YouVersion Logo
Search Icon

EXODUS 2

2
മോശയുടെ ജനനം
1ആ കാലത്ത് ലേവിഗോത്രത്തിൽപ്പെട്ട ഒരാൾ അതേ ഗോത്രത്തിൽനിന്നുള്ള ഒരു പെൺകുട്ടിയെ വിവാഹം ചെയ്തു. 2അവർക്കൊരു പുത്രൻ ജനിച്ചു. ശിശു കോമളനായിരുന്നതിനാൽ അമ്മ അവനെ മൂന്നുമാസം ഒളിച്ചുവച്ചു. 3പിന്നീട് അസാധ്യമെന്നു ബോധ്യമായപ്പോൾ അവൾ ഞാങ്ങണകൊണ്ട് ഒരു പെട്ടിയുണ്ടാക്കി, വെള്ളം കയറാത്തവിധം അതിൽ പശയും കീലും തേച്ചു; കുഞ്ഞിനെ അതിൽ കിടത്തി; നൈൽനദിയുടെ തീരത്ത് ഞാങ്ങണയുടെ ഇടയിൽ വച്ചു. 4അവന് എന്തു സംഭവിക്കുമെന്ന് അറിയാൻ അവന്റെ സഹോദരി അല്പം അകലെ കാത്തുനിന്നു. 5അപ്പോൾ ഫറവോയുടെ പുത്രി നദിയിൽ കുളിക്കാൻ വന്നു; അവളുടെ തോഴിമാർ നദീതീരത്തുകൂടി നടന്നു; ഞാങ്ങണയുടെ ഇടയിലിരുന്ന പെട്ടി രാജകുമാരിയുടെ ദൃഷ്‍ടിയിൽപെട്ടു. അത് എടുത്തുകൊണ്ടുവരാൻ അവൾ തോഴിയെ അയച്ചു. 6പെട്ടി തുറന്നപ്പോൾ ഒരു ആൺകുഞ്ഞ് കരയുന്നു. രാജകുമാരിക്ക് ആ ശിശുവിനോടു കരുണ തോന്നി. അവൾ പറഞ്ഞു: “ഇത് ഒരു എബ്രായശിശുവാണ്.” 7ശിശുവിന്റെ സഹോദരി രാജകുമാരിയെ സമീപിച്ചു ചോദിച്ചു: “ഈ കുട്ടിയെ പാലൂട്ടി വളർത്താൻ ഒരു എബ്രായസ്‍ത്രീയെ ഞാൻ കൂട്ടിക്കൊണ്ടു വരണമോ?” 8“കൊണ്ടുവരിക” എന്നു രാജകുമാരി പറഞ്ഞു. അവൾ ഓടിച്ചെന്ന് കുഞ്ഞിന്റെ അമ്മയെത്തന്നെ കൂട്ടിക്കൊണ്ടുവന്നു. 9രാജകുമാരി പറഞ്ഞു: “ഈ കുഞ്ഞിനെ കൊണ്ടുപോയി എനിക്കുവേണ്ടി പാലൂട്ടി വളർത്തുക. അതിനുള്ള ശമ്പളം ഞാൻ തരാം”. ആ സ്‍ത്രീ കുഞ്ഞിനെ കൊണ്ടുപോയി വളർത്തി. 10കുഞ്ഞു വളർന്നപ്പോൾ അവൾ അവനെ രാജകുമാരിയുടെ അടുക്കൽ കൊണ്ടുചെന്നു; അങ്ങനെ അവൻ രാജകുമാരിയുടെ പുത്രനായി വളർന്നു. “ഞാൻ അവനെ വെള്ളത്തിൽനിന്നു വലിച്ചെടുത്തു” എന്നു പറഞ്ഞ് അവൾ അവനു മോശ എന്നു പേരിട്ടു.
മോശ ഓടിപ്പോകുന്നു
11പ്രായപൂർത്തിയായശേഷം ഒരു ദിവസം മോശ സ്വന്തം ജനങ്ങളുടെ അടുക്കലേക്കു ചെന്നു. അവരുടെ ജോലിയുടെ കാഠിന്യം മോശയ്‍ക്കു ബോധ്യമായി. അപ്പോൾ ഒരു എബ്രായനെ ഒരു ഈജിപ്തുകാരൻ അടിക്കുന്നതു കണ്ടു. 12അയാൾ ചുറ്റുപാടും നോക്കി. ആരുമില്ലെന്നു കണ്ടപ്പോൾ ഈജിപ്തുകാരനെ കൊന്നു മണലിൽ മറവുചെയ്തു. 