YouVersion Logo
Search Icon

EFESI 6

6
കുട്ടികളും മാതാപിതാക്കളും
1മക്കളേ, നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക; അതു ന്യായവും നിങ്ങളുടെ #6:1 ‘ക്രൈസ്തവ ധർമവുമാകുന്നു’-ചില കൈയെഴുത്തു പ്രതികളിൽ ‘ധർമവുമാകുന്നു’ എന്നു മാത്രമേയുള്ളൂ. ക്രൈസ്തവ ധർമവുമാകുന്നു. 2‘നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക’ എന്നത് വാഗ്ദാനസഹിതമുള്ള ആദ്യത്തെ കല്പനയാകുന്നു. 3നിനക്ക് സകല നന്മകളും കൈവരികയും നീ ഭൂമിയിൽ ദീർഘായുസ്സോടെ ഇരിക്കുകയും ചെയ്യും എന്നുള്ളതാണ് ആ വാഗ്ദാനം.
4പിതാക്കളേ, നിങ്ങളുടെ മക്കൾ പ്രകോപിതരാകത്തക്കവണ്ണം നിങ്ങൾ അവരോട് ഇടപെടരുത്. അവരെ ക്രിസ്തീയ ഉപദേശത്തിലും ശിക്ഷണത്തിലും വളർത്തുക.
അടിമകളും ഉടമകളും
5ദാസന്മാരേ, ലോകത്തിലെ യജമാനന്മാരെ ഭയത്തോടും ബഹുമാനത്തോടും കൂടി അനുസരിക്കുക; അത് ക്രിസ്തുവിനെ എന്നവണ്ണം ആത്മാർഥതയോടുകൂടി ആയിരിക്കുകയും വേണം. 6അവരുടെ പ്രീതി നേടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുകൊണ്ട് അവർ നിങ്ങളെ നോക്കുമ്പോൾ മാത്രം അപ്രകാരം ചെയ്യാതെ ക്രിസ്തുവിന്റെ ദാസന്മാർ എന്നവണ്ണം, ദൈവം നിങ്ങളെ സംബന്ധിച്ച് ആഗ്രഹിക്കുന്നതുപോലെ പൂർണഹൃദയത്തോടുകൂടി പ്രവർത്തിക്കുക. 7കേവലം മനുഷ്യരെ എന്നവണ്ണമല്ല കർത്താവിനെ സേവിക്കുന്നതുപോലെ സന്മനസ്സോടെ നിങ്ങളുടെ പ്രവൃത്തിചെയ്യുക. 8അടിമയെന്നോ സ്വതന്ത്രനെന്നോ ഉള്ള ഭേദം കൂടാതെ ഓരോ മനുഷ്യനും ചെയ്യുന്ന നല്ല പ്രവൃത്തിക്കു തക്ക പ്രതിഫലം കർത്താവു നല്‌കുമെന്നു കരുതിക്കൊള്ളുക.
9യജമാനന്മാരേ, നിങ്ങളും നിങ്ങളുടെ ദാസന്മാരോട് അങ്ങനെതന്നെ പെരുമാറണം. ഇനി അവരെ ഭീഷണിപ്പെടുത്തരുത്. നിങ്ങളുടെയും അവരുടെയും യജമാനൻ സ്വർഗത്തിലുണ്ടല്ലോ. അവിടുന്ന് ആരുടെയും മുഖം നോക്കാതെ ഒരേ മാനദണ്ഡത്താൽ എല്ലാവരെയും വിധിക്കുന്നു.
ദൈവത്തിന്റെ ആയുധവർഗം
10അവസാനമായി കർത്താവിനോട് ഏകീഭവിച്ച് അവിടുത്തെ അജയ്യശക്തി മുഖേന നിങ്ങൾ കരുത്തുറ്റവരായിത്തീരുക. 11പിശാചിന്റെ കുതന്ത്രങ്ങളോട് എതിർത്തു നില്‌ക്കുവാൻ നിങ്ങൾ പ്രാപ്തരാകേണ്ടതിന് ദൈവം നിങ്ങൾക്കു നല്‌കുന്ന എല്ലാ ആയുധങ്ങളും ധരിച്ചുകൊള്ളുക. 12നാം പോരാടുന്നത് മനുഷ്യരോടല്ല, അധികാരങ്ങളോടും ശക്തികളോടും ഈ അന്ധകാരലോകത്തിന്റെ അധിപതികളോടും ആകാശത്തിലെ ദുഷ്ടാത്മസേനയോടുമത്രേ. 13അതുകൊണ്ട് ദൈവത്തിന്റെ എല്ലാ പടക്കോപ്പുകളും ധരിക്കുക! അങ്ങനെ ചെയ്താൽ ദുർദിനത്തിൽ ശത്രുവിന്റെ ആക്രമണത്തെ പ്രതിരോധിക്കുവാനും അവസാനംവരെ പോരാടിയശേഷവും വീഴാതെ കാലുറപ്പിച്ചു നില്‌ക്കുവാനും നിങ്ങൾക്കു കഴിയും.
