YouVersion Logo
Search Icon

EXODUS 23

23
നീതിയും ഔചിത്യവും
1നിങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കരുത്; കള്ളസ്സാക്ഷ്യം നല്‌കി കുറ്റവാളിക്കു തുണ നില്‌ക്കരുത്. 2ഭൂരിപക്ഷത്തോടു ചേർന്നു തെറ്റു ചെയ്യരുത്; ന്യായം മറിച്ചുകളയാൻ അവരോടു ചേർന്നു വ്യവഹാരത്തിൽ സാക്ഷ്യം പറയരുത്. 3വ്യവഹാരത്തിൽ ദരിദ്രനോടു പ്രത്യേക പക്ഷപാതം കാട്ടരുത്.
4ശത്രുവിന്റെ കാളയോ കഴുതയോ കെട്ടഴിഞ്ഞ് അലയുന്നതു കണ്ടാൽ അതിനെ അവന്റെ അടുക്കൽ എത്തിക്കണം. 5നിന്നെ ദ്വേഷിക്കുന്നവന്റെ കഴുത ഭാരവുമായി വീണുകിടക്കുന്നതു കണ്ടാൽ, അതിനെ കടന്നു പോകരുത്; അതിനെ എഴുന്നേല്പിക്കാൻ തീർച്ചയായും അവനെ സഹായിക്കണം. 6വ്യവഹാരത്തിൽ ദരിദ്രന് നീതി നിഷേധിക്കരുത്. 7വ്യാജാരോപണങ്ങൾ ഉന്നയിക്കരുത്. നിഷ്കളങ്കനെയും നീതിമാനെയും കൊല്ലാൻ ഇടവരരുത്. ദുഷ്ടനെ ഞാൻ വെറുതെ വിടുകയില്ല. 8നീ കൈക്കൂലി വാങ്ങരുത്. അതു കാഴ്ചയുള്ളവന്റെ കണ്ണ് അന്ധമാക്കുകയും നീതിമാനു ന്യായം നിഷേധിക്കുകയും ചെയ്യുന്നു. 9പരദേശിയെ നിങ്ങൾ കഷ്ടപ്പെടുത്തരുത്. ഈജിപ്തിൽ പരദേശികളായിരുന്ന നിങ്ങൾക്ക് പരദേശിയുടെ വികാരങ്ങൾ അറിയാമല്ലോ.
ഏഴാം വത്സരവും ഏഴാം ദിവസവും
10“ആറു വർഷം നിങ്ങൾക്ക് നിലങ്ങളിൽ വിതച്ചു വിളവെടുക്കാം. 11എന്നാൽ ഏഴാം വർഷം അതു തരിശായി ഇടണം. അതിലുണ്ടാകുന്ന വിളവ് നിങ്ങളുടെ ഇടയിലെ ദരിദ്രന്മാർ എടുത്തുകൊള്ളട്ടെ. പിന്നീട് ശേഷിക്കുന്നത് കാട്ടുമൃഗങ്ങൾ തിന്നട്ടെ. നിങ്ങളുടെ മുന്തിരിത്തോട്ടത്തിന്റെയും ഒലിവുതോട്ടത്തിന്റെയും കാര്യത്തിലും ഇങ്ങനെതന്നെ ചെയ്യുക. 12“ആറു ദിവസം നിങ്ങളുടെ ജോലികൾ ചെയ്യുക. ഏഴാം ദിവസം വിശ്രമിക്കണം. അങ്ങനെ നിങ്ങളുടെ കാളയും കഴുതയും വിശ്രമിക്കട്ടെ. അടിമകളും പരദേശികളും അന്നു വിശ്രമിച്ച് ഉന്മേഷം പ്രാപിക്കട്ടെ. 13ഞാൻ നിങ്ങളോടു പറഞ്ഞ കാര്യങ്ങളിലെല്ലാം ശ്രദ്ധ വയ്‍ക്കണം. അന്യദേവന്മാരുടെ നാമം ഉച്ചരിക്കരുത്. അവ നിങ്ങളുടെ നാവിൽനിന്നു കേൾക്കുകയും അരുത്.
മൂന്നു പ്രധാന ഉത്സവങ്ങൾ
(പുറ. 34:18-24)
14“ആണ്ടിൽ മൂന്നു തവണ നിങ്ങൾ എനിക്ക് ഉത്സവം ആചരിക്കണം. 15പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ നിങ്ങൾ ആചരിക്കണം. ഞാൻ കല്പിച്ചിട്ടുള്ളതുപോലെ ആബീബുമാസത്തിൽ നിശ്ചിതസമയമായ ഏഴു ദിവസത്തേക്കു നിങ്ങൾ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. അന്നായിരുന്നുവല്ലോ നിങ്ങൾ ഈജിപ്തിൽനിന്നു പുറപ്പെട്ടു പോന്നത്.” “വെറുംകൈയോടെ ആരും എന്റെ സന്നിധിയിൽ വരരുത്.” 16വിതച്ച നിലം കൊയ്യുമ്പോൾ വിളവെടുപ്പു പെരുന്നാളും, വർഷാവസാനം തോട്ടങ്ങളിൽനിന്ന് ആദ്യഫലം ശേഖരിക്കുമ്പോൾ ഫലശേഖരപ്പെരുന്നാളും ആഘോഷിക്കണം. 17“ആണ്ടിൽ മൂന്നു തവണ പുരുഷന്മാരെല്ലാം ദൈവമായ സർവേശ്വരന്റെ സന്നിധിയിൽ വന്നുചേരണം.”
