DEUTERONOMY 15:1-8
DEUTERONOMY 15:1-8 MALCLBSI
ഓരോ ഏഴാം വർഷത്തിന്റെയും അവസാനം കടങ്ങൾ ഇളച്ചുകൊടുക്കണം. അത് ഇങ്ങനെയാണ് ചെയ്യേണ്ടത്. അയൽക്കാരനു കൊടുത്ത കടം പൂർണമായി ഇളവുചെയ്യണം. സർവേശ്വരന്റെ വിമോചനം പ്രഖ്യാപിച്ചിരിക്കെ അയൽക്കാരനോ സ്വന്തം സഹോദരനോ നിങ്ങളിൽനിന്നു കടം വാങ്ങിയത് മടക്കിത്തരാൻ ആവശ്യപ്പെടരുത്. കടം വീട്ടാൻ പരദേശിയോട് ആവശ്യപ്പെടാം; എന്നാൽ നിങ്ങളുടേത് എന്തെങ്കിലും സ്വന്തസഹോദരന്റെ പക്കലുണ്ടെങ്കിൽ അത് ഇളച്ചുകൊടുക്കണം. നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്ക് അവകാശമായി നല്‌കാൻ പോകുന്ന ദേശത്ത് നിങ്ങൾ അവിടുത്തെ അനുസരിക്കുകയും ഞാൻ ഇന്നു നല്‌കുന്ന കല്പനകൾ പാലിക്കുകയും ചെയ്താൽ നിങ്ങളുടെ ഇടയിൽ ദരിദ്രർ ഉണ്ടാകുകയില്ല. അവിടുന്ന് നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. നിങ്ങളുടെ ദൈവമായ സർവേശ്വരൻ വാഗ്ദാനം ചെയ്തിട്ടുള്ളതുപോലെ നിങ്ങളെ അനുഗ്രഹിക്കും. നിങ്ങൾ അനേകം ജനതകൾക്കു വായ്പ നല്‌കും; എന്നാൽ നിങ്ങൾക്കു വായ്പ വാങ്ങേണ്ടി വരികയില്ല. നിങ്ങൾ അനേകം ജനതകളെ ഭരിക്കും; എന്നാൽ ആരും നിങ്ങളെ ഭരിക്കുകയില്ല. നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കാൻ പോകുന്ന ദേശത്തിലുള്ള ഏതെങ്കിലും പട്ടണത്തിൽ സ്വജനത്തിൽ ഒരുവൻ ദരിദ്രനാണെങ്കിൽ അവന് ആവശ്യമായ സഹായം നല്‌കാതിരിക്കുകയോ, അവനോടു കഠിനഹൃദയനായി പെരുമാറുകയോ ചെയ്യരുത്. അവന് ആവശ്യമുള്ളതെന്തും ഉദാരമായി വായ്പ കൊടുക്കണം.