YouVersion Logo
Search Icon

EXODUS 28

28
പൗരോഹിത്യവസ്ത്രങ്ങൾ
(പുറ. 39:1-31)
1“നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെയും പുരോഹിതന്മാരായി എനിക്കു ശുശ്രൂഷ ചെയ്യാൻ ഇസ്രായേൽജനത്തിൽനിന്ന് നിന്റെ അടുക്കലേക്കു വിളിക്കുക. 2അഹരോനു ധരിക്കാൻ ശ്രേഷ്ഠവും മനോഹരവുമായ പൗരോഹിത്യവസ്ത്രം നീ ഉണ്ടാക്കണം. 3എന്റെ പുരോഹിതശുശ്രൂഷയ്‍ക്കായി അഹരോനെ അവരോധിക്കുന്നതിനുവേണ്ട വസ്ത്രങ്ങളുണ്ടാക്കാൻ ഞാൻ പ്രത്യേക നൈപുണ്യം നല്‌കിയിട്ടുള്ള എല്ലാ വിദഗ്ദ്ധന്മാരോടും പറയുക. 4മാർച്ചട്ട, ഏഫോദ്, പുറങ്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, തലപ്പാവ്, ഇടക്കെട്ട് എന്നിവയാണ് അവർ നിർമ്മിക്കേണ്ട വസ്ത്രങ്ങൾ. പുരോഹിതന്മാരായി എനിക്ക് ശുശ്രൂഷ ചെയ്യാൻ നിന്റെ സഹോദരനായ അഹരോനും പുത്രന്മാർക്കും വേണ്ട വിശുദ്ധവസ്ത്രങ്ങൾ അവരുണ്ടാക്കണം.
5അവർ അതിന് നീല, ധൂമ്രം, കടുംചുവപ്പു വർണങ്ങളുള്ള പിരിച്ച നൂലുകളും സ്വർണക്കസവും ഉപയോഗിക്കട്ടെ. 6അവർ നീല, ധൂമ്രം, കടുംചുവപ്പു നിറങ്ങളുള്ള നൂലും സ്വർണക്കസവുംകൊണ്ടു നെയ്തെടുത്ത തുണി ഉപയോഗിച്ചു വിദഗ്ദ്ധമായി ഏഫോദു നിർമ്മിക്കട്ടെ. 7അതിന്റെ ഇരുവശങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്നതിനു രണ്ടു തോൾവാറുകൾ തയ്ച്ചു പിടിപ്പിക്കണം. ഏഫോദിനായി ഉപയോഗിച്ച സ്വർണനൂൽ, നീല, ധൂമ്രം, ചുവപ്പുനൂലുകൾ, നേർത്ത ലിനൻ എന്നിവകൊണ്ട് 8ഏഫോദു കെട്ടി മുറുക്കുന്നതിനുള്ള അരപ്പട്ടയും വിദഗ്ദ്ധമായി നിർമ്മിക്കണം. 9-10രണ്ടു ഗോമേദകക്കല്ലുകളെടുത്ത് ഓരോ കല്ലിലും ആറു പേരുകൾ വീതം ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രപിതാക്കന്മാരുടെയും പേരുകൾ പ്രായക്രമമനുസരിച്ച് എഴുതണം. 11രത്നശില്പി മുദ്ര കൊത്തുന്നതുപോലെ ഇസ്രായേൽപുത്രന്മാരുടെ പേരുകൾ ആ കല്ലുകളിൽ കൊത്തിവയ്‍ക്കണം; അവ ചിത്രപ്പണി ചെയ്ത സ്വർണച്ചട്ടത്തിൽ ഉറപ്പിക്കുകയും വേണം. 12ഇസ്രായേൽമക്കളുടെ സ്മാരകമായ ഈ രണ്ടു കല്ലുകളും ഏഫോദിന്റെ രണ്ടു തോൾവാറുകളിൽ ഉറപ്പിക്കണം. അങ്ങനെ ഒരു സ്മാരകം എന്ന നിലയിൽ അവരുടെ പേരുകൾ അഹരോൻ തന്റെ ചുമലുകളിൽ സർവേശ്വരന്റെ മുമ്പാകെ വഹിച്ചുകൊണ്ടിരിക്കണം; 13ചിത്രപ്പണി ചെയ്ത സ്വർണത്തകിടുകൾ നിർമ്മിക്കുക. 14തനിത്തങ്കം കൊണ്ടുണ്ടാക്കിയ രണ്ടു ചങ്ങലകൾ പിണച്ചെടുത്ത് ആ തകിടുകളോടു ബന്ധിക്കണം. 