18“പുളിപ്പുള്ള അപ്പത്തോടുകൂടി യാഗരക്തം അർപ്പിക്കരുത്; പെരുന്നാളിൽ അർപ്പിക്കുന്ന മേദസ്സ് പ്രഭാതംവരെ ശേഷിപ്പിക്കുകയും അരുത്.” 19“വയലിലെ വിളവിന്റെ ആദ്യഫലം നിന്റെ ദൈവമായ സർവേശ്വരന്റെ ആലയത്തിൽ കൊണ്ടുവരണം. ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.”
വാഗ്ദാനങ്ങളും ഉപദേശങ്ങളും
20ഇതാ ഞാൻ ഒരു ദൂതനെ അയയ്‍ക്കുന്നു. യാത്രയിൽ അവൻ നിങ്ങളെ പരിപാലിക്കും. ഞാൻ ഒരുക്കിയിട്ടുള്ള ദേശത്തേക്ക് അവൻ നിങ്ങളെ നയിക്കും. 21അവൻ പറയുന്നത് ആദരപൂർവം അനുസരിക്കണം; അവനോടു മത്സരിക്കരുത്. എന്റെ നാമം അവനിലുള്ളതുകൊണ്ട് നിങ്ങളുടെ അതിക്രമങ്ങൾ അവൻ ക്ഷമിക്കുകയില്ല. 22എന്നാൽ നിങ്ങൾ അവന്റെ വാക്ക് സൂക്ഷ്മതയോടെ ശ്രദ്ധിക്കുകയും ഞാൻ പറയുന്നതെല്ലാം അനുസരിക്കുകയും ചെയ്താൽ നിങ്ങളുടെ എതിരാളികൾക്ക് ഞാൻ എതിരാളിയും നിങ്ങളുടെ ശത്രുക്കൾക്ക് ഞാൻ ശത്രുവുമായിരിക്കും. 23എന്റെ ദൂതൻ നിങ്ങളുടെ മുമ്പിൽ നടന്നു നിങ്ങളെ അമോര്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ നാട്ടിലേക്കു നയിക്കും. ഞാൻ അവരെ അവരുടെ നാട്ടിൽനിന്ന് ഉന്മൂലനം ചെയ്യും. 24നിങ്ങൾ അവരുടെ ദേവന്മാരെ നമസ്കരിക്കുകയോ ആരാധിക്കുകയോ ചെയ്യരുത്; അവരുടെ ആചാരങ്ങൾ അനുകരിക്കരുത്. അവരുടെ ദേവവിഗ്രഹങ്ങളെ പൂർണമായി നശിപ്പിക്കണം. 25നിങ്ങൾ എന്നെ, നിങ്ങളുടെ ദൈവമായ സർവേശ്വരനെത്തന്നെ ആരാധിക്കണം; അങ്ങനെ ചെയ്താൽ ഞാൻ നിങ്ങളെ സമൃദ്ധമായ ഭക്ഷണപാനീയങ്ങളാൽ അനുഗ്രഹിക്കും. നിങ്ങളുടെ രോഗങ്ങൾ നീക്കിക്കളയും. 26ഗർഭനാശമോ വന്ധ്യതയോ നിങ്ങളുടെ നാട്ടിൽ ഉണ്ടാകുകയില്ല. നിങ്ങൾക്കു ഞാൻ ദീർഘായുസ്സു നല്‌കും. 27നിങ്ങൾക്കു നേരിടേണ്ടി വരുന്ന ജനതകളിൽ എന്നെക്കുറിച്ചുള്ള ഭീതി ഞാൻ മുൻകൂട്ടി ജനിപ്പിക്കും; അവർ സംഭ്രാന്തരാകും; അവർ പിന്തിരിഞ്ഞോടും; 28ഞാൻ കടന്നലുകളെ അയച്ച് ഹിവ്യരെയും കനാന്യരെയും, ഹിത്യരെയും നിങ്ങളുടെ മുമ്പിൽനിന്ന് ഓടിച്ചുകളയും. 29എന്നാൽ ഒറ്റ വർഷംകൊണ്ട് അവരെ ഞാൻ നീക്കിക്കളയുകയില്ല. അങ്ങനെ ചെയ്താൽ ആ പ്രദേശം നിർജനമായിത്തീർന്ന് നിങ്ങൾക്ക് ഉപദ്രവകരമാകുംവിധം കാട്ടുമൃഗങ്ങൾ പെരുകും; 30നിങ്ങൾ വർധിച്ച് ദേശം കൈവശമാക്കുന്നതനുസരിച്ച് അവരെ ഞാൻ ക്രമേണ നീക്കിക്കൊണ്ടിരിക്കും. 31നിങ്ങളുടെ ദേശം ചെങ്കടൽമുതൽ മധ്യധരണിക്കടൽവരെയും, മരുഭൂമിമുതൽ യൂഫ്രട്ടീസ്നദിവരെയും വിസ്തൃതമായിരിക്കും. ഈ ദേശത്തിലെ ജനങ്ങളെ ഞാൻ നിങ്ങളുടെ കൈയിൽ ഏല്പിക്കും; നിങ്ങളുടെ മുമ്പിൽനിന്ന് അവരെ ഓടിച്ചുകളയണം; 32നിങ്ങൾ അവരുമായോ അവരുടെ ദേവന്മാരുമായോ ഉടമ്പടി ഉണ്ടാക്കരുത്; 33അവർ നിങ്ങളുടെ നാട്ടിൽ പാർക്കരുത്; പാപം ചെയ്യാൻ അവർ നിങ്ങളെ പ്രേരിപ്പിക്കും. അവരുടെ ദേവന്മാരെ ആരാധിക്കുന്നത് നിങ്ങൾക്കു കെണിയായിത്തീരും.”

Currently Selected:

EXODUS 23: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in