YouVersion Logo
Search Icon

EXODUS 31

31
തിരുസാന്നിധ്യകൂടാരത്തിന്റെ ശില്പികൾ
1സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 2“യെഹൂദാഗോത്രത്തിൽ ഹൂരിന്റെ പൗത്രനും ഊരിയുടെ പുത്രനുമായ ബെസലേലിനെ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു. 3സ്വർണം, വെള്ളി, ഓട് ഇവകൊണ്ടു കലാരൂപങ്ങൾ നിർമ്മിക്കുക; 4പതിക്കാനുള്ള രത്നങ്ങൾ ചെത്തി മിനുക്കുക; തടിയിൽ കൊത്തുപണികൾ ചെയ്യുക മുതലായ 5എല്ലാ ശില്പവേലകൾക്കും ആവശ്യമായ ജ്ഞാനവും ബുദ്ധിയും അറിവും കരവിരുതും ഉണ്ടാകാൻ ഞാൻ അവനെ ദിവ്യചൈതന്യംകൊണ്ട് നിറച്ചിരിക്കുന്നു. 6അവനോടൊപ്പം പണിചെയ്യാൻ ദാൻഗോത്രത്തിൽപ്പെട്ട അഹീസാമാക്കിന്റെ പുത്രനായ ഒഹൊലിയാബിനെയും നിയമിച്ചിട്ടുണ്ട്; ഞാൻ കല്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിനുവേണ്ടി മറ്റു കരകൗശലവിദഗ്ദ്ധന്മാർക്കും പ്രത്യേക സാമർഥ്യം ഞാൻ നല്‌കിയിരിക്കുന്നു. 7തിരുസാന്നിധ്യകൂടാരം, സാക്ഷ്യപെട്ടകം, കൃപാസനം, കൂടാരത്തിനുള്ളിലുള്ള ഉപകരണങ്ങൾ, 8അതായത് മേശയും അതിന്റെ ഉപകരണങ്ങളും, തങ്കനിർമ്മിതമായ വിളക്കുതണ്ടും അതിന്റെ ഉപകരണങ്ങളും 9ധൂപപീഠവും ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങളും ക്ഷാളനപാത്രവും അതിന്റെ പീഠവും 10പുരോഹിതനായ അഹരോന്റെയും പുത്രന്മാരുടെയും പൗരോഹിത്യശുശ്രൂഷയ്‍ക്കുള്ള വിശിഷ്ട വസ്ത്രങ്ങൾ, 11അഭിഷേകതൈലം, വിശുദ്ധസ്ഥലത്ത് ആവശ്യമായ സുഗന്ധധൂപക്കൂട്ട് എന്നിവ ഞാൻ നിന്നോടു കല്പിച്ചതുപോലെ തന്നെ അവർ ഉണ്ടാക്കും.”
ശബത്താചരണം
12സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 13“ഇസ്രായേൽജനത്തോടു പറയുക; നിങ്ങൾ എന്റെ ശബത്ത് ആചരിക്കണം. സർവേശ്വരനായ ഞാനാണ് നിങ്ങളെ വിശുദ്ധീകരിച്ചു വേർതിരിച്ചതെന്ന് നിങ്ങൾ അറിയാൻ ഇത് എനിക്കും നിങ്ങളുടെ ഭാവിതലമുറകൾക്കും ഇടയിൽ എന്നേക്കും നിലനില്‌ക്കുന്ന അടയാളങ്ങളായിരിക്കും. 14നിങ്ങൾ ശബത്ത് ആചരിക്കണം; അതു നിങ്ങൾക്കു വിശുദ്ധമാണ്. അത് അശുദ്ധമാക്കുന്നവനെ കൊന്നുകളയണം; അന്ന് ജോലി ചെയ്യുന്നവനെ ജനങ്ങളുടെ ഇടയിൽനിന്നു ഛേദിക്കണം. 15ആറു ദിവസം ജോലി ചെയ്യണം; ഏഴാം ദിവസം വിശ്രമിക്കാനുള്ള ശബത്താണ്; അതു സർവേശ്വരന്റെ വിശുദ്ധദിനം; ആ ദിവസം ജോലി ചെയ്യുന്നവനെ കൊന്നുകളയണം. 16ഇസ്രായേലിന്റെ സകല തലമുറകളും ശബത്ത് ആചരിക്കണമെന്നതു ശാശ്വതമായ ഉടമ്പടിയാകുന്നു. 17അത് എനിക്കും ഇസ്രായേൽജനത്തിനും ഇടയിലുള്ള ശാശ്വതമായ അടയാളമാകുന്നു. ആറു ദിവസംകൊണ്ട് സർവേശ്വരൻ ആകാശവും ഭൂമിയും സൃഷ്‍ടിച്ചു; ഏഴാം ദിവസം അവിടുന്നു സ്വസ്ഥനായിരുന്നു; അതിന്റെ അടയാളമാണിത്.
18സീനായ്മലയിൽവച്ചു മോശയോടു സംസാരിച്ചശേഷം ദൈവം തന്റെ വിരൽകൊണ്ട് എഴുതിയ കല്പനകൾ അടങ്ങിയ സാക്ഷ്യത്തിന്റെ രണ്ടു കല്പലകകൾ മോശയെ ഏല്പിച്ചു.

Currently Selected:

EXODUS 31: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in