YouVersion Logo
Search Icon

EFESI 5:8-20

EFESI 5:8-20 MALCLBSI

ഒരിക്കൽ നിങ്ങൾ ഇരുട്ടിലായിരുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ കർത്താവിന്റെ ജനമായതുകൊണ്ട് വെളിച്ചത്തിലായിരിക്കുന്നു. അതുകൊണ്ട് പ്രകാശത്തിന് ഉള്ളവരെപ്പോലെ നിങ്ങൾ ജീവിക്കണം. എന്തെന്നാൽ പ്രകാശത്തിന്റെ ഫലമാണ് സകലവിധ നന്മയും നീതിയും സത്യവും. കർത്താവിനു പ്രസാദകരമായത് എന്തെന്നു പഠിക്കുക. അന്ധകാരത്തിന്റെ നിഷ്ഫലപ്രവൃത്തികളിൽ നിങ്ങൾ പങ്കുചേരരുത്. മറിച്ച് അവയെ വെളിച്ചത്തു കൊണ്ടുവരികയത്രേ ചെയ്യേണ്ടത്. വാസ്തവത്തിൽ അവർ ഗോപ്യമായി ചെയ്യുന്ന കാര്യങ്ങളെപ്പറ്റി പറയുന്നതുപോലും ലജ്ജാവഹമത്രേ. എല്ലാ സംഗതികളും വെളിച്ചത്തു കൊണ്ടുവരുമ്പോൾ അവയുടെ തനിസ്വഭാവം വ്യക്തമാകും. വ്യക്തമായി വെളിപ്പെടുന്നതെല്ലാം വെളിച്ചമായിത്തീരുന്നു. അതുകൊണ്ടാണ്, ഉറങ്ങുന്നവരേ ഉണരുക; മരണത്തിൽനിന്ന് എഴുന്നേല്‌ക്കുക; എന്നാൽ ക്രിസ്തു നിന്റെമേൽ പ്രകാശിക്കും എന്നു പറയുന്നത്. അതുകൊണ്ട് ജീവിക്കുന്നത് എങ്ങനെയാണ് എന്നതിനെപ്പറ്റി നിങ്ങൾ ശ്രദ്ധയുള്ളവരായിരിക്കണം. അജ്ഞാനികളെപ്പോലെയല്ല, ജ്ഞാനികളെപ്പോലെ നിങ്ങൾ ജീവിക്കുക. നിങ്ങൾക്കു ലഭിക്കുന്ന എല്ലാ അവസരങ്ങളും യഥായോഗ്യം പ്രയോജനപ്പെടുത്തുക; എന്തെന്നാൽ ഇത് ദുഷ്കാലമാണ്. നിങ്ങൾ ബുദ്ധിശൂന്യരാകാതെ നിങ്ങൾ ചെയ്യണമെന്നു കർത്താവ് ഇച്ഛിക്കുന്നത് എന്താണെന്നു കണ്ടുപിടിക്കുക. വീഞ്ഞുകുടിച്ചു മത്തരാകരുത്; അതു നിങ്ങളെ നശിപ്പിക്കും; ആത്മാവിലാണ് നിങ്ങൾ നിറയേണ്ടത്. സങ്കീർത്തനങ്ങളുടെയും ഗീതങ്ങളുടെയും ആത്മീയഗാനങ്ങളുടെയും വാക്കുകളാൽ നിങ്ങൾ അന്യോന്യം സംസാരിക്കുകയും, പൂർണഹൃദയത്തോടെ ഗീതങ്ങളും സങ്കീർത്തനങ്ങളും പാടി കർത്താവിനെ സ്തുതിക്കുകയും, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തിന് എപ്പോഴും എല്ലാറ്റിനുംവേണ്ടി സ്തോത്രം ചെയ്യുകയും വേണം.