KOLOSA 1:15-23
KOLOSA 1:15-23 MALCLBSI
അദൃശ്യനായ ദൈവത്തിന്റെ ദൃശ്യമായ പ്രതിച്ഛായയാണു ക്രിസ്തു. അവിടുന്നു പ്രപഞ്ചത്തിലെ സകല സൃഷ്‍ടികൾക്കും മുമ്പേയുള്ളവനും ആദ്യജാതനും ആകുന്നു. ദൈവം തന്റെ പുത്രൻ മുഖേനയാണ് സ്വർഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ സകലവും സൃഷ്‍ടിച്ചത്. ആത്മീയശക്തികളും പ്രഭുക്കന്മാരും ഭരണാധിപന്മാരും അധികാരികളുമെല്ലാം അതിലുൾപ്പെടുന്നു. പ്രപഞ്ചം ആകമാനം സൃഷ്‍ടിക്കപ്പെട്ടത് പുത്രനിൽക്കൂടിയും പുത്രനുവേണ്ടിയും ആണ്. എല്ലാറ്റിനുംമുമ്പ് പുത്രനുണ്ടായിരുന്നു. അവിടുന്ന് സകലത്തിനും ആധാരമാകുന്നു. അവിടുന്നാണ് സഭയാകുന്ന ശരീരത്തിന്റെ ശിരസ്സ്; ശരീരത്തിന്റെ ജീവന് ആധാരം അവിടുന്നാണ്. എല്ലാറ്റിലും പ്രഥമസ്ഥാനം അവിടുത്തേക്കു മാത്രമായിരിക്കേണ്ടതിന് ആദ്യജാതനായ അവിടുന്ന് മരണത്തിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു. പുത്രനിൽ തന്റെ ഭാവം സമ്പൂർണമായി നിവസിക്കുവാനും, പ്രപഞ്ചത്തെ ആകമാനം തന്റെ പുത്രൻ മുഖേന തന്നോട് അനുരഞ്ജിപ്പിക്കുവാനും ദൈവം തിരുമനസ്സായി. അവിടുന്നു പുത്രന്റെ ക്രൂശുമരണത്താൽ സമാധാനം ഉണ്ടാക്കുകയും, അങ്ങനെ ആകാശത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും തന്നോട് അനുരഞ്ജിപ്പിക്കുകയും ചെയ്തു. മുമ്പ് ദുഷ്ടവിചാരംമൂലവും, ദുഷ്പ്രവൃത്തികൾ മൂലവും നിങ്ങൾ ദൈവത്തിൽനിന്ന് അകന്നവരും അവിടുത്തെ ശത്രുക്കളുമായിരുന്നു. എന്നാൽ ഇപ്പോൾ തന്റെ പുത്രന്റെ ശാരീരിക മരണത്താൽ ദൈവം നിങ്ങളെ തന്റെ മിത്രങ്ങളാക്കിത്തീർത്തിരിക്കുന്നു. നിങ്ങളെ പവിത്രരും, കളങ്കരഹിതരും, കുറ്റമറ്റവരുമായി ദൈവമുമ്പാകെ സമർപ്പിക്കേണ്ടതിനാണ് ഇപ്രകാരം ചെയ്തത്. സുവിശേഷം കേട്ട് ആർജിച്ച പ്രത്യാശയിൽനിന്ന് ഇളകിപ്പോകാതെ, ഉറച്ചതും ദൃഢമായി വിശ്വസിക്കാവുന്നതുമായ അടിസ്ഥാനത്തിൽ നിലയുറപ്പിച്ച് വിശ്വസ്തരായി നിങ്ങൾ മുന്നോട്ടു പോകണം. ലോകത്തിലുള്ള സർവസൃഷ്‍ടികളോടും ആയി പ്രസംഗിക്കപ്പെട്ടിരിക്കുന്ന ഈ സുവിശേഷത്തിന് പൗലൊസ് എന്ന ഞാൻ ദാസനായിത്തീർന്നു.