13അടുത്ത ദിവസം രണ്ട് എബ്രായർ തമ്മിൽ ശണ്ഠകൂടുന്നതു മോശ കണ്ടു. അവരുടെ അടുത്തു ചെന്ന് തെറ്റു ചെയ്തവനോട്: “നിന്റെ സഹോദരനെ അടിക്കുന്നത് എന്ത്” എന്നു ചോദിച്ചു. 14അയാൾ പറഞ്ഞു: “ആരാണ് നിന്നെ ഞങ്ങളുടെ മേലധികാരിയും ന്യായാധിപനും ആക്കിയത്? ഈജിപ്തുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാൻ ഭാവിക്കുകയാണോ?” അപ്പോൾ കാര്യം പരസ്യമായല്ലോ എന്നു ചിന്തിച്ചു മോശ ഭയപ്പെട്ടു. 15ഫറവോ ഈ വിവരം അറിഞ്ഞ് മോശയെ വധിക്കാൻ ശ്രമിച്ചു. എന്നാൽ മോശ ഫറവോയുടെ പിടിയിൽപ്പെടാതെ ഒളിച്ചോടി, മിദ്യാന്യരുടെ ദേശത്തു ചെന്നു പാർത്തു. ഒരു ദിവസം മോശ ഒരു കിണറിനു സമീപം ഇരിക്കുകയായിരുന്നു. 16മിദ്യാനിലെ പുരോഹിതന് ഏഴു പുത്രിമാർ ഉണ്ടായിരുന്നു. അവർ പിതാവിന്റെ ആടുകൾക്കു വെള്ളം കൊടുക്കാൻ കിണറിന്റെ അടുത്തു വന്ന് വെള്ളം കോരി തൊട്ടികൾ നിറച്ചു. 17എന്നാൽ ഇടയന്മാർ വന്ന് അവരെ ഓടിക്കാൻ തുടങ്ങി. അപ്പോൾ മോശ അവരുടെ രക്ഷയ്‍ക്കെത്തി. പുരോഹിതന്റെ ആടുകൾക്കു വെള്ളം കൊടുക്കാൻ സഹായിച്ചു. 18അവർ പിതാവായ റെഗൂവേലിന്റെ അടുക്കൽ ചെന്നപ്പോൾ, “ഇന്നു നിങ്ങൾ ഇത്രവേഗം മടങ്ങിവന്നതെങ്ങനെ?” എന്നദ്ദേഹം ചോദിച്ചു. 19“ഒരു ഈജിപ്തുകാരൻ ഞങ്ങളെ ഇടയന്മാരിൽനിന്നു രക്ഷിച്ചു; വെള്ളം കോരി ആടുകളെ കുടിപ്പിക്കുകയും ചെയ്തു” എന്ന് അവർ പറഞ്ഞു. 20“അയാൾ എവിടെ? അയാളെ വിട്ടിട്ടു പോന്നതെന്ത്? അയാളെ ഭക്ഷണത്തിനു ക്ഷണിച്ചുകൊണ്ടുവരിക” എന്ന് അദ്ദേഹം പറഞ്ഞു. 21അങ്ങനെ മോശ അവരോടൊപ്പം പാർക്കാൻ സമ്മതിച്ചു; പുരോഹിതൻ തന്റെ മകൾ സിപ്പോറായെ മോശയ്‍ക്കു ഭാര്യയായി നല്‌കി. 22അവൾ ഒരു മകനെ പ്രസവിച്ചു; “ഞാൻ പരദേശിയായി പാർക്കുന്നവനാണല്ലോ” എന്നു പറഞ്ഞ് മോശ അവന് ഗേർശോം എന്നു പേരിട്ടു.
23കുറെക്കാലം കഴിഞ്ഞ് ഈജിപ്തിലെ രാജാവു മരിച്ചു. ഇസ്രായേൽജനം അടിമവേല നിമിത്തം നെടുവീർപ്പിട്ടു നിലവിളിച്ചു; അവരുടെ ദീനരോദനം ദൈവസന്നിധിയിലെത്തി. 24ദൈവം അവരുടെ നിലവിളി കേട്ടു; അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും ചെയ്തിരുന്ന ഉടമ്പടി അവിടുന്ന് ഓർത്തു. 25ഇസ്രായേൽജനത്തിന്റെ ദുരിതം ദൈവം കണ്ടു; അവരുടെ ദുരവസ്ഥ ദൈവം അറിഞ്ഞു.

Currently Selected:

EXODUS 2: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in