DANIELA 6:10-23
DANIELA 6:10-23 MALCLBSI
രാജകല്പനയ്‍ക്കു തുല്യം ചാർത്തി എന്നറിഞ്ഞപ്പോൾ ദാനിയേൽ തന്റെ വസതിയിലേക്കു മടങ്ങി. അദ്ദേഹം മാളികമുറിയിൽ പ്രവേശിച്ചു. യെരൂശലേമിന് അഭിമുഖമായുള്ള ജാലകങ്ങൾ തുറന്നിട്ടു. പതിവുപോലെ അന്നും ദാനിയേൽ മൂന്നു പ്രാവശ്യം ദൈവസന്നിധിയിൽ മുട്ടുകുത്തി സ്തോത്രം അർപ്പിക്കുകയും പ്രാർഥിക്കുകയും ചെയ്തു. ദാനിയേലിനെതിരെ ആലോചന നടത്തിയവർ അദ്ദേഹം തന്റെ ദൈവത്തോടു പ്രാർഥിക്കുന്നതും യാചിക്കുന്നതും കണ്ടു. അവർ ഉടനെ രാജസന്നിധിയിൽ എത്തി ഉണർത്തിച്ചു: “മുപ്പതു ദിവസത്തിനിടയ്‍ക്ക് അങ്ങയോടല്ലാതെ ഒരു ദേവനോടും മനുഷ്യനോടും പ്രാർഥിച്ചുകൂടാ എന്നും ആരെങ്കിലും ഈ കല്പന ലംഘിച്ചാൽ അവനെ സിംഹക്കുഴിയിൽ എറിഞ്ഞുകളയുമെന്നുമുള്ള നിരോധനാജ്ഞ അവിടുന്നു ഒപ്പുവച്ചിരുന്നല്ലോ! ‘മേദ്യരുടെയും പേർഷ്യക്കാരുടെയും അലംഘനീയമായ നിയമപ്രകാരം അതിനു മാറ്റമില്ല’ എന്നു രാജാവ് പറഞ്ഞു. അപ്പോൾ അവർ രാജസന്നിധിയിൽ ഉണർത്തിച്ചു: “മഹാരാജാവേ, യെഹൂദാപ്രവാസികളിൽ ഒരുവനായ ദാനിയേൽ അവിടുത്തെയോ അങ്ങു പുറപ്പെടുവിച്ച നിരോധനാജ്ഞയെയോ ഗണ്യമാക്കാതെ ദിവസം മൂന്നുപ്രാവശ്യം അയാളുടെ ദൈവത്തോടു പ്രാർഥിക്കുന്നു.” ഇതുകേട്ടപ്പോൾ രാജാവ് അത്യധികം വിഷമിച്ചു. ദാനിയേലിനെ വല്ല വിധവും രക്ഷിക്കണമെന്നു മനസ്സിലുറച്ചു. സൂര്യൻ അസ്തമിക്കുന്നതുവരെ അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്തു. ദാനിയേലിനെതിരെ ആലോചന നടത്തിയവർ വീണ്ടും രാജാവിന്റെ അടുക്കൽ വന്നു പറഞ്ഞു: “രാജാവേ, മേദ്യരുടെയും പേർഷ്യക്കാരുടെയും നിയമമനുസരിച്ച് രാജാവ് പുറപ്പെടുവിച്ച നിരോധനാജ്ഞയും കല്പനയും അലംഘനീയമാണെന്ന് അങ്ങേക്കറിയാമല്ലോ.” അപ്പോൾ രാജകല്പനയനുസരിച്ച് ദാനിയേലിനെ കൊണ്ടുചെന്നു സിംഹക്കുഴിയിൽ ഇട്ടു. “നീ നിരന്തരം സേവിക്കുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കട്ടെ” എന്നു രാജാവു ദാനിയേലിനോടു പറഞ്ഞു. ഒരു കല്ല് കൊണ്ടുവന്നു ഗുഹാമുഖം അടച്ചു. ദാനിയേലിനെ സംബന്ധിച്ച വിധിക്കു മാറ്റം വരാതിരിക്കാൻ രാജാവ് തന്റെയും പ്രഭുക്കന്മാരുടെയും മോതിരങ്ങൾകൊണ്ട് ആ കല്ലിനു മുദ്രവയ്‍ക്കുകയും ചെയ്തു. പിന്നീടു രാജാവു കൊട്ടാരത്തിലേക്കു മടങ്ങി രാത്രി മുഴുവൻ ഉപവസിച്ചു. എല്ലാവിധ വിനോദങ്ങളും ഉപേക്ഷിച്ചു; നിദ്ര അദ്ദേഹത്തിൽനിന്നു വഴുതിമാറി. രാജാവ് അതിരാവിലെ എഴുന്നേറ്റു തിടുക്കത്തിൽ സിംഹക്കുഴിക്കരികിൽ ചെന്നു ദുഃഖപരവശമായ ശബ്ദത്തിൽ വിളിച്ചു ചോദിച്ചു: “ജീവിക്കുന്ന ദൈവത്തിന്റെ ഭൃത്യനായ ദാനിയേലേ, നീ ഇടവിടാതെ സേവിക്കുന്ന നിന്റെ ദൈവത്തിനു സിംഹങ്ങളിൽനിന്ന് നിന്നെ രക്ഷിക്കാൻ കഴിഞ്ഞോ?” അപ്പോൾ ദാനിയേൽ: “അല്ലയോ രാജാവേ, അങ്ങു നീണാൾ വാഴട്ടെ. എന്റെ ദൈവം ഒരു ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചു. അവ എന്നെ തൊട്ടില്ല. ദൈവത്തിന്റെ മുമ്പിൽ ഞാൻ നിരപരാധിയാണല്ലോ. രാജാവേ, അങ്ങയുടെ മുമ്പിലും ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.” അപ്പോൾ രാജാവ് അത്യധികം സന്തോഷിച്ചു. ദാനിയേലിനെ സിംഹക്കുഴിയിൽനിന്നു പുറത്തുകൊണ്ടുവരാൻ കല്പിച്ചു. അങ്ങനെ ദാനിയേലിനെ കുഴിക്കു പുറത്തു കൊണ്ടുവന്നു. ദാനിയേൽ തന്റെ ദൈവത്തിൽ ശരണപ്പെട്ടതുകൊണ്ട് അദ്ദേഹത്തിന് ഒരു പോറൽപോലും ഏറ്റതായി കണ്ടില്ല.