EXODUS 3
3
ദൈവം മോശയെ വിളിക്കുന്നു
1മോശ തന്റെ ഭാര്യാപിതാവും മിദ്യാനിലെ പുരോഹിതനുമായ യിത്രോയുടെ ആടുകളെ മേയ്‍ക്കുകയായിരുന്നു. ഒരു ദിവസം മരുഭൂമിയുടെ പടിഞ്ഞാറുഭാഗത്തേക്ക് അദ്ദേഹം ആടുകളെ നയിച്ചു. അങ്ങനെ ദൈവത്തിന്റെ പർവതമായ ഹോറേബിൽ എത്തി. 2അവിടെ മുൾപ്പടർപ്പിന്റെ നടുവിൽ അഗ്നിജ്വാലയുടെ മധ്യേ സർവേശ്വരന്റെ ദൂതൻ മോശയ്‍ക്കു പ്രത്യക്ഷനായി. മുൾപ്പടർപ്പ് എരിയാതെ തീ കത്തുന്നത് മോശ ശ്രദ്ധിച്ചു. 3“മുൾപ്പടർപ്പ് എരിഞ്ഞുപോകാതെയിരിക്കുന്നത് അദ്ഭുതം തന്നെ, ഞാൻ അതൊന്നു പോയിനോക്കട്ടെ” എന്നു മോശ സ്വയം പറഞ്ഞു. 4മോശ അതു കാണുന്നതിന് അടുത്തുവരുന്നതു കണ്ടപ്പോൾ ദൈവം, “മോശേ, മോശേ” എന്നു മുൾപ്പടർപ്പിന്റെ നടുവിൽനിന്നു വിളിച്ചു. “അടിയൻ ഇതാ” എന്നു മോശ പ്രതിവചിച്ചു. 5അപ്പോൾ ദൈവം കല്പിച്ചു. “ഇങ്ങോട്ട് അടുത്തുവരരുത്; നീ നില്‌ക്കുന്ന സ്ഥലം വിശുദ്ധമാകയാൽ കാലിൽനിന്ന് ചെരുപ്പ് ഊരിക്കളയുക. 6ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമാകുന്നു. അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവംതന്നെ.” ദൈവത്തെ നോക്കാൻ ഭയപ്പെട്ട് മോശ മുഖം മൂടി. 7പിന്നീട് സർവേശ്വരൻ അരുളിച്ചെയ്തു: “ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ നന്നായി അറിയുന്നു; മേൽനോട്ടക്കാരുടെ ക്രൂരത നിമിത്തമുള്ള അവരുടെ നിലവിളി ഞാൻ കേൾക്കുന്നു; അവരുടെ ദുരിതം ഞാൻ മനസ്സിലാക്കുന്നു. 8ഈജിപ്തുകാരിൽനിന്ന് അവരെ മോചിപ്പിച്ച് ഫലഭൂയിഷ്ഠവും ഐശ്വര്യസമ്പൂർണവുമായ വിശാലഭൂമിയിലേക്ക്, പാലും തേനും ഒഴുകുന്ന ദേശത്തേക്ക് ഞാൻ അവരെ നയിക്കും. ഞാൻ അതിനായി ഇറങ്ങി വന്നിരിക്കുന്നു. കനാന്യരും ഹിത്യരും അമോര്യരും പെരിസ്യരും ഹിവ്യരും യെബൂസ്യരും പാർക്കുന്ന സ്ഥലത്തേക്കു തന്നെ. 9ഇസ്രായേൽജനത്തിന്റെ നിലവിളി എന്റെ കാതുകളിൽ എത്തിയിരിക്കുന്നു; ഈജിപ്തുകാർ അവരെ പീഡിപ്പിക്കുന്നതു ഞാൻ കണ്ടിരിക്കുന്നു. 10വരിക, എന്റെ ജനമായ ഇസ്രായേല്യരെ ഈജിപ്തിൽനിന്നു മോചിപ്പിക്കാൻ ഞാൻ നിന്നെ ഫറവോയുടെ അടുക്കലേക്കയയ്‍ക്കും.” 11“ഫറവോയുടെ അടുക്കൽ പോയി ഇസ്രായേല്യരെ ഈജിപ്തിൽനിന്നു മോചിപ്പിക്കാൻ ഞാൻ ആരാണ്” എന്നു മോശ ദൈവത്തോടു ചോദിച്ചു. 12ദൈവം അരുളിച്ചെയ്തു: “ഞാൻ നിന്റെ കൂടെയുണ്ടായിരിക്കും. ജനത്തെ ഈജിപ്തിൽനിന്നു കൂട്ടിക്കൊണ്ടുവരുമ്പോൾ ഈ പർവതത്തിൽ നിങ്ങൾ എന്നെ ആരാധിക്കും; ഞാൻ നിന്നെ അയച്ചു എന്നതിന് ഇത് അടയാളമായിരിക്കും.” 