YouVersion Logo
Search Icon

DEUTERONOMY 6:1-9

DEUTERONOMY 6:1-9 MALCLBSI

നിങ്ങൾ ചെന്നു കൈവശമാക്കുവാൻ പോകുന്ന ദേശത്ത് പാലിക്കാൻ വേണ്ടി നിങ്ങളെ പഠിപ്പിക്കാൻ നിങ്ങളുടെ ദൈവമായ സർവേശ്വരൻ എന്നോടു കല്പിച്ച നിയമങ്ങളും ചട്ടങ്ങളും അനുശാസനങ്ങളും ഇവയാണ്. ഞാൻ നല്‌കുന്ന നിയമങ്ങളും അനുശാസനങ്ങളും നിങ്ങൾ തലമുറതലമുറയായി ആയുഷ്കാലം മുഴുവൻ അനുസരിച്ചു നിങ്ങളുടെ ദൈവമായ സർവേശ്വരനെ ഭയപ്പെട്ടു ജീവിക്കണം; എന്നാൽ നിങ്ങൾക്കു ദീർഘായുസ്സു ലഭിക്കും. ഇസ്രായേൽജനമേ, ഇവ ശ്രദ്ധയോടെ കേട്ടു പാലിക്കുക; എന്നാൽ നിങ്ങൾക്കു നന്മ വരും; നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരൻ വാഗ്ദാനം ചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്ത് നിങ്ങൾ വളർന്ന് വലിയ ജനമായിത്തീരും. ഇസ്രായേൽജനമേ, കേൾക്കുക, നമ്മുടെ ദൈവമായ സർവേശ്വരനാണ് ഏക കർത്താവ്; നിങ്ങളുടെ ദൈവമായ സർവേശ്വരനെ പൂർണഹൃദയത്തോടും, പൂർണമനസ്സോടും, പൂർണശക്തിയോടും കൂടി സ്നേഹിക്കണം. ഞാൻ ഇന്നു നിങ്ങൾക്കു നല്‌കുന്ന കല്പനകൾ നിങ്ങൾ ഒരിക്കലും മറക്കരുത്; അവ നിങ്ങളുടെ മക്കളെ പൂർണശ്രദ്ധയോടെ പഠിപ്പിക്കണം. വീട്ടിൽ ആയിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ച് സംസാരിക്കണം. നിങ്ങൾക്ക് ഒരു അടയാളമായി അവ എഴുതി കൈയിൽ കെട്ടുക; അവ നിങ്ങൾ നെറ്റിപ്പട്ടമായി അണിയുകയും വേണം; അവ നിങ്ങളുടെ വീടിന്റെ കട്ടിളകളിലും പടിവാതിലുകളിലും എഴുതുക.