YouVersion Logo
Search Icon

THUHRILTU 8

8
ജ്ഞാനിയും രാജാവും
1ജ്ഞാനിക്കു സമനായി ആരുണ്ട്? കാര്യങ്ങളുടെ പൊരുൾ ഗ്രഹിച്ചവൻ ആർ? ജ്ഞാനം മുഖം ശോഭിപ്പിക്കുന്നു; പാരുഷ്യം അകറ്റുന്നു. 2ദൈവസന്നിധിയിൽ ചെയ്ത പ്രതിജ്ഞ ഓർത്തു രാജകല്പന പാലിക്കുക. 3ഇഷ്ടമില്ലാത്തതെങ്കിലും ഉടനെ പോയി അതു ചെയ്യുക. രാജാവിനു തനിക്കു തോന്നിയതെന്തും ചെയ്യാമല്ലോ. 4രാജകല്പനയ്‍ക്കുമേൽ ഒന്നുമില്ല. 5തിരുവായ്‍ക്ക് എതിർവായില്ലല്ലോ; കല്പന അനുസരിക്കുന്നവന് ഉപദ്രവം ഒന്നും ഉണ്ടാകയില്ല; ജ്ഞാനിയുടെ ഹൃദയം തക്കസമയവും വഴിയും അറിയുന്നു. 6കഷ്ടത മനുഷ്യനു ദുർവഹമെങ്കിലും ഓരോന്നിനും അതതിന്റെ സമയവും വഴിയും ഉണ്ടല്ലോ. 7ഭാവി എന്തെന്ന് അവൻ അറിയുന്നില്ല; അത് എങ്ങനെയിരിക്കുമെന്ന് അവനോടു പറയാൻ ആരുണ്ട്? 8പ്രാണനെ പിടിച്ചു നിർത്താനോ മരണദിനം മാറ്റാനോ ആർക്കും ശക്തിയോ അധികാരമോ ഇല്ല. അവനു യുദ്ധസേവനത്തിൽനിന്ന് ഒഴിയാനാവുകയില്ല. ദുരുപായത്തിന് അടിമപ്പെട്ടാൽ അതിൽനിന്നു മോചനം കിട്ടുകയില്ല.
ദുഷ്ടനും നീതിമാനും ഒരുപോലെ
9മനുഷ്യൻ മനുഷ്യന്റെമേൽ ആധിപത്യം ഉറപ്പിച്ച് അവനെ ദ്രോഹിച്ചുകൊണ്ടിരിക്കെ, സൂര്യനു കീഴെയുള്ളതെല്ലാം വിവേചിച്ചറിയാൻ മനസ്സുവച്ചപ്പോൾ ഞാൻ ഇതെല്ലാം കണ്ടു. 10ദുഷ്ടന്മാരെ സംസ്കരിക്കുന്നതു ഞാൻ കണ്ടു. വിശുദ്ധസ്ഥലത്തു കയറിയിറങ്ങി നടന്നവരാണവർ. ഇതൊക്കെ ചെയ്ത നഗരത്തിൽതന്നെ അവർ പ്രശംസിക്കപ്പെടുന്നു. ഇതും മിഥ്യതന്നെ. 11ദുഷ്കർമത്തിനുള്ള ശിക്ഷ നടപ്പാക്കാൻ വൈകുന്നതുകൊണ്ട് മനുഷ്യരുടെ മനസ്സ് തിന്മയിൽ മുഴുകിയിരിക്കുന്നു. 12നൂറു വട്ടം ദുഷ്കർമം ചെയ്തിട്ടും പാപിക്ക് ദീർഘായുസ്സുണ്ടായേക്കാം. എങ്കിലും ദൈവഭക്തനു നന്മയുണ്ടാകുമെന്നതു നിശ്ചയം; അവൻ ദൈവസന്നിധിയിൽ ഭക്തിയോടെ ജീവിച്ചല്ലോ. 13ദുഷ്കർമിക്കു നന്മ വരികയില്ല; അവൻ ദൈവത്തെ ഭയപ്പെടാത്തതിനാൽ അല്പായുസ്സായിരിക്കും; അവന്റെ ജീവിതം നിഴൽപോലെ നീളുകയുമില്ല.
14ഭൂമിയിൽ മറ്റൊരു മിഥ്യയുണ്ട്; നീതിമാന്മാർക്കു ദുർജനങ്ങളുടെ പ്രവൃത്തിക്കു യോജിച്ച അനുഭവവും ദുർജനങ്ങൾക്കു നീതിമാന്മാരുടെ പ്രവൃത്തിക്കു യോജിച്ച അനുഭവവും ഉണ്ടാകുന്നു. അതും മിഥ്യതന്നെ എന്നു ഞാൻ പറയുന്നു. 15അതുകൊണ്ട് ഉല്ലസിച്ചുകൊള്ളുക എന്നാണ് എന്റെ ഉപദേശം. തിന്നുകുടിച്ച് ഉല്ലസിക്കുന്നതിനെക്കാൾ ഉത്തമമായി മറ്റൊന്നും സൂര്യനു കീഴെ ഇല്ല. ഭൂമിയിൽ ദൈവം നല്‌കുന്ന ആയുസ്സിൽ മനുഷ്യനു തന്റെ പ്രയത്നത്തിനു പ്രതിഫലമായി വേറൊന്നും കിട്ടാനില്ല. 16ജ്ഞാനം നേടാനും ഭൂമിയിൽ നടക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കാനും ഞാൻ രാപ്പകൽ ഉറങ്ങാതെ പരിശ്രമിച്ചു. 17അപ്പോൾ ഞാൻ ദൈവത്തിന്റെ സകല പ്രവൃത്തികളും നോക്കിക്കണ്ടു. സൂര്യനു കീഴെ നടക്കുന്നതൊന്നും ഗ്രഹിക്കാൻ മനുഷ്യനു കഴിയുകയില്ല. എത്ര തേടിയലഞ്ഞാലും അതു കാണുകയില്ല. ജ്ഞാനി എന്ന് അവകാശപ്പെടുന്നവനും അത് അഗോചരമാണ്.

Currently Selected:

THUHRILTU 8: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in