DEUTERONOMY 11:13-21
DEUTERONOMY 11:13-21 MALCLBSI
“അതുകൊണ്ട് ഞാൻ ഇന്നു നല്‌കിയ കല്പനകൾ അനുസരിച്ച് നിങ്ങളുടെ ദൈവമായ സർവേശ്വരനെ പൂർണഹൃദയത്തോടും പൂർണമനസ്സോടും കൂടി സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്താൽ നിങ്ങളുടെ കൃഷിക്കാവശ്യമായ മുൻമഴയും പിൻമഴയും യഥാവസരം അവിടുന്നു നല്‌കും; നിങ്ങൾക്കാവശ്യമായ ധാന്യവും വീഞ്ഞും എണ്ണയും സുലഭമായിരിക്കും. നിങ്ങളുടെ കന്നുകാലികൾക്കുവേണ്ട പുല്ല് അവിടുന്നു നല്‌കും; നിങ്ങൾ ഭക്ഷിച്ചു തൃപ്തരാകും. വഞ്ചിതരായി വഴിതെറ്റി മറ്റു ദേവന്മാരെ ആരാധിക്കാനും അവയെ നമസ്കരിക്കാനും ഇടയാകാതെ സൂക്ഷിച്ചുകൊൾക. ഇല്ലെങ്കിൽ സർവേശ്വരന്റെ കോപം നിങ്ങളുടെമേൽ ജ്വലിക്കും. അവിടുന്ന് ആകാശം അടയ്‍ക്കും, മഴ ലഭിക്കുകയില്ല. തന്നിമിത്തം ഭൂമി വിളവു നല്‌കാതാകും. അങ്ങനെ സർവേശ്വരൻ നിങ്ങൾക്കു നല്‌കുന്ന നല്ല ദേശത്തുനിന്ന് നിങ്ങൾ അതിവേഗം തുടച്ചുനീക്കപ്പെടും. “എന്റെ ഈ വചനം നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും എപ്പോഴും ഉണ്ടായിരിക്കട്ടെ. അടയാളമായി അവ എഴുതി നിങ്ങളുടെ കൈയിൽ കെട്ടുകയും നെറ്റിപ്പട്ടമായി അണിയുകയും ചെയ്യുവിൻ. അവ നിങ്ങളുടെ മക്കളെ പഠിപ്പിക്കണം. വീട്ടിലിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും അവയെപ്പറ്റി നിങ്ങളുടെ മക്കളോടു സംസാരിക്കണം. അവ നിങ്ങളുടെ വീടിന്റെ കട്ടിളകളിലും പടിവാതിലുകളിലും എഴുതിവയ്‍ക്കണം. അങ്ങനെ ചെയ്താൽ നിങ്ങളുടെ പിതാക്കന്മാർക്കു നല്‌കുമെന്നു നിങ്ങളുടെ ദൈവമായ സർവേശ്വരൻ വാഗ്ദാനം ചെയ്ത ദേശത്തു നിങ്ങളും നിങ്ങളുടെ സന്താനങ്ങളും ദീർഘകാലം വസിക്കും; ഭൂമിക്കുമേൽ ആകാശം ഉണ്ടായിരിക്കുന്നിടത്തോളം കാലം നിങ്ങൾ അവിടെ പാർക്കും.