YouVersion Logo
Search Icon

EXODUS 37

37
ഉടമ്പടിപ്പെട്ടകം
(പുറ. 25:10-22)
1ബെസലേൽ കരുവേലകംകൊണ്ടു പെട്ടകം നിർമ്മിച്ചു; അതിന് നീളം രണ്ടര മുഴം, വീതി ഒന്നര മുഴം, ഉയരം ഒന്നര മുഴം. 2അതിന്റെ അകവും പുറവും തങ്കം പൊതിഞ്ഞു; ചുറ്റും സ്വർണംകൊണ്ടു വക്കു പിടിപ്പിക്കുകയും ചെയ്തു. 3ഓരോ മൂലയ്‍ക്കും ഓരോന്നു വീതം നാലു സ്വർണവളയങ്ങളുണ്ടാക്കി; രണ്ടെണ്ണം ഒരു വശത്തും രണ്ടെണ്ണം മറുവശത്തും. 4കരുവേലകംകൊണ്ടു തണ്ടുകളുണ്ടാക്കി സ്വർണം പൊതിഞ്ഞു. 5പെട്ടകം വഹിക്കുന്നതിനു തണ്ടുകൾ വളയങ്ങളിലൂടെ കടത്തി. 6രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയുമുള്ള മേൽമൂടി തങ്കംകൊണ്ടുണ്ടാക്കി. 7അടിച്ചുപരത്തിയ സ്വർണത്തകിടുകൊണ്ടു കെരൂബുകളെ നിർമ്മിച്ചു മൂടിയുടെ രണ്ടറ്റത്തും ഉറപ്പിച്ചു. 8രണ്ടറ്റത്തും ഉറപ്പിച്ചിരിക്കുന്ന കെരൂബുകളും മേൽമൂടിയും ഒന്നായി ചേർന്നിരിക്കത്തക്കവിധമാണ് അത് ഉണ്ടാക്കിയത്. 9അഭിമുഖം നിന്ന കെരൂബുകൾ, വിരിച്ച ചിറകുകൾകൊണ്ട് മേൽമൂടിയെ മറച്ചിരുന്നു.
കാഴ്ചയപ്പം വയ്‍ക്കുന്ന മേശ
(പുറ. 25:23-30)
10കരുവേലകംകൊണ്ട് രണ്ടു മുഴം നീളവും ഒരു മുഴം വീതിയും ഒന്നര മുഴം ഉയരവുമുള്ള ഒരു മേശ നിർമ്മിച്ചു. 11തങ്കംകൊണ്ട് അതു പൊതിയുകയും മുകൾഭാഗത്തിനു ചുറ്റും സ്വർണംകൊണ്ടു വക്കു പിടിപ്പിക്കുകയും ചെയ്തു. 12മേശയ്‍ക്കു ചുറ്റും കൈപ്പത്തിയുടെ വീതിയിൽ ചട്ടവും ചട്ടത്തിനു ചുറ്റും സ്വർണംകൊണ്ടു വക്കും പിടിപ്പിച്ചു. 13നാലു സ്വർണവളയങ്ങളുണ്ടാക്കി അവ നാലു മൂലയ്‍ക്കുമുള്ള കാലുകളിൽ ഘടിപ്പിച്ചു. 14മേശ ചുമക്കാനുള്ള തണ്ടുകൾ ഇടാനുള്ള വളയങ്ങൾ ഉറപ്പിച്ചതു ചട്ടങ്ങളോടു ചേർന്നായിരുന്നു. 15ചുമക്കാനുള്ള തണ്ടുകൾ കരുവേലകംകൊണ്ടു നിർമ്മിച്ചു സ്വർണം പൊതിഞ്ഞു. 16മേശയുടെ മുകളിൽ വയ്‍ക്കാനുള്ള തളികകൾ, കോപ്പകൾ, ഭരണികൾ, പാനീയയാഗത്തിനുള്ള പാത്രങ്ങൾ ഇവയെല്ലാം തങ്കത്തിൽ നിർമ്മിച്ചു.