14അതിനാൽ സത്യംകൊണ്ട് അരമുറുക്കിയും നീതി എന്ന കവചം ധരിച്ചും തയ്യാറായി നില്‌ക്കുക. 15സമാധാനത്തിന്റെ സുവിശേഷം പ്രഖ്യാപനം ചെയ്യുവാനുള്ള സന്നദ്ധത ആയിരിക്കട്ടെ നിങ്ങളുടെ പാദരക്ഷ. 16വിശ്വാസം എന്ന പരിച എല്ലാസമയത്തും നിങ്ങളുടെ കൈയിലുണ്ടായിരിക്കണം. തന്മൂലം ദുഷ്ടൻ തൊടുത്തുവിടുന്ന ആഗ്നേയാസ്ത്രങ്ങളെ കെടുത്തുവാൻ നിങ്ങൾക്കു കഴിയും. 17രക്ഷ പടത്തൊപ്പിയായും ദൈവവചനം ആത്മാവു നല്‌കുന്ന വാളായും സ്വീകരിച്ചുകൊള്ളുക. 18-19ആത്മാവു പ്രേരിപ്പിക്കുന്നതനുസരിച്ച് എല്ലാ സമയവും പ്രാർഥിക്കുക. എപ്പോഴും ജാഗരൂകരായിരിക്കുക. ഞാൻ സുധീരം സംസാരിക്കുകയും സുവിശേഷത്തിന്റെ മർമ്മം അറിയിക്കുകയും ചെയ്യേണ്ടതിന് ഞാൻ പ്രസംഗിക്കുമ്പോൾ ഒരു സന്ദേശം എനിക്കു ലഭിക്കുവാൻ എനിക്കുവേണ്ടി പ്രാർഥിക്കുക. എല്ലാ ദൈവജനങ്ങൾക്കുവേണ്ടിയും പ്രാർഥിക്കണം. ദൈവത്തിന്റെ സഹായം അപേക്ഷിച്ചുകൊണ്ട് ഇവയെല്ലാം ചെയ്യണം. 20ഇപ്പോൾ തടവിൽ കിടക്കുകയാണെങ്കിലും ഞാൻ സുവിശേഷത്തിന്റെ സ്ഥാനപതിയാണ്. സുവിശേഷം വേണ്ടതുപോലെ പ്രസംഗിക്കുന്നതിനുള്ള ധീരത എനിക്ക് ഉണ്ടാകുവാൻ വേണ്ടിയും പ്രാർഥിക്കണം.
അഭിവാദനങ്ങൾ
21എന്റെ വിശേഷങ്ങൾ അറിയുവാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടായിരിക്കുമല്ലോ. നമ്മുടെ പ്രിയ സഹോദരനും കർത്താവിന്റെ വിശ്വസ്ത ശുശ്രൂഷകനുമായ തിഹിക്കൊസ് എല്ലാ വിവരങ്ങളും വിശിഷ്യ ഞാൻ എന്തു ചെയ്യുന്നു എന്നും നിങ്ങളോടു പറയും. 22ഞങ്ങളെല്ലാവരും എങ്ങനെ കഴിയുന്നു എന്ന് അറിയിക്കുന്നതിനും നിങ്ങളെ ധൈര്യപ്പെടുത്തുന്നതിനുമാണ് അയാളെ നിങ്ങളുടെ അടുക്കലേക്ക് അയയ്‍ക്കുന്നത്.
23പിതാവായ ദൈവവും കർത്താവായ യേശുക്രിസ്തുവും എല്ലാ സഹോദരന്മാർക്കും സമാധാനവും വിശ്വാസത്തോടുകൂടിയ സ്നേഹവും നല്‌കുമാറാകട്ടെ. 24അക്ഷയമായ സ്നേഹത്താൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ സ്നേഹിക്കുന്ന എല്ലാവരോടുംകൂടി ദൈവത്തിന്റെ കൃപ ഉണ്ടായിരിക്കട്ടെ.

Currently Selected:

EFESI 6: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in