DEUTERONOMY 8:10-18
DEUTERONOMY 8:10-18 MALCLBSI
അവിടെ നിങ്ങൾ ഭക്ഷിച്ചു തൃപ്തരാകുമ്പോൾ നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കിയിരിക്കുന്ന നല്ല ദേശത്തിനുവേണ്ടി അവിടുത്തേക്കു സ്തോത്രം അർപ്പിക്കണം. “നിങ്ങളുടെ ദൈവമായ സർവേശ്വരനെ മറക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഞാൻ ഇന്നു നിങ്ങൾക്കു നല്‌കുന്ന സർവേശ്വരന്റെ കല്പനകളും ചട്ടങ്ങളും അനുശാസനങ്ങളും അവഗണിക്കരുത്. ഭക്ഷിച്ചു തൃപ്തിയാകുമ്പോഴും നല്ല വീടു പണിത് അതിൽ പാർക്കുമ്പോഴും ആടുമാടുകൾ പെരുകുമ്പോഴും സ്വർണം, വെള്ളി മുതലായവ വർധിക്കുമ്പോഴും മറ്റ് സകലത്തിലും സമൃദ്ധിയുണ്ടാകുമ്പോഴും നിങ്ങൾ ഉള്ളുകൊണ്ട് അഹങ്കരിക്കരുത്. അടിമവീടായ ഈജിപ്തിൽനിന്നു നിങ്ങളെ വിമോചിപ്പിച്ചു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ സർവേശ്വരനെ വിസ്മരിക്കുകയും അരുത്. ഉഗ്രസർപ്പങ്ങളും തേളുകളും നിറഞ്ഞ വിസ്തൃതവും ഭയങ്കരവുമായ മരുഭൂമിയിലൂടെ അവിടുന്നു നിങ്ങളെ നടത്തി. വരണ്ടസ്ഥലത്ത് കരിങ്കൽ പാറയിൽനിന്ന് അവിടുന്നു ജലം പുറപ്പെടുവിച്ചു. നിങ്ങളുടെ പിതാക്കന്മാർ ഭക്ഷിച്ചിട്ടില്ലാത്ത മന്ന നിങ്ങൾക്ക് ആഹാരമായി മരുഭൂമിയിൽവച്ചു നല്‌കി. നിങ്ങളെ വിനീതരാക്കാനും പരീക്ഷിക്കാനും ഒടുവിൽ നന്മകൊണ്ട് അനുഗ്രഹിക്കാനുമായിരുന്നു ഇങ്ങനെയെല്ലാം ചെയ്തത്. അതിനാൽ നിങ്ങളുടെ ശക്തിയും കരബലവുംകൊണ്ടാണ് ഈ സമ്പത്തെല്ലാം ഉണ്ടായതെന്നു നിങ്ങൾ ഒരിക്കലും ചിന്തിക്കരുത്. നിങ്ങളുടെ ദൈവമായ സർവേശ്വരനെ നിങ്ങൾ സ്മരിക്കണം. സമ്പത്തു നേടാനുള്ള ശക്തി നിങ്ങൾക്കു നല്‌കുന്നത് അവിടുന്നാണ്. നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത ഉടമ്പടിയിൽ അവിടുന്നു വിശ്വസ്തനായിരുന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്.