഉരുക്കും. 21നിങ്ങളെ ഞാൻ ഒരുമിച്ചുകൂട്ടി നിങ്ങളുടെമേൽ എന്റെ കോപാഗ്നി ചൊരിയും. നിങ്ങൾ അതിൽ ഉരുകിപ്പോകും. 22വെള്ളി ഉലയിൽ ഉരുകുന്നതുപോലെ നിങ്ങളും അതിൽ ഉരുകും. സർവേശ്വരനായ ഞാൻ എന്റെ ക്രോധം നിങ്ങളുടെമേൽ ചൊരിഞ്ഞിരിക്കുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും.
ഇസ്രായേൽനേതാക്കന്മാരുടെ പാപങ്ങൾ
23സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: 24“മനുഷ്യപുത്രാ, ഇസ്രായേൽദേശത്തോടു പറയുക, ക്രോധദിവസത്തിൽ നീ ശുചിയാക്കപ്പെടാത്തതും മഴ പെയ്യാത്തതുമായ ദേശം ആയിരിക്കും. 25ഇരയെ കടിച്ചുകീറി ഗർജിക്കുന്ന സിംഹത്തെപ്പോലെയാണ് അതിലെ പ്രഭുക്കന്മാർ. അവർ മനുഷ്യരെ വിഴുങ്ങുന്നു; സമ്പത്തും വിലപ്പെട്ട വസ്തുക്കളും അപഹരിക്കുന്നു; അവർ അനവധി സ്‍ത്രീകളെ വിധവകളാക്കുന്നു. 26അതിലെ പുരോഹിതന്മാർ എന്റെ നിയമം ലംഘിക്കുകയും എന്റെ വിശുദ്ധവസ്തുക്കൾ അശുദ്ധമാക്കുകയും ചെയ്തിരിക്കുന്നു. വിശുദ്ധവും അശുദ്ധവുമായ വസ്തുക്കളെ അവർ വേർതിരിച്ചു കാണുന്നില്ല. നിർമലവും മലിനവും തമ്മിലുള്ള വ്യത്യാസം അവർ പഠിപ്പിക്കുന്നില്ല. എന്റെ ശബത്തുകളെ അവർ അനാദരിക്കുന്നു; അങ്ങനെ അവരുടെ ഇടയിൽ ഞാൻ നിന്ദിതനായിരിക്കുന്നു. 27അവരുടെ പ്രഭുക്കന്മാർ ഇരയെ കടിച്ചുകീറുന്ന ചെന്നായ്‍ക്കളാണ്. കൊള്ളലാഭത്തിനുവേണ്ടി അവർ രക്തം ചൊരിയുകയും കൊലപാതകം നടത്തുകയും ചെയ്യുന്നു. 28അതിലെ പ്രവാചകന്മാർ വ്യാജദർശനങ്ങൾ കാണുകയും സർവേശ്വരൻ അരുളപ്പാടു നല്‌കാതിരിക്കെ സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു എന്നു പ്രസ്താവിക്കുകയും ചെയ്തുകൊണ്ട് അതിനെ വെള്ളപൂശുന്നു. 29തദ്ദേശവാസികൾ പിടിച്ചുപറിക്കുകയും കൊള്ള നടത്തുകയും ചെയ്യുന്നു. ദരിദ്രരെയും അഗതികളെയും അവർ മർദിക്കുകയും പരദേശികളെ അന്യായമായി പീഡിപ്പിക്കുകയും ചെയ്യുന്നു. 30ഞാൻ ആ ദേശത്തെ നശിപ്പിക്കാതിരിക്കാൻവേണ്ടി കോട്ട പണിയാനും അതിന്റെ വിള്ളലുകളിൽ നിലയുറപ്പിക്കാനും ഒരുക്കമുള്ള ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു. പക്ഷേ, ആരെയും ഞാൻ കണ്ടില്ല. 31അതുകൊണ്ട് എന്റെ രോഷം അവരുടെമേൽ ചൊരിഞ്ഞു; എന്റെ ക്രോധാഗ്നിയിൽ ഞാൻ അവരെ ദഹിപ്പിച്ചു. അവരുടെ പ്രവൃത്തികൾക്കു തക്ക ശിക്ഷ അവർക്കു നല്‌കുകയും ചെയ്തിരിക്കുന്നു എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.

Currently Selected:

EZEKIELA 22: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in