15ഏഫോദു നിർമ്മിച്ചതുപോലെ നീല, ധൂമ്രം, കടുംചുവപ്പ് വർണങ്ങളിലുള്ള നൂലുകളും സ്വർണക്കസവും പിരിച്ചെടുത്ത ലിനൻനൂലും ഉപയോഗിച്ചു ചിത്രപ്പണികളോടുകൂടി വിദഗ്ദ്ധമായി ഒരു മാർച്ചട്ട ഉണ്ടാക്കുക; ഇത് ന്യായവിധിക്കു വേണ്ടിയുള്ളതാണ്. 16അത് ഒരു ചാൺ സമചതുരത്തിൽ രണ്ടു മടക്കുള്ളതായി ഉണ്ടാക്കണം. 17അതിൽ നാലു നിര രത്നങ്ങൾ പതിക്കണം. ഒന്നാമത്തെ നിരയിൽ മാണിക്യം, പുഷ്യരാഗം, വൈഡൂര്യം എന്നിവയും 18രണ്ടാമത്തെ നിരയിൽ മരതകം, ഇന്ദ്രനീലം, വജ്രം എന്നിവയും 19മൂന്നാമത്തെ നിരയിൽ പവിഴം, ചന്ദ്രകാന്തം, സൗഗന്ധികം എന്നിവയും 20നാലാമത്തെ നിരയിൽ പത്മരാഗം, ഗോമേദകം, സൂര്യകാന്തം എന്നിവയും സ്വർണച്ചട്ടങ്ങളിൽ ഉറപ്പിക്കണം. 21ഗോത്രങ്ങളുടെ എണ്ണമനുസരിച്ച് ഈ പന്ത്രണ്ടു കല്ലുകളിൽ ഓരോന്നിലും ഇസ്രായേൽപുത്രന്മാരുടെ പേരുകൾ മുദ്രമോതിരത്തിലെന്നപോലെ കൊത്തിയിരിക്കണം. 22മാർച്ചട്ടയ്‍ക്കുവേണ്ടിയുള്ള ചരടുകൾ തനിസ്വർണംകൊണ്ടു കയറുപോലെ പിണച്ചെടുത്തു നിർമ്മിക്കണം. 23മാർച്ചട്ടയ്‍ക്കുള്ള രണ്ടു വളയങ്ങൾ സ്വർണംകൊണ്ടു നിർമ്മിച്ച് ഇരുവശങ്ങളിലും പിടിപ്പിക്കണം. 24ഈ വളയങ്ങളിലൂടെ സ്വർണച്ചരടുകൾ കടത്തി ബന്ധിപ്പിക്കണം. 25ചരടുകളുടെ മറ്റേ അറ്റം തോൾവാറുകളിലുള്ള കൊളുത്തുകളിൽ ഏഫോദിന്റെ മുൻവശത്തു ബന്ധിപ്പിക്കണം. 26സ്വർണംകൊണ്ടു രണ്ടു വളയങ്ങൾ കൂടി ഉണ്ടാക്കി അവ മാർച്ചട്ടയുടെ താഴത്തെ മൂലകളിൽ ഉൾഭാഗത്ത് ഏഫോദിനോടടുത്തു തന്നെ ബന്ധിപ്പിക്കണം. 27വേറേ രണ്ടു സ്വർണവളയങ്ങൾ കൂടിയുണ്ടാക്കി അവയെ ഏഫോദിന്റെ തോൾവാറുകളിൽ കീഴ്ഭാഗത്ത് വിദഗ്ദ്ധമായി നിർമ്മിച്ചിട്ടുള്ള അരപ്പട്ടയ്‍ക്കു മുകളിൽ ഉറപ്പിക്കണം. 28മാർച്ചട്ട ഏഫോദിന്റെ മുകളിൽ മുറുകിയിരിക്കത്തക്കവിധം അതിന്റെ വളയങ്ങൾ ഏഫോദിന്റെ വളയങ്ങളുമായി അരപ്പട്ടയ്‍ക്കു മുകളിൽ വച്ച് നീലച്ചരടുകൾ കൊണ്ടു ബന്ധിക്കണം. 29അഹരോൻ വിശുദ്ധസ്ഥലത്തു പ്രവേശിക്കുമ്പോൾ ഇസ്രായേൽഗോത്രങ്ങളുടെ പേരുകളുള്ള ന്യായവിധിയുടെ മാർച്ചട്ട ധരിച്ചിരിക്കണം. അങ്ങനെ സർവേശ്വരൻ എപ്പോഴും ജനങ്ങളെ ഓർക്കാൻ ഇടയാകും. 30ന്യായവിധിയുടെ മാർച്ചട്ടയ്‍ക്കുള്ളിൽ ദൈവഹിതം അറിയാനുള്ള ഊറീമും തുമ്മീമും വയ്‍ക്കണം. സർവേശ്വരന്റെ സന്നിധിയിൽ പ്രവേശിക്കുമ്പോഴെല്ലാം അഹരോൻ അതു ധരിക്കട്ടെ; അങ്ങനെ ഇസ്രായേൽജനങ്ങളെ സംബന്ധിച്ചുള്ള ദൈവവിധി അറിയാൻ ഇടവരട്ടെ.
