EZEKIELA 11
11
യെരൂശലേമിന്റെമേൽ ന്യായവിധി
1ദൈവാത്മാവ് എന്നെ എടുത്തു ദേവാലയത്തിന്റെ കിഴക്കേ പടിവാതില്‌ക്കൽ കൊണ്ടുവന്നു. അവിടെ ഇരുപത്തഞ്ചുപേർ നില്‌ക്കുന്നതു ഞാൻ കണ്ടു. അവരുടെ ഇടയിൽ ജനപ്രഭുക്കളായ അസ്സൂരിന്റെ മകൻ യയസന്യായെയും ബെനായായുടെ മകൻ പെലത്യായെയും ഞാൻ കണ്ടു. അവിടുന്ന് എന്നോട് അരുളിച്ചെയ്തു: 2“മനുഷ്യപുത്രാ, ഇവരാണു നഗരത്തിൽ ദുഷ്കൃത്യങ്ങൾ ആസൂത്രണം ചെയ്യുകയും ജനത്തിനു ദുരുപദേശം നല്‌കുകയും ചെയ്യുന്നത്. 3വീടുകൾ പണിയാൻ കാലമായിട്ടില്ല; ഈ നഗരം പാചകപാത്രവും നാം മാംസവും ആകുന്നു എന്ന് അവർ പറയുന്നു. 4അതുകൊണ്ട് മനുഷ്യപുത്രാ, അവർക്കെതിരെ പ്രവചിക്കുക.”
5അപ്പോൾ സർവേശ്വരന്റെ ആത്മാവ് എന്റെമേൽ വന്നു; എന്നോട് കല്പിച്ചു; സർവേശ്വരൻ അരുളിച്ചെയ്യുന്നു എന്നു പറയുക: “ഇസ്രായേൽജനമേ, നിങ്ങൾ പറയുന്നതും നിങ്ങളുടെ വിചാരങ്ങളും ഞാൻ നന്നായി അറിയുന്നു. 6നിങ്ങൾ അസംഖ്യം ആളുകളെ ഈ നഗരത്തിൽവച്ചു വധിച്ചു. മൃതശരീരങ്ങൾകൊണ്ട് നഗരവീഥികൾ നിറച്ചു. 7അതുകൊണ്ട് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “നിങ്ങൾ നഗരമധ്യത്തിൽ വധിച്ചവരുടെ മൃതശരീരങ്ങളാണു മാംസം; ഈ നഗരം പാചകപാത്രവും; എന്നാൽ ഞാൻ നിങ്ങളെ നഗരത്തിനു പുറത്തുകൊണ്ടുവരും. 8നിങ്ങൾ വാളിനെ ഭയന്നു; നിങ്ങളുടെമേൽ ഞാൻ വാൾ വരുത്തും. ഇതു സർവേശ്വരനായ കർത്താവിന്റെ വചനം. 9നഗരമധ്യത്തിൽനിന്നു നിങ്ങളെ ഞാൻ പുറത്തുകൊണ്ടുവന്നു വിദേശികളുടെ കൈയിൽ ഏല്പിക്കും. അങ്ങനെ ഞാൻ നിങ്ങളുടെമേൽ ന്യായവിധി നടത്തും. 10ഇസ്രായേലിന്റെ അതിർത്തിയിൽ വച്ചു തന്നെ നിങ്ങൾ വിധിക്കപ്പെടും. അങ്ങനെ ഞാനാണ് സർവേശ്വരൻ എന്ന് എല്ലാവരും അറിയും. 11ഈ നഗരം നിങ്ങൾക്കു പാചകപാത്രമോ നിങ്ങൾ അതിനകത്തു മാംസമോ ആയിരിക്കുകയില്ല. ഇസ്രായേലിന്റെ അതിർത്തിയിൽ വച്ചുതന്നെ ഞാൻ നിങ്ങളെ ന്യായം വിധിക്കും. 12അങ്ങനെ ഞാനാണു സർവേശ്വരനെന്നു നിങ്ങൾ അറിയും. എന്റെ കല്പനകൾ അനുസരിച്ചു നിങ്ങൾ നടന്നില്ല; എന്റെ പ്രമാണങ്ങൾ നിങ്ങൾ പാലിച്ചതുമില്ല. എന്നാൽ ചുറ്റുമുള്ള ജനതകളുടെ പ്രമാണങ്ങൾ അനുസരിച്ചു നിങ്ങൾ ജീവിച്ചു.”
13ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ബെനായായുടെ മകനായ പെലത്യാ മരിച്ചു. അപ്പോൾ ഞാൻ സാഷ്ടാംഗം വീണ് ഉറക്കെ നിലവിളിച്ചു. “സർവേശ്വരനായ കർത്താവേ, അവിടുന്ന് ഇസ്രായേലിൽ അവശേഷിച്ചിരിക്കുന്നവരെ നിശ്ശേഷം നശിപ്പിക്കുമോ?”
പ്രവാസികളോടു ദൈവത്തിന്റെ വാഗ്ദാനം
14സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: 15“മനുഷ്യപുത്രാ, സർവേശ്വരനോട് അകന്നു നില്‌ക്കുക. യെരൂശലേംനിവാസികൾ നിന്റെ സഹോദരരോടും സഹപ്രവാസികളോടും സർവ ഇസ്രായേൽജനത്തോടും ഞങ്ങൾക്കാണ് ഈ ദേശം അവകാശപ്പെട്ടിരിക്കുന്നത് എന്ന് പറഞ്ഞല്ലോ. 16അതുകൊണ്ടു നീ അവരോടു പറയുക: സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ അവരെ ദൂരെയുള്ള ജനതകളുടെ ഇടയിലേക്ക് അകറ്റിക്കളയുകയും രാജ്യങ്ങളുടെ ഇടയിൽ ചിതറിച്ചുകളയുകയും ചെയ്തു. എങ്കിലും കുറെക്കാലത്തേക്ക് അവർ പോയിരിക്കുന്ന രാജ്യങ്ങളിൽ ഞാൻ അവരോടൊത്തു വസിക്കും. 17അതുകൊണ്ടു നീ പറയുക: “സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. വിജാതീയരുടെ ഇടയിൽനിന്നു നിങ്ങളെ ഞാൻ ഒന്നിച്ചുകൂട്ടും. ചിതറിപ്പാർക്കുന്ന രാജ്യങ്ങളിൽ നിന്നു നിങ്ങളെ കൂട്ടിച്ചേർക്കും. ഇസ്രായേൽദേശം ഞാൻ നിങ്ങൾക്കു തിരിച്ചു നല്‌കും. 18അവർ അവിടെ തിരിച്ചുവരുമ്പോൾ അവിടെ കാണുന്ന എല്ലാ നിന്ദ്യവസ്തുക്കളും മ്ലേച്ഛതകളും അവിടെ നിന്നു നീക്കിക്കളയും. 19അവർക്ക് ഞാനൊരു പുതിയ ഹൃദയം നല്‌കും. ഒരു പുതിയ ചൈതന്യം ഞാൻ അവരിൽ നിക്ഷേപിക്കും. ഞാൻ അവരുടെ ശിലാഹൃദയം നീക്കി മാംസഹൃദയം നല്‌കും. അങ്ങനെ അവർ എന്റെ കല്പന അനുസരിച്ചു ജീവിക്കുകയും എന്റെ നിയമം പാലിക്കുകയും ചെയ്യും. 20അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവും ആയിരിക്കും. 21എന്നാൽ നിന്ദ്യവസ്തുക്കളിലും മ്ലേച്ഛതകളിലും ഹൃദയം അർപ്പിച്ചിരിക്കുന്നവരെ അവരുടെ പ്രവൃത്തികൾക്കൊത്തവിധം ഞാൻ ശിക്ഷിക്കും എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.
ദൈവതേജസ്സ് യെരൂശലേം വിടുന്നു
22പിന്നീട് കെരൂബുകൾ ചിറകുകൾ ഉയർത്തി, പാർശ്വങ്ങളിലുള്ള ചക്രങ്ങളും ഉയർന്നു. ഇസ്രായേലിലെ ദൈവത്തിന്റെ തേജസ്സ് അവയ്‍ക്കുമീതെ ഉണ്ടായിരുന്നു. 23സർവേശ്വരന്റെ തേജസ്സ് നഗരമധ്യത്തിൽ നിന്നുയർന്നു നഗരത്തിനു കിഴക്കുള്ള മലമുകളിൽ ചെന്നുനിന്നു. 24ദൈവാത്മാവ് എന്നെ ഉയർത്തി ബാബിലോണിലുള്ള പ്രവാസികളുടെ അടുത്തേക്കു മടക്കിക്കൊണ്ടുപോയതായി ഞാൻ ദർശനത്തിൽ കണ്ടു. ഞാൻ കണ്ട ദർശനം അപ്രത്യക്ഷമായി. 25സർവേശ്വരൻ എനിക്കു കാണിച്ചുതന്നതെല്ലാം ഞാൻ പ്രവാസികളോടു പറഞ്ഞു.
Currently Selected:
EZEKIELA 11: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.