YouVersion Logo
Search Icon

TIRHKOHTE 7:22-43

TIRHKOHTE 7:22-43 MALCLBSI

ഈജിപ്തുകാരുടെ എല്ലാ വിജ്ഞാനവും മോശ അഭ്യസിച്ചു. വാക്കിലും പ്രവൃത്തിയിലും അദ്ദേഹം പ്രഗല്ഭനായിത്തീർന്നു. “നാല്പതു വയസ്സായപ്പോൾ ഇസ്രായേല്യരായ തന്റെ സഹോദരന്മാരെ സന്ദർശിക്കണമെന്നു മോശയ്‍ക്കു തോന്നി. അവരിൽ ഒരുവനോട് ഒരു ഈജിപ്തുകാരൻ അന്യായമായി പെരുമാറുന്നത് അദ്ദേഹം കണ്ടു. അദ്ദേഹം മർദിതനായ ഇസ്രായേല്യന്റെ സഹായത്തിനെത്തുകയും, ആ ഈജിപ്തുകാരനെ അടിച്ചുകൊന്ന് മർദിതനുവേണ്ടി പ്രതികാരം നടത്തുകയും ചെയ്തു. താൻ മുഖാന്തരം സ്വജനങ്ങളെ വിമോചിപ്പിക്കുവാൻ പോകുകയാണെന്ന് അവർ ഗ്രഹിക്കുമെന്നായിരുന്നു മോശ വിചാരിച്ചത്. പക്ഷേ, അവർ അതു മനസ്സിലാക്കിയില്ല. പിറ്റേദിവസം രണ്ട് ഇസ്രായേല്യർ തമ്മിൽ ശണ്ഠകൂടിക്കൊണ്ടിരിക്കുമ്പോൾ അവരെ രഞ്ജിപ്പിക്കുന്നതിനായി മോശ പറഞ്ഞു: “നിങ്ങൾ സഹോദരന്മാരല്ലേ? നിങ്ങൾ തമ്മിൽ അന്യായം പ്രവർത്തിക്കുന്നത് എന്തുകൊണ്ട്? എന്നാൽ, തന്റെ സഹോദരനോട് അന്യായം പ്രവർത്തിച്ചവൻ അദ്ദേഹത്തെ തള്ളിമാറ്റിക്കൊണ്ടു ചോദിച്ചു: നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനും ആക്കിയത് ആരാണ്? ഇന്നലെ ആ ഈജിപ്തുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലുവാനാണോ ഭാവം? ഈ മറുപടി കേട്ട് മോശ ഓടിപ്പോയി. അദ്ദേഹം മിദ്യാനിൽ ചെന്ന് പരദേശിയായി പാർത്തു. അവിടെവച്ച് അദ്ദേഹത്തിനു രണ്ടു പുത്രന്മാർ ജനിച്ചു. “നാല്പതു വർഷം കഴിഞ്ഞ്, സീനായ്മലയുടെ സമീപത്തുള്ള മരുഭൂമിയിൽ കത്തുന്ന മുൾപ്പടർപ്പിൽ ഒരു ദൈവദൂതൻ മോശയ്‍ക്കു പ്രത്യക്ഷപ്പെട്ടു. ഈ ദർശനം ഉണ്ടായപ്പോൾ അദ്ദേഹം ആശ്ചര്യഭരിതനായി. സൂക്ഷിച്ചു നോക്കുന്നതിനായി അടുത്തു ചെന്നപ്പോൾ ‘ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമാകുന്നു; അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം’ എന്നു സർവേശ്വരൻ അരുൾചെയ്ത ശബ്ദം കേട്ടു. അപ്പോൾ അദ്ദേഹം ഭയപ്പെട്ടു വിറച്ചു; അങ്ങോട്ടു നോക്കുവാൻ ധൈര്യപ്പെട്ടില്ല. “സർവേശ്വരൻ തുടർന്ന് അരുൾചെയ്തു: ‘നിന്റെ കാലിൽനിന്നു ചെരുപ്പ് ഊരിക്കളയുക; നീ നില്‌ക്കുന്ന സ്ഥലം പരിശുദ്ധമാകുന്നു. ഈജിപ്തിൽ എന്റെ ജനങ്ങൾ അനുഭവിക്കുന്ന പീഡനങ്ങൾ ഞാൻ കണ്ടിരിക്കുന്നു; അവരുടെ നെടുവീർപ്പും ഞാൻ കേട്ടു; അവരെ മോചിപ്പിക്കുവാൻ ഞാൻ ഇറങ്ങിവന്നിരിക്കുന്നു. അതുകൊണ്ട് വരിക, ഞാൻ നിന്നെ ഈജിപ്തിലേക്ക് അയയ്‍ക്കും. “നിന്നെ ഞങ്ങളുടെ അധികാരിയും വിധികർത്താവും ആക്കിയത് ആരാണ്?’ എന്നു ചോദിച്ചുകൊണ്ട് അവർ നിരസിച്ച ഈ മോശയെതന്നെ, മുൾപ്പടർപ്പിൽ പ്രത്യക്ഷപ്പെട്ട ദൈവദൂതൻ മുഖാന്തരം അവരുടെ വിമോചകനും അധികാരിയുമായി ദൈവം അയച്ചു. അദ്ദേഹം ഈജിപ്തിലും ചെങ്കടലിലും അദ്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചുകൊണ്ട് നാല്പതു വർഷക്കാലം മരുഭൂമിയിലൂടെ അവരെ നയിച്ചു. ‘എന്നെ എന്നപോലെ ഒരു പ്രവാചകനെ ദൈവം നിങ്ങളുടെ സഹോദരന്മാരിൽനിന്ന് നിങ്ങൾക്കുവേണ്ടി എഴുന്നേല്പിക്കും’ എന്ന് ഇസ്രായേൽജനത്തോടു പറഞ്ഞതും ഈ മോശ തന്നെയാണ്. സീനായ്മലയിൽ ദൈവദൂതനോടു സംസാരിച്ചതും, മരുഭൂമിയിൽ ഇസ്രായേല്യസഭയോടും നമ്മുടെ പിതാക്കന്മാരോടുംകൂടി ഉണ്ടായിരുന്നതും അദ്ദേഹമാണ്. നമുക്കു നല്‌കുവാനായി ദൈവത്തിന്റെ ജീവദായകമായ അരുളപ്പാടു ലഭിച്ചതും അദ്ദേഹത്തിനു തന്നെയാണ്. “എന്നാൽ നമ്മുടെ പിതാക്കന്മാർ അദ്ദേഹത്തെ അനുസരിക്കുവാൻ കൂട്ടാക്കിയില്ല; അവർ അദ്ദേഹത്തെ തള്ളിക്കളഞ്ഞു; അവർ ഉള്ളുകൊണ്ട് ഈജിപ്തിലേക്കു പിന്തിരിഞ്ഞു. അവർ അഹരോനോടു പറഞ്ഞു: ‘ഞങ്ങളെ നയിക്കുവാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ ഈജിപ്തിൽനിന്നു കൊണ്ടുവന്ന ആ മോശയ്‍ക്ക് എന്തു സംഭവിച്ചു എന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ.’ അക്കാലത്താണ് അവർ കാളക്കുട്ടിയുടെ വിഗ്രഹം ഉണ്ടാക്കിയതും അതിനു ബലിയർപ്പിച്ചതും. അങ്ങനെ തങ്ങളുടെ കൈപ്പണിയിൽ അവർ ഉല്ലസിച്ചു. അപ്പോൾ ദൈവം മുഖംതിരിക്കുകയും അവരെ ആകാശത്തിലെ നക്ഷത്രരാശിയെ ആരാധിക്കുവാൻവേണ്ടി വിടുകയും ചെയ്തു. പ്രവാചകന്മാരുടെ ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ഇസ്രായേൽ ഗൃഹമേ! നിങ്ങൾ മരുഭൂമിയിൽ നാല്പതു വർഷം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചത് എനിക്കായിരുന്നുവോ? നിങ്ങൾ ആരാധിക്കുവാനുണ്ടാക്കിയ വിഗ്രഹങ്ങളായ മോലേക്കിന്റെ കൂടാരവും രേഫാൻദേവന്റെ നക്ഷത്രവും നിങ്ങൾ എടുത്തുകൊണ്ടു നടന്നുവല്ലോ. അതുകൊണ്ട് ഞാൻ നിങ്ങളെ ബാബിലോണിന് അപ്പുറത്തേക്കു നാടുകടത്തും.