വിളക്കുകാൽ
(പുറ. 25:31-40)
17അയാൾ തങ്കംകൊണ്ടു വിളക്കുതണ്ടുണ്ടാക്കി; അതിന്റെ ചുവടും തണ്ടും സ്വർണത്തകിടുകൊണ്ടാണ് നിർമ്മിച്ചത്; അതിലെ അലങ്കാരപുഷ്പപുടങ്ങളും മൊട്ടുകളും ദലങ്ങളും ചേർന്ന് ഒറ്റപ്പണിയായിത്തന്നെ അതു നിർമ്മിച്ചു. 18വിളക്കുതണ്ടിന്റെ ഇരുവശങ്ങളിലും മൂന്നു വീതം ആകെ ആറു ശിഖരങ്ങൾ ഉണ്ടായിരുന്നു. 19ആറു ശിഖരങ്ങളിൽ ഓരോന്നിനും ബദാംപുഷ്പംപോലെ അലങ്കാരപ്പണികൾ ചെയ്ത മൂന്നു പുഷ്പങ്ങളും മൊട്ടുകളും ദലങ്ങളും ഉണ്ടായിരുന്നു. 20മൊട്ടുകളും ദലങ്ങളും കൂടി ബദാംപൂവിന്റെപോലെ നാലു പുഷ്പപുടങ്ങൾ വിളക്കുതണ്ടിൽ ഉണ്ടായിരുന്നു. 21മൂന്നു ശാഖയ്‍ക്കും താഴെ ഓരോ മൊട്ട് ഉണ്ടായിരുന്നു. 22മൊട്ടുകളും ശിഖരങ്ങളും വിളക്കുതണ്ടും എല്ലാംചേർന്ന് ഒരു ശില്പമായി അടിച്ചുപണിത് തങ്കംകൊണ്ട് അതു നിർമ്മിച്ചു. 23അയാൾ വിളക്കുതണ്ടിന്റെ ഏഴു വിളക്കുകളും അതിന്റെ കരിന്തിരി നീക്കുന്ന കത്രികകളും കരിന്തിരി ഇടാനുള്ള തട്ടങ്ങളും തങ്കംകൊണ്ടുതന്നെ ഉണ്ടാക്കി. 24എല്ലാ ഉപകരണങ്ങളും നിർമ്മിക്കുന്നതിന് ഒരു താലന്ത് തങ്കം വേണ്ടിവന്നു.
ധൂപപീഠം
(പുറ. 30:1-8)
25അയാൾ കരുവേലകംകൊണ്ടു ധൂപപീഠം നിർമ്മിച്ചു; അതിന്റെ നീളം ഒരു മുഴവും വീതി ഒരു മുഴവും ഉയരം രണ്ടു മുഴവും ആയിരുന്നു. അതിന്റെ കൊമ്പുകൾ പീഠത്തോടു ചേർത്ത് ഒന്നായി നിർമ്മിച്ചു. 26അതിന്റെ മേൽഭാഗവും വശങ്ങളും കൊമ്പുകളും തങ്കംകൊണ്ടു പൊതിഞ്ഞു; ചുറ്റും സ്വർണംകൊണ്ടു വക്കു പിടിപ്പിച്ചു. 27അതു വഹിക്കുന്നതിനുള്ള തണ്ടുകൾ ഇടുന്നതിനു വക്കിനു താഴെ എതിർവശങ്ങളിൽ രണ്ടു സ്വർണവളയങ്ങളും ഉറപ്പിച്ചു. 28തണ്ടുകൾ കരുവേലകംകൊണ്ടു നിർമ്മിച്ച് സ്വർണം പൊതിഞ്ഞു. 29വിദഗ്ദ്ധനായ സുഗന്ധദ്രവ്യനിർമ്മാതാവിനെപ്പോലെ അയാൾ വിശുദ്ധ അഭിഷേകതൈലവും സുഗന്ധധൂപക്കൂട്ടും ഉണ്ടാക്കി.

Currently Selected:

EXODUS 37: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in