ESTHERI 8
8
യെഹൂദർക്കു സംരക്ഷണം
1അന്നുതന്നെ അഹശ്വേരോശ്‍രാജാവ് യെഹൂദാശത്രുവായ ഹാമാന്റെ വീട് എസ്ഥേർരാജ്ഞിക്കു കൊടുത്തു. മൊർദ്ദെഖായിയോടു തനിക്കുള്ള ബന്ധം എസ്ഥേർരാജ്ഞി രാജാവിനെ അറിയിച്ചതുകൊണ്ട് അയാൾക്കു രാജസന്നിധിയിൽ പ്രവേശനം ലഭിച്ചു. 2രാജാവ് ഹാമാന്റെ കൈയിൽനിന്നു തിരിച്ചെടുത്ത തന്റെ മുദ്രമോതിരം മൊർദ്ദെഖായിക്കു കൊടുത്തു. എസ്ഥേർ മൊർദ്ദെഖായിയെ ഹാമാന്റെ വസ്തുവകകളിന്മേൽ അധികാരിയാക്കി. 3എസ്ഥേർ വീണ്ടും രാജാവിനോടു സംസാരിച്ചു. ആഗാഗ്യനായ ഹാമാന്റെ ദുരുദ്ദേശ്യവും യെഹൂദർക്കെതിരെ നടത്തിയ ഗൂഢാലോചനയും നിഷ്ഫലമാക്കണമെന്ന് രാജാവിന്റെ കാല്‌ക്കൽ വീണു കരഞ്ഞ് അപേക്ഷിച്ചു. 4രാജാവ് സ്വർണച്ചെങ്കോൽ രാജ്ഞിയുടെ നേർക്കു നീട്ടി; എസ്ഥേർ രാജസന്നിധിയിൽ എഴുന്നേറ്റുനിന്നു പറഞ്ഞു: 5രാജാവിന് എന്നോടു പ്രീതി തോന്നുന്നെങ്കിൽ തിരുവുള്ളമുണ്ടായി, കാര്യം ശരിയെന്നു കരുതുന്നു എങ്കിൽ, അങ്ങേക്കു ഞാൻ പ്രിയപ്പെട്ടവളെങ്കിൽ ഈ കാര്യം ചെയ്താലും. സകല സംസ്ഥാനങ്ങളിലുമുള്ള യെഹൂദന്മാരെ നശിപ്പിക്കാൻ ആഗാഗ്യനും ഹമ്മെദാഥായുടെ പുത്രനും ആയ ഹാമാൻ തന്ത്രപൂർവം എഴുതിയ കത്തുകൾ പിൻവലിച്ചുകൊണ്ട് അവിടുന്ന് ഒരു കല്പന അയയ്‍ക്കണം. 6എന്റെ ജനത്തിനുണ്ടാകുന്ന അനർഥം ഞാൻ എങ്ങനെ കണ്ടുകൊണ്ടിരിക്കും? എന്റെ ബന്ധുജനത്തിന്റെ നാശം ഞാൻ എങ്ങനെ സഹിക്കും?”
7അഹശ്വേരോശ്‍രാജാവ് എസ്ഥേർരാജ്ഞിയോടും യെഹൂദനായ മൊർദ്ദെഖായിയോടും കല്പിച്ചു: “ഹാമാന്റെ വീട് ഞാൻ എസ്ഥേറിനു കൊടുത്തു; യെഹൂദന്മാരെ വധിക്കാൻ ശ്രമിച്ചതിന് അവനെ കഴുമരത്തിൽ തൂക്കിക്കൊന്നു. 8യെഹൂദന്മാരുടെ കാര്യത്തിൽ നിങ്ങൾക്ക് ഇഷ്ടമുളളത് എഴുതി രാജാവിന്റെ മുദ്രമോതിരം കൊണ്ട് അതു മുദ്രവയ്‍ക്കുക. രാജനാമത്തിൽ എഴുതി, രാജമോതിരത്താൽ മുദ്രവച്ച ഒരു വിളംബരവും അസ്ഥിരപ്പെടുത്താൻ സാധ്യമല്ലല്ലോ.” 9അങ്ങനെ മൂന്നാം മാസമായ സീവാൻ മാസം ഇരുപത്തിമൂന്നാം ദിവസം രാജാവിന്റെ എഴുത്തുകാരെ വിളിച്ചു വരുത്തി; ഇന്ത്യമുതൽ എത്യോപ്യാവരെയുള്ള നൂറ്റിയിരുപത്തേഴു സംസ്ഥാനങ്ങളിലെ ഭരണാധിപന്മാർക്കും ദേശാധിപതികൾക്കും പ്രഭുക്കന്മാർക്കും യെഹൂദന്മാരെ സംബന്ധിച്ചു മൊർദ്ദെഖായി കല്പിച്ചതുപോലെ ഒരു വിളംബരം എഴുതി അയച്ചു. ഓരോ സംസ്ഥാനത്തിനും അതിന്റെ ലിപിയിലും ഓരോ ജനതയ്‍ക്കും അതിന്റെ ഭാഷയിലും യെഹൂദന്മാർക്ക് അവരുടെ ഭാഷയിലും ലിപിയിലും ആണ് അത് എഴുതിയത്. 