YouVersion Logo
Search Icon

DANIELA 1

1
എബ്രായയുവാക്കൾ രാജകൊട്ടാരത്തിൽ
1യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാംവർഷം ബാബിലോൺരാജാവായ നെബുഖദ്നേസർ യെരൂശലേമിനെ ഉപരോധിച്ചു. 2യെഹോയാക്കീംരാജാവിനെ കീഴടക്കാനും ദൈവത്തിന്റെ ആലയത്തിലെ ചില പാത്രങ്ങൾ കൈവശപ്പെടുത്താനും സർവേശ്വരൻ അദ്ദേഹത്തെ അനുവദിച്ചു. നെബുഖദ്നേസർ യെഹോയാക്കീമിനെ ആ പാത്രങ്ങളോടൊപ്പം ശിനാർദേശത്തുള്ള തന്റെ ദേവന്റെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു. പാത്രങ്ങൾ ക്ഷേത്രഭണ്ഡാരത്തിൽ വച്ചു. 3പിന്നീട് രാജാവ് തന്റെ രാജകൊട്ടാരത്തിലെ സേവകന്മാരിൽ മുഖ്യനായ അശ്പെനാസിനെ വിളിച്ച് കല്പിച്ചു: 4കൊട്ടാരത്തിൽ സേവനം അനുഷ്ഠിക്കാൻ യോഗ്യരായ ഏതാനും പേരെ ഇസ്രായേല്യരിൽനിന്ന് കൊണ്ടുവരിക; അവർ രാജകുടുംബാംഗങ്ങളും കുലീനത്വം ഉള്ളവരും അംഗവൈകല്യമില്ലാത്തവരും സുമുഖരും പ്രതിഭാശാലികളും അഭിഞ്ജരും വിവേകശാലികളും ആയിരിക്കണം. ബാബിലോണ്യരുടെ എഴുത്തും വായനയും അവരെ അഭ്യസിപ്പിക്കണം. 5രാജാവു ഭക്ഷിക്കുന്ന വിശിഷ്ടഭോജ്യങ്ങളും അദ്ദേഹം പാനംചെയ്യുന്ന വീഞ്ഞും അവർക്കു നല്‌കണമെന്നും മൂന്നുവർഷത്തെ പരിശീലനം കഴിഞ്ഞ് അവരെ രാജസമക്ഷം ഹാജരാക്കണമെന്നും കല്പിച്ചിരുന്നു. 6ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ടവരിൽ യെഹൂദാഗോത്രക്കാരായ ദാനിയേൽ, ഹനന്യാ, മീശായേൽ, അസര്യാ എന്നിവർ ഉണ്ടായിരുന്നു. 7രാജകൊട്ടാരത്തിലെ സേവകപ്രമാണി ദാനിയേലിനു ബേൽത്ത്ശസ്സർ എന്നും ഹനന്യാക്കു ശദ്രക് എന്നും മീശായേലിനു മേശക് എന്നും അസര്യാക്കു അബേദ്-നെഗോ എന്നും പേരിട്ടു.
8രാജാവിന്റെ വിശിഷ്ടഭോജ്യങ്ങളും അദ്ദേഹം പാനം ചെയ്യുന്ന വീഞ്ഞും കഴിച്ചു താൻ ആചാരപരമായി അശുദ്ധനാകുകയില്ലെന്നു ദാനിയേൽ നിശ്ചയിച്ചു. അതിനാൽ താൻ മലിനനാകാതിരിക്കാൻ അനുവദിക്കണമെന്ന് രാജസേവകപ്രമാണിയോടു ദാനിയേൽ അപേക്ഷിച്ചു. 9അശ്പെനാസിനു ദാനിയേലിനോടു ദയയും അനുകമ്പയും തോന്നാൻ ദൈവം ഇടയാക്കി. 