YouVersion Logo
Search Icon

THUHRILTU 1:1-11

THUHRILTU 1:1-11 MALCLBSI

യെരൂശലേമിലെ രാജാവും ദാവീദിന്റെ പുത്രനുമായ സഭാപ്രഭാഷകന്റെ വാക്കുകൾ: മിഥ്യകളിൽ മിഥ്യ എന്നു സഭാപ്രഭാഷകൻ പറയുന്നു; ഹാ, മിഥ്യ, മിഥ്യകളിൽ മിഥ്യ, സകലവും മിഥ്യതന്നെ. സൂര്യനു കീഴിൽ ചെയ്യുന്ന കഠിനാധ്വാനം കൊണ്ട് മനുഷ്യന് എന്തു നേട്ടം? തലമുറകൾ വരുന്നു; പോകുന്നു; ഭൂമിയാകട്ടെ എന്നേക്കും നിലനില്‌ക്കുന്നു. സൂര്യൻ ഉദിക്കുന്നു; അസ്തമിക്കുന്നു; ഉദിച്ച ദിക്കിലേക്ക് തന്നെ അതു തിടുക്കത്തിൽ മടങ്ങിച്ചെല്ലുന്നു. കാറ്റു തെക്കോട്ടു വീശുന്നു; അതു ചുറ്റിത്തിരിഞ്ഞു വടക്കോട്ടുതന്നെ വരുന്നു; കറങ്ങിക്കറങ്ങി അതു തിരിച്ചെത്തുന്നു. എല്ലാ നദികളും സമുദ്രത്തിലേക്ക് ഒഴുകുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഉദ്ഭവിച്ചിടത്തേക്കുതന്നെ, വെള്ളം തിരികെ ചെല്ലുന്നു. എല്ലാ കാര്യങ്ങളും ക്ലേശപൂർണമാണ്; മനുഷ്യന് അതു പറഞ്ഞറിയിക്കാൻ വയ്യ; കണ്ടിട്ടു കണ്ണിനോ, കേട്ടിട്ടു ചെവിക്കോ മതിവരുന്നില്ല; ഉണ്ടായിരുന്നതുതന്നെ വീണ്ടും ഉണ്ടാകുന്നു; ചെയ്തതുതന്നെ ആവർത്തിക്കപ്പെടുന്നു; സൂര്യനു കീഴിൽ പുതുതായി ഒന്നുമില്ല. “ഇതാ, ഇതു പുതിയതാണ്” എന്നു പറയാൻ എന്തുണ്ട്? യുഗങ്ങൾക്കു മുമ്പേ അതുണ്ടായിരുന്നു. ഭൂതകാലം ആരുടെ ഓർമയിലുണ്ട്? ഭാവിയെക്കുറിച്ചു അതിനുശേഷം ജനിക്കുന്നവർക്കും ഓർമയില്ല.