13മോശ ദൈവത്തോടു ചോദിച്ചു: “ഞാൻ ഇസ്രായേൽജനത്തോടു നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറയുമ്പോൾ ‘എന്താകുന്നു അവിടുത്തെ നാമം’ എന്ന് അവർ ചോദിക്കും. അപ്പോൾ ഞാൻ എന്തു പറയണം?” 14ദൈവം അരുളിച്ചെയ്തു: “ഞാൻ ആകുന്നവൻ ഞാൻ തന്നെ. ഞാനാകുന്നവൻ തന്നെ, എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു എന്നു ഇസ്രായേൽജനത്തോടു പറയുക.” 15ദൈവം മോശയോടു വീണ്ടും പറഞ്ഞു: “അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ സർവേശ്വരൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്ന് ഇസ്രായേൽജനത്തോടു പറയണം. ഇതാണ് എന്റെ ശാശ്വതനാമം; തലമുറതലമുറയായി ഞാൻ ഈ പേരിൽ അറിയപ്പെടും. 16നീ പോയി ഇസ്രായേൽപ്രമാണികളെ വിളിച്ചുകൂട്ടി പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ സർവേശ്വരൻ പ്രത്യക്ഷപ്പെട്ട് എന്നോട് അരുളിച്ചെയ്തു: ‘ഞാൻ നിങ്ങളെ പൂർണമായി മനസ്സിലാക്കുകയും ഈജിപ്തുകാർ നിങ്ങളോടു ചെയ്യുന്നതു കാണുകയും ചെയ്തിരിക്കുന്നു. 17ഈജിപ്തിലെ ദുരിതങ്ങളിൽനിന്നു നിങ്ങളെ മോചിപ്പിച്ച് കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവർ പാർക്കുന്ന, പാലും തേനും ഒഴുകുന്ന ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു.’ 18“നീ പറയുന്നത് അവർ ശ്രദ്ധിക്കും; ഇസ്രായേൽപ്രമാണികളോടൊപ്പം നീ ഈജിപ്തിലെ രാജാവിന്റെ അടുക്കൽ ചെന്നു പറയുക: ‘എബ്രായരുടെ ദൈവം ഞങ്ങൾക്കു പ്രത്യക്ഷപ്പെട്ടു; ഞങ്ങളുടെ ദൈവമായ സർവേശ്വരൻ യാഗം കഴിക്കുന്നതിനു മരുഭൂമിയിൽ മൂന്നു ദിവസത്തെ വഴി ദൂരമുള്ള ഒരു സ്ഥലത്തു പോകാൻ ഞങ്ങളെ അനുവദിച്ചാലും.’ 19ഭുജബലം കൊണ്ടല്ലാതെ ഈജിപ്തിലെ രാജാവ് നിങ്ങളെ വിടുകയില്ല എന്നെനിക്കറിയാം. 20എന്റെ ശക്തിയാൽ ഞാൻ ഈജിപ്തിൽ അദ്ഭുതങ്ങൾ പ്രവർത്തിച്ച് അവരെ ശിക്ഷിക്കും; പിന്നീട് അവൻ നിങ്ങളെ വിട്ടയയ്‍ക്കും. 21ഈജിപ്തുകാരുടെ ദൃഷ്‍ടിയിൽ ഈ ജനതയോടു ഞാൻ അനുഭാവം ഉളവാക്കും. അതിനാൽ നിങ്ങൾ വെറുംകൈയോടെ പോകേണ്ടി വരികയില്ല. 22ഓരോ സ്‍ത്രീയും തന്റെ അയൽക്കാരിയോടും വീട്ടിൽ അതിഥികളായി പാർക്കുന്നവരോടും വെള്ളിയാഭരണങ്ങളും സ്വർണാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി പുത്രീപുത്രന്മാരെ അണിയിക്കണം. അങ്ങനെ ഈജിപ്തുകാരുടെ സമ്പത്തു നിങ്ങൾ കൊള്ളയടിക്കണം.”
Currently Selected:
EXODUS 3: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.