10എങ്കിലും അയാൾ ദാനിയേലിനോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവിനെ ഞാൻ ഭയപ്പെടുന്നു. നിങ്ങൾ എന്തു ഭക്ഷിക്കണമെന്നും എന്തു പാനം ചെയ്യണമെന്നും രാജാവ് നിശ്ചയിച്ചിട്ടുണ്ട്. സമപ്രായക്കാരായ മറ്റുള്ളവരെക്കാൾ നിങ്ങൾ ക്ഷീണിതരായി രാജാവ് കണ്ടാൽ എന്റെ ജീവൻ അപകടത്തിലാകും.” 11ദാനിയേൽ, ഹനന്യാ, മീശായേൽ, അസര്യാ എന്നിവരുടെ മേൽനോട്ടക്കാരനായി രാജസേവകപ്രമാണി നിയമിച്ചിരിക്കുന്നയാളിനോട് ദാനിയേൽ പറഞ്ഞു: 12“ഞങ്ങൾക്കു പത്തു ദിവസത്തേക്കു സസ്യഭോജ്യങ്ങളും വെള്ളവും തന്നു പരീക്ഷിച്ചു നോക്കിയാലും; 13അതിനുശേഷം ഞങ്ങളെയും രാജകീയഭോജ്യങ്ങൾ കഴിക്കുന്ന യുവാക്കളെയും തമ്മിൽ ഒത്തുനോക്കുക. അതിൻപ്രകാരം ഞങ്ങളോടു പെരുമാറുക.” 14ദാനിയേലിന്റെ അപേക്ഷ അയാൾ സ്വീകരിച്ചു. അങ്ങനെ പത്തുദിവസം പരീക്ഷിച്ചു. 15പത്തുദിവസം കഴിഞ്ഞപ്പോൾ അവർ രാജകീയ ഭക്ഷണം കഴിക്കുന്ന എല്ലാവരെക്കാളും അഴകും പുഷ്‍ടിയും ഉള്ളവരായി കാണപ്പെട്ടു. 16അതിനാൽ അയാൾ ആ യെഹൂദായുവാക്കൾക്ക് രാജകീയഭക്ഷണത്തിനും വീഞ്ഞിനും പകരം സസ്യാഹാരം കൊടുത്തു.
17ദൈവം ഈ നാലു ചെറുപ്പക്കാർക്ക് എല്ലാ വിദ്യകളിലും വിജ്ഞാനത്തിലും അവഗാഹവും നൈപുണ്യവും നല്‌കി. ദാനിയേലിന് ഏതു ദർശനവും സ്വപ്നവും വ്യാഖ്യാനിക്കാനുള്ള സിദ്ധിയും ലഭിച്ചു. 18രാജാവ് കല്പിച്ചിരുന്ന കാലം പൂർത്തിയായപ്പോൾ ആ യുവാക്കളെ രാജകല്പന പ്രകാരം രാജസേവകപ്രമാണി നെബുഖദ്നേസർരാജാവിന്റെ സന്നിധിയിൽ കൊണ്ടുചെന്നു. 19രാജാവ് അവരോടു സംസാരിച്ചു. ദാനിയേൽ, ഹനന്യാ, മീശായേൽ, അസര്യാ എന്നിവർക്കു തുല്യരായി മറ്റാരെയും കണ്ടില്ല. അങ്ങനെ അവർ രാജസേവകരായിത്തീർന്നു. 20അവരോടുള്ള സംഭാഷണത്തിൽനിന്ന് വിജ്ഞാനത്തിലും വിവേകത്തിലും രാജ്യത്തെങ്ങുമുള്ള ഏതു മന്ത്രവാദിയെയും ആഭിചാരകനെയുംകാൾ പത്തിരട്ടി മെച്ചപ്പെട്ടവരാണവർ എന്നു രാജാവിനു ബോധ്യമായി. 21സൈറസ്‍രാജാവിന്റെ വാഴ്ചയുടെ ഒന്നാംവർഷംവരെ ദാനിയേൽ അവിടെ തുടർന്നു.

Currently Selected:

DANIELA 1: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in