THUHRILTU 10:1-14
THUHRILTU 10:1-14 MALCLBSI
ചത്ത ഈച്ച പരിമളതൈലത്തിനു ദുർഗന്ധം വരുത്തുന്നു. അതുപോലെ ജ്ഞാനവും പ്രശസ്തിയും കെടുത്താൻ അല്പം ഭോഷത്തം മതി. ജ്ഞാനിയുടെ മനസ്സ് അയാളെ നന്മയിലേക്കും മൂഢന്റെ മനസ്സ് അയാളെ തിന്മയിലേക്കും നയിക്കുന്നു. മൂഢൻ വെറുതെ നടന്നാൽ മതി അവന്റെ ഭോഷത്തം വിളംബരം ചെയ്യപ്പെടും. രാജാവു കോപിച്ചാൽ സ്വസ്ഥാനം വിടരുത്. വിധേയത്വം കാണിക്കുന്നത് അപരാധത്തിനു പരിഹാരമാകും. സൂര്യനു കീഴെ ഒരു തിന്മ ഞാൻ കണ്ടു; രാജാക്കന്മാർക്കു സംഭവിക്കുന്ന ഒരു തെറ്റ്. മൂഢനു പലപ്പോഴും ഉന്നതസ്ഥാനം നല്‌കപ്പെടുന്നു; സമ്പന്നനു കിട്ടുന്നതു താണസ്ഥാനവും. അടിമകൾ കുതിരപ്പുറത്തും പ്രഭുക്കന്മാർ അടിമകളെപ്പോലെ കാൽനടയായും പോകുന്നത് ഞാൻ കണ്ടു. താൻ കുഴിക്കുന്ന കുഴിയിൽ താൻതന്നെ വീഴും; മതിൽ പൊളിച്ചുകടക്കുന്നവനെ പാമ്പു കടിക്കും. കല്ലു വെട്ടുന്നവന് അതുമൂലം ക്ഷതമേല്‌ക്കും; വിറകു വെട്ടുകാരന് അതുമൂലം അപകടമുണ്ടാകും. വായ്ത്തല തേഞ്ഞ ഇരുമ്പായുധത്തിനു മൂർച്ച വരുത്തിയില്ലെങ്കിൽ കൂടുതൽ ശക്തി പ്രയോഗിക്കേണ്ടിവരും. ജ്ഞാനമാകട്ടെ, വിജയം എളുപ്പമാക്കും. മെരുക്കുംമുമ്പു പാമ്പു കടിച്ചാൽ പാമ്പാട്ടിയെക്കൊണ്ടു പ്രയോജനമില്ല. ജ്ഞാനിയുടെ വാക്കുകൾ പ്രീതി ഉളവാക്കുന്നു. മൂഢന്റെ വാക്കാകട്ടെ, അവനെ നശിപ്പിക്കുന്നു. ഭോഷത്തം പറഞ്ഞുകൊണ്ട് അവൻ സംഭാഷണം ആരംഭിക്കുന്നു; അവസാനം ഭ്രാന്തു പുലമ്പുന്നു. വരാൻ പോകുന്നതെന്തെന്ന് ആർക്കും അറിവില്ല; തന്റെ കാലം കഴിഞ്ഞാൽ എന്തുണ്ടാകുമെന്ന് ആർക്കറിയാം; എന്നിട്ടും ഭോഷൻ അതിഭാഷണം തുടരുന്നു.