DANIELA 3:26-30
DANIELA 3:26-30 MALCLBSI
നെബുഖദ്നേസർ ജ്വലിക്കുന്ന തീച്ചൂളയുടെ വാതില്‌ക്കൽ ചെന്ന് പറഞ്ഞു: “അത്യുന്നത ദൈവത്തിന്റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ്നെഗോയേ പുറത്തുവരിക.” അപ്പോൾ അവർ മൂന്നു പേരും തീച്ചൂളയിൽനിന്നു പുറത്തുവന്നു. പ്രധാനദേശാധിപതികളും ഭരണാധികാരികളും സ്ഥാനാപതികളും മറ്റ് ഉദ്യോഗസ്ഥപ്രമുഖരും ആ മൂന്നുപേരുടെ അടുത്തുചെന്നു. അവരുടെ ദേഹത്തു പൊള്ളലേല്പിക്കുന്നതിന് ആ അഗ്നിക്ക് ശക്തിയുണ്ടായിരുന്നില്ലെന്നവർ കണ്ടു. അവരുടെ തലമുടി കരിയുകയോ മേലങ്കി എരിയുകയോ ചെയ്തില്ലെന്നു മാത്രമല്ല തീയുടെ മണംപോലും അവർക്ക് ഏറ്റിരുന്നില്ല. നെബുഖദ്നേസർ പറഞ്ഞു: “ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോയുടെയും ദൈവം വാഴ്ത്തപ്പെട്ടവൻ! തന്നിൽ ആശ്രയിക്കുകയും രാജകല്പനകൂടി നിഷേധിച്ച് സ്വന്തദൈവത്തെയല്ലാതെ മറ്റൊരു ദൈവത്തെ ഭജിക്കുകയോ വന്ദിക്കുകയോ ചെയ്യുകയില്ലെന്ന ദൃഢനിശ്ചയത്തോടെ സ്വന്തം ശരീരത്തെകൂടി പീഡനത്തിന് ഏല്പിച്ചുകൊടുക്കുകയും ചെയ്ത ആ മൂവരെ അവരുടെ ദൈവം തന്റെ ദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നു. ഇപ്രകാരം വിടുവിക്കാൻ കഴിവുള്ള മറ്റൊരു ദൈവവുമില്ല. അതുകൊണ്ട് ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോയുടെയും ദൈവത്തിന് എതിരെ സംസാരിക്കുന്ന ജനത്തെയും ജനപദങ്ങളെയും ഭാഷക്കാരെയും കഷണം കഷണം ആക്കുകയും അവരുടെ ഭവനങ്ങൾ കുപ്പക്കുന്നാക്കുകയും ചെയ്യുമെന്നു നാം തീർപ്പു കല്പിക്കുന്നു.” രാജാവ് ശദ്രക്കിനും മേശക്കിനും അബേദ്നെഗോയിക്കും ബാബിലോൺസംസ്ഥാനത്ത് ഉന്നതമായ പദവികൾ നല്‌കി.