AMOSA 4
4
1ബാശാൻ പശുക്കളേ, ശമര്യയിലെ തടിച്ചുകൊഴുത്ത സ്‍ത്രീകളേ, ശ്രദ്ധിക്കുക: നിങ്ങൾ എളിയവരെ പീഡിപ്പിക്കുന്നു; ദരിദ്രരെ ഞെരുക്കുന്നു; നിങ്ങൾക്കു മദ്യം കൊണ്ടുവരാൻ ഭർത്താക്കന്മാരോട് ആജ്ഞാപിക്കുന്നു. 2സർവേശ്വരനായ ദൈവം തന്റെ വിശുദ്ധിയെ സാക്ഷിയാക്കി പറയുന്നു: “നിങ്ങളെ ഒന്നടങ്കം ചൂണ്ടയിൽ കൊളുത്തി വലിച്ചു കൊണ്ടുപോകുന്ന ദിനം വരുന്നു; 3മതിലിലെ വിടവുകളിലൂടെ നിങ്ങളെ ഓരോരുത്തരെയായി പുറത്താക്കി ഹർമ്മോനിലേക്ക് എറിഞ്ഞുകളയും.” ഇതു സർവേശ്വരന്റെ വചനം.
ഇസ്രായേൽ പഠിക്കുന്നില്ല
4“ബെഥേലിലും ഗിൽഗാലിലും ചെന്നു നിങ്ങൾ പാപം പെരുപ്പിക്കുന്നു. പ്രഭാതം തോറും നിങ്ങൾ വഴിപാടുകൾ അർപ്പിക്കുന്നു; മൂന്നുനാൾ കൂടുമ്പോൾ ദശാംശങ്ങൾ കൊണ്ടുവരുന്നു. 5പുളിച്ചമാവുകൊണ്ടുള്ള അപ്പം സ്തോത്രയാഗമായി അർപ്പിക്കുന്നു; സ്വമേധാദാനങ്ങൾ നല്‌കി സ്വയം പ്രശംസിക്കുന്നു.
6ഇതിലൊക്കെ ഭ്രമം കാട്ടുന്ന ഇസ്രായേല്യരേ, നിങ്ങളുടെ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “രാജ്യമാകെ ഞാൻ ക്ഷാമം വരുത്തിയിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല.” 7ഞാൻ മഴ മുടക്കി നിങ്ങൾക്കു വിളവില്ലാതെയാക്കി; ഒരു പട്ടണത്തിൽ ഞാൻ മഴ അയച്ചപ്പോൾ മറ്റൊന്നിൽ അയച്ചില്ല; ഒരു നിലത്തിനു മഴ ലഭിച്ചിട്ടും മറ്റൊന്നു വരണ്ടുപോയി. 8ഒന്നിലേറെ പട്ടണങ്ങളിലെ ജനങ്ങൾ കുടിനീരിനായി മറ്റൊരു പട്ടണത്തിൽ പോയി; പക്ഷേ, മതിയാവോളം കുടിക്കാൻ ലഭിച്ചില്ല. എന്നിട്ടും നിങ്ങൾ എങ്കലേക്കു മടങ്ങിവന്നില്ല. 9ഉഷ്ണക്കാറ്റും കീടബാധയും വരുത്തി നിങ്ങളുടെ വിളവുകൾ ഞാൻ നശിപ്പിച്ചു; നിങ്ങളുടെ കൃഷിയും മുന്തിരിത്തോട്ടവും ഞാൻ ഉണക്കിക്കളഞ്ഞു; അത്തിവൃക്ഷങ്ങളും ഒലിവുമരങ്ങളും വെട്ടുക്കിളി തിന്നു തീർത്തു. എങ്കിലും നിങ്ങൾ എങ്കലേക്കു മടങ്ങിവന്നില്ല.” 10“ഈജിപ്തിലെപ്പോലെ നിങ്ങളുടെ ഇടയിലും ഞാൻ ബാധ അയച്ചു; നിങ്ങളുടെ യുവാക്കളെ വാളിനിരയാക്കി; നിങ്ങളുടെ കുതിരകളെ ഞാൻ പിടിച്ചുകൊണ്ടുപോയി. 11സൊദോം-ഗൊമോറയെപ്പോലെ നിങ്ങളിൽ ചിലരെ ഞാൻ നശിപ്പിച്ചു; തീയിൽനിന്നു വലിച്ചെടുത്ത തീക്കൊള്ളിപോലെ ശേഷിച്ചവർപോലും എങ്കലേക്കു തിരിഞ്ഞില്ല.
12അതുകൊണ്ട് ഇസ്രായേൽജനമേ, ഞാൻ ഇങ്ങനെ നിങ്ങളോടു പ്രവർത്തിക്കും. നിങ്ങളുടെ ദൈവത്തെ നേരിടാൻ ഒരുങ്ങിക്കൊള്ളുക. 13അവിടുന്നു മലകളെ മെനയുന്നു; കാറ്റുകളെ സൃഷ്‍ടിക്കുന്നു. തിരുഹിതം മനുഷ്യർക്കു വെളിപ്പെടുത്തുന്നു. അവിടുന്നു പ്രഭാതത്തെ ഇരുട്ടാക്കുന്നു. ഭൂമിയുടെ ഉന്നതങ്ങളിൽ ചരിക്കുന്നു. സർവശക്തനായ ദൈവം, സർവേശ്വരൻ എന്നാകുന്നു അവിടുത്തെ നാമം.
Currently Selected:
AMOSA 4: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.