TIRHKOHTE 7:44-60
TIRHKOHTE 7:44-60 MALCLBSI
“നമ്മുടെ പിതാക്കന്മാർക്കു മരുഭൂമിയിൽ ദൈവസാന്നിധ്യത്തിന്റെ സാക്ഷ്യം വഹിക്കുന്ന കൂടാരമുണ്ടായിരുന്നു. ദൈവം മോശയോട് അരുളിച്ചെയ്തപ്രകാരം അദ്ദേഹത്തിനു കാണിച്ചുകൊടുത്ത രൂപമാതൃകയിൽ നിർമിച്ചതായിരുന്നു അത്. പിൻതലമുറയിലെ നമ്മുടെ പിതാക്കന്മാർ അത് ഏറ്റുവാങ്ങി; അവരുടെ മുമ്പിൽനിന്നു ദൈവം നീക്കിക്കളഞ്ഞ ജനതകളുടെ കൈവശഭൂമിയിലേക്ക് യോശുവയോടുകൂടി അവർ പ്രവേശിച്ചപ്പോൾ ആ സാക്ഷ്യകൂടാരവും അവർ കൊണ്ടുവന്ന് ദാവീദിന്റെ കാലംവരെ സൂക്ഷിച്ചു. ദാവീദ് ദൈവകൃപ ലഭിച്ചവനായിരുന്നു. യാക്കോബിന്റെ ദൈവത്തിന് ഒരു മന്ദിരമുണ്ടാക്കുവാൻ അനുവദിക്കണമെന്ന് ദാവീദു ദൈവത്തോടപേക്ഷിച്ചു. പക്ഷേ, ശലോമോനായിരുന്നു ദൈവത്തിന് ഒരാലയം നിർമിച്ചത്. “എന്നാൽ അത്യുന്നതനായ ദൈവം മനുഷ്യകരങ്ങൾക്കൊണ്ടു നിർമിക്കുന്ന മന്ദിരങ്ങളിൽ വസിക്കുന്നില്ല. പ്രവാചകൻ പറയുന്നു: ‘സ്വർഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവുമാകുന്നു; എങ്ങനെയുള്ള ഭവനമാണ് നിങ്ങൾ എനിക്കുവേണ്ടി നിർമിക്കുന്നത്? എന്റെ വിശ്രമസ്ഥലം ഏത്? ഇവയെല്ലാം എന്റെ കരം നിർമിച്ചവയല്ലേ?’ എന്നു സർവേശ്വരൻ അരുൾചെയ്യുന്നു. “ദുശ്ശാഠ്യക്കാരേ, ഹൃദയത്തിൽ ഇപ്പോഴും ദൈവബോധമില്ലാത്തവരേ, സത്യത്തിനു ചെവികൊടുക്കാത്തവരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ നിങ്ങളും എപ്പോഴും പരിശുദ്ധാത്മാവിനോട് എതിർക്കുന്നു! പ്രവാചകന്മാരിൽ ആരെയെങ്കിലും നിങ്ങളുടെ പിതാക്കന്മാർ പീഡിപ്പിക്കാതിരുന്നിട്ടുണ്ടോ? നീതിമാനായവന്റെ ആഗമനത്തെക്കുറിച്ചു മുൻകൂട്ടി അറിയിച്ചവരെ അവർ നിഗ്രഹിക്കുകയത്രേ ചെയ്തത്. നിങ്ങളാകട്ടെ, ഇപ്പോൾ ആ നീതിമാനെ ഒറ്റിക്കൊടുക്കുകയും വധിക്കുകയും ചെയ്തിരിക്കുന്നു. ദൈവദൂതന്മാരിൽകൂടി നിങ്ങൾക്കു ധർമശാസ്ത്രം ലഭിച്ചു. എന്നാൽ നിങ്ങൾ അത് അനുസരിച്ചില്ല.” ഇതു കേട്ടപ്പോൾ സന്നദ്രിംസംഘാംഗങ്ങൾ കോപാക്രാന്തരായി സ്തേഫാനോസിന്റെ നേരെ പല്ലുകടിച്ചു. എന്നാൽ അദ്ദേഹം പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗത്തിലേക്ക് ഉറ്റുനോക്കി; ദൈവത്തിന്റെ തേജസ്സ് അദ്ദേഹം ദർശിച്ചു; അവിടുത്തെ വലത്തുഭാഗത്ത് യേശു നില്‌ക്കുന്നതും കണ്ടു. അദ്ദേഹം പറഞ്ഞു: “ഇതാ സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്ത് നില്‌ക്കുന്നതും ഞാൻ കാണുന്നു.” ഉടനെ അവർ ഉച്ചത്തിൽ അട്ടഹസിച്ച് ചെവിപൊത്തിക്കൊണ്ട് സ്തേഫാനോസിന്റെ നേരെ പാഞ്ഞുചെന്ന് അദ്ദേഹത്തെ പിടിച്ചു നഗരത്തിനു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു. സാക്ഷികൾ അവരുടെ പുറങ്കുപ്പായം ശൗൽ എന്നൊരു യുവാവിനെയാണ് ഏല്പിച്ചിരുന്നത്. അവർ കല്ലെറിഞ്ഞുകൊണ്ടിരുന്നപ്പോൾ “കർത്താവായ യേശുവേ, എന്റെ ആത്മാവിനെ അങ്ങു കൈക്കൊള്ളണമേ” എന്നു സ്തേഫാനോസ് പ്രാർഥിച്ചു. അദ്ദേഹം മുട്ടുകുത്തിക്കൊണ്ട് “കർത്താവേ, ഈ പാപം ഇവരുടെമേൽ ചുമത്തരുതേ” എന്ന് അത്യുച്ചത്തിൽ അപേക്ഷിച്ചു. ഇതു പറഞ്ഞിട്ട് അദ്ദേഹം അന്തരിച്ചു. സ്തേഫാനോസിന്റെ വധത്തെ ശൗൽ അനുകൂലിച്ചിരുന്നു.