മറ്റു പൗരോഹിത്യവസ്ത്രങ്ങൾ
31“ഏഫോദിന്റെ മേൽക്കുപ്പായം നീലനൂൽകൊണ്ടു നിർമ്മിച്ചതായിരിക്കണം. 32അതിന്റെ നടുവിൽ തല കടത്താനുള്ള ദ്വാരം ഉണ്ടായിരിക്കണം. ആ ദ്വാരം കീറിപ്പോകാതിരിക്കാൻ പടച്ചട്ടയ്‍ക്കുള്ളതുപോലെ ദ്വാരത്തിനു ചുറ്റും നെയ്തെടുത്ത ഒരു നാട തയ്ച്ചു ചേർക്കണം. 33-34കുപ്പായത്തിന്റെ വിളുമ്പുകളിൽ നീലയും, ധൂമ്രവും, കടുംചുവപ്പുള്ള നൂലുകൾകൊണ്ട് മാതളനാരങ്ങയുടെ രൂപങ്ങളും സ്വർണമണികളും ഒന്നിടവിട്ട് തയ്ച്ചു ചേർക്കണം. 35പുരോഹിതശുശ്രൂഷ ചെയ്യുമ്പോൾ അഹരോൻ ഇത് ധരിച്ചിരിക്കണം. വിശുദ്ധസ്ഥലത്ത് അവിടുത്തെ സന്നിധിയിൽ ശുശ്രൂഷ നടത്താൻ പ്രവേശിക്കുമ്പോഴും തിരിച്ചുവരുമ്പോഴും ആ മണികളുടെ നാദം കേൾക്കണം. അല്ലാത്തപക്ഷം അയാൾ മരിക്കും.
36ഒരു തങ്കത്തകിടുണ്ടാക്കി അതിൽ മുദ്രമോതിരത്തിൽ എന്നപോലെ ‘സർവേശ്വരനു സമർപ്പിതം’ എന്നു കൊത്തിവയ്‍ക്കുക. 37ഒരു നീല നാടകൊണ്ട് ഇത് തലപ്പാവിന്റെ മുൻവശത്തു ബന്ധിക്കണം. 38അത് അഹരോൻ നെറ്റിയിൽ ധരിക്കണം. അങ്ങനെ ഇസ്രായേൽജനം അർപ്പിക്കുന്ന വഴിപാടുകളിൽ സംഭവിച്ചേക്കാവുന്ന കുറവുകൾ അഹരോൻ ഏറ്റെടുക്കണം; ആ വിശുദ്ധ വഴിപാടുകൾ സർവേശ്വരനു സ്വീകാര്യമാകാൻ ആ ലിഖിതം അഹരോന്റെ നെറ്റിയിൽ എപ്പോഴും ഉണ്ടായിരിക്കണം. 39അതിവിശിഷ്ടമായ ലിനൻനൂൽകൊണ്ട് ചിത്രപ്പണികളോടുകൂടി വിദഗ്ദ്ധമായി ഒരു നിലയങ്കി നെയ്തെടുക്കണം; ആ നൂൽകൊണ്ടുതന്നെ ഒരു തലപ്പാവും ചിത്രപ്പണികളോടുകൂടിയ ഒരു അരപ്പട്ടയും നെയ്തുണ്ടാക്കണം. 40അഹരോന്റെ പുത്രന്മാർക്ക് ശ്രേഷ്ഠതയും സൗന്ദര്യവും ഉണ്ടാകത്തക്കവിധം അങ്കിയും അരപ്പട്ടയും തൊപ്പിയും നിർമ്മിക്കണം. 41നീ അവയെ നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും ധരിപ്പിച്ച് അവരെ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യാൻ അഭിഷേകം ചെയ്തു വേർതിരിച്ചു നിയോഗിക്കണം. 42അവരുടെ നഗ്നത മറയ്‍ക്കാൻ അരമുതൽ തുടവരെ നീണ്ടുകിടക്കുന്ന കാൽച്ചട്ടയും ഉണ്ടാക്കണം. 43അഹരോനും അവന്റെ പുത്രന്മാരും തിരുസാന്നിധ്യകൂടാരത്തിൽ പ്രവേശിക്കുമ്പോഴും യാഗപീഠത്തിന്റെ അടുക്കൽ ചെല്ലുമ്പോഴും അതു ധരിക്കണം; അല്ലെങ്കിൽ അവർ മരിക്കും. ഇത് അഹരോനും പിൻതലമുറക്കാരും എന്നേക്കും അനുഷ്ഠിക്കേണ്ട നിയമമാകുന്നു.

Currently Selected:

EXODUS 28: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in