EZEKIELA 18:25-32
EZEKIELA 18:25-32 MALCLBSI
സർവേശ്വരന്റെ വഴി നീതിപൂർവമല്ല എന്നു നിങ്ങൾ പറയുന്നു. ഇസ്രായേൽജനമേ, കേൾക്കുക; എന്റെ വഴി നീതിപൂർവകമല്ലേ? നിങ്ങളുടെ മാർഗമല്ലേ നീതികെട്ടത്? നീതിമാൻ നീതിയുടെ മാർഗം വെടിഞ്ഞ് അധർമം പ്രവർത്തിച്ചാൽ അവൻ തന്മൂലം മരിക്കും. താൻ ചെയ്ത അകൃത്യം നിമിത്തം അവൻ മരിക്കുകതന്നെ ചെയ്യും. ദുഷ്ടൻ താൻ ചെയ്ത ദുഷ്പ്രവൃത്തികളിൽനിന്നു പിന്തിരിയുകയും നീതിയും ന്യായവും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ അവൻ തന്റെ ജീവനെ രക്ഷിക്കും. താൻ ചെയ്തിട്ടുള്ള അതിക്രമങ്ങളെക്കുറിച്ചോർത്ത് അവയിൽനിന്നു പിന്തിരിഞ്ഞതുകൊണ്ടു നിശ്ചയമായും അവൻ ജീവിക്കും; അവൻ മരിക്കയില്ല. എന്നിട്ടും സർവേശ്വരന്റെ മാർഗം നീതിപൂർവകമല്ലെന്ന് ഇസ്രായേൽജനം പറയുന്നു. ഇസ്രായേൽജനമേ, എന്റെ വഴികൾ നീതിപൂർവകമല്ലേ? നിങ്ങളുടെ വഴികളല്ലേ നീതിരഹിതമായിട്ടുള്ളത്? അതുകൊണ്ട് ഇസ്രായേൽജനമേ, നിങ്ങളെ ഓരോരുത്തരെയും നിങ്ങളുടെ പ്രവർത്തിക്കൊത്തവിധം ഞാൻ വിധിക്കും. സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: അനുതപിച്ചു നിങ്ങളുടെ എല്ലാ അതിക്രമങ്ങളിൽനിന്നും പിന്തിരിയുവിൻ. അല്ലെങ്കിൽ നിങ്ങളുടെ അകൃത്യങ്ങൾ നിങ്ങൾക്കു നാശഹേതുവായിത്തീരും. എല്ലാ അകൃത്യങ്ങളും നിങ്ങൾ ഉപേക്ഷിക്കുവിൻ. ഒരു പുതിയ ഹൃദയവും ആത്മാവും നേടുവിൻ. ഇസ്രായേൽജനമേ, നിങ്ങൾ എന്തിനു മരിക്കണം? ആരുടെയും മരണത്തിൽ ഞാൻ സന്തോഷിക്കുന്നില്ല. അതുകൊണ്ട് നിങ്ങൾ പശ്ചാത്തപിച്ചു ജീവിക്കുക എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.