10അഹശ്വേരോശ്‍രാജാവിന്റെ നാമത്തിൽ അത് എഴുതി രാജമോതിരംകൊണ്ടു മുദ്രവച്ചു. ഈ വിളംബരം അശ്വാരൂഢരായ ദൂതന്മാർ വശം കൊടുത്തയച്ചു. രാജാവിന്റെ കുതിരലായത്തിൽ പരിപാലിക്കപ്പെടുന്നവയും അതിവേഗം ഓടുന്നവയും രാജകീയ ആവശ്യങ്ങൾക്കു മാത്രം ഉപയോഗിക്കുന്നവയുമായ കുതിരകളുടെ പുറത്തായിരുന്നു അവർ പോയത്. 11ഈ വിളംബരപ്രകാരം, ഓരോ പട്ടണത്തിലെയും യെഹൂദർക്ക്, സ്വന്തം ജീവൻ സംരക്ഷിക്കുന്നതിനുവേണ്ടി, ഒന്നിച്ചു ചേർന്നു ചെറുത്തുനില്‌ക്കാനും തങ്ങളെ ആക്രമിക്കാൻ വരുന്ന ജനതയുടെയോ സംസ്ഥാനത്തിന്റെയോ സായുധ സൈന്യങ്ങളെയും സ്‍ത്രീകളും കുട്ടികളുമടക്കം സമസ്ത ജനങ്ങളെയും നശിപ്പിക്കാനും അവരുടെ സമ്പത്തു കൊള്ളയടിക്കാനും യെഹൂദന്മാർക്ക് അധികാരം കൊടുത്തു. 12അഹശ്വേരോശ്‍രാജാവിന്റെ ഈ കല്പന സകല സംസ്ഥാനങ്ങളിലും പന്ത്രണ്ടാമത്തെ മാസമായ ആദാർമാസം പതിമൂന്നാം ദിവസത്തേക്കു മാത്രമുള്ളതായിരുന്നു. 13ആ ദിവസം ശത്രുക്കളോടു പ്രതികാരം ചെയ്യാൻ യെഹൂദർ സന്നദ്ധരായിരിക്കുന്നതിന് ഈ എഴുത്തിന്റെ ഒരു പകർപ്പ് ഓരോ സംസ്ഥാനത്തും കല്പനയായി പുറപ്പെടുവിക്കുകയും സകല ജനത്തിനുംവേണ്ടി വിളംബരം ചെയ്യുകയും വേണ്ടിയിരുന്നു. 14അങ്ങനെ രാജകല്പനയനുസരിച്ചു ദൂതന്മാർ രാജകാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന കുതിരകളുടെ പുറത്തു കയറി അതിവേഗം ഓടിച്ചുപോയി. ശൂശൻരാജധാനിയിലും ആ വിളംബരം പ്രസിദ്ധപ്പെടുത്തി. 15മൊർദ്ദെഖായി, നീലയും വെള്ളയും നിറങ്ങളുള്ള രാജകീയ വസ്ത്രങ്ങളും സ്വർണക്കിരീടവും ലിനൻനൂൽകൊണ്ടുള്ള ധൂമ്രവർണമായ മേലങ്കിയും ധരിച്ച് രാജസന്നിധിയിൽനിന്നു പുറപ്പെട്ടു. ശൂശൻനഗരം ആനന്ദംകൊണ്ട് ആർപ്പുവിളിച്ചു. 16അങ്ങനെ യെഹൂദന്മാർ പ്രസന്നരായി. അവർക്ക് സന്തോഷവും ആനന്ദവും മാന്യതയും ഉണ്ടായി. 17രാജശാസനയും വിളംബരവും ചെന്നെത്തിയ സകല സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും യെഹൂദന്മാർ സന്തുഷ്ടരായി ആഹ്ലാദിച്ചു. അത് അവർക്ക് വിശ്രമത്തിന്റെയും വിരുന്നിന്റെയും ദിവസമായിരുന്നു; യെഹൂദന്മാരെ ഭയപ്പെട്ടതുമൂലം രാജ്യനിവാസികളിൽ പലരും തങ്ങൾ യെഹൂദരെന്നു പ്രഖ്യാപിച്ചു.
Currently Selected:
ESTHERI 8: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.