YouVersion Logo
Search Icon

TIRHKOHTE 7:1-21

TIRHKOHTE 7:1-21 MALCLBSI

മഹാപുരോഹിതൻ സ്തേഫാനോസിനോടു ചോദിച്ചു: “ഈ പറയുന്നതെല്ലാം വാസ്തവമാണോ?” സ്തേഫാനോസ് പ്രതിവചിച്ചു: “സഹോദരന്മാരേ, പിതാക്കന്മാരേ, ശ്രദ്ധിച്ചാലും! നമ്മുടെ പിതാവായ അബ്രഹാം ഹാരാനിൽ വാസമുറപ്പിക്കുന്നതിനു മുമ്പ് മെസോപ്പൊത്തേമ്യയിൽ പാർത്തിരുന്നപ്പോൾ, തേജോമയനായ ദൈവം അദ്ദേഹത്തിനു പ്രത്യക്ഷനായി അരുൾചെയ്തു: ‘നിന്റെ ചാർച്ചക്കാരെയും ദേശത്തെയും വിട്ട്, ഞാൻ നിനക്കു കാണിച്ചുതരുവാനിരിക്കുന്ന ദേശത്തേക്കു പോകുക.’ അങ്ങനെ അദ്ദേഹം കല്ദയരുടെ ദേശം വിട്ട് ഹാരാനിൽ വന്നു വാസമുറപ്പിച്ചു. അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ചശേഷം ദൈവം അദ്ദേഹത്തെ അവിടെനിന്ന് നിങ്ങൾ ഇപ്പോൾ നിവസിക്കുന്ന ഈ ദേശത്തേക്കു മാറ്റി പാർപ്പിച്ചു. എങ്കിലും ഒരു ചുവട്ടടി ഭൂമിപോലും അദ്ദേഹത്തിനു അവകാശപ്പെടുത്തിക്കൊടുത്തില്ല. ആ സമയത്ത് അദ്ദേഹത്തിന് ഒരു സന്താനവും ഇല്ലാതിരുന്നിട്ടുപോലും അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കാലശേഷം സന്താനപരമ്പരയ്‍ക്കും അതിന്റെ പൂർണാവകാശം നല്‌കുമെന്ന് ദൈവം വാഗ്ദാനം ചെയ്തു; അബ്രഹാമിന്റെ സന്തതി അന്യദേശത്തു പോയി പാർക്കുകയും ആ ദേശക്കാർ അവരെ അടിമകളാക്കി നാനൂറു വർഷം പീഡിപ്പിക്കുകയും ചെയ്യുമെന്ന് അവിടുന്ന് അരുൾചെയ്തു. ‘എന്നാൽ അവർ ആർക്കു ദാസ്യവേല ചെയ്യുന്നുവോ ആ ജനതയെ ഞാൻ വിധിക്കും; അതിനുശേഷം അവർ ആ രാജ്യം വിട്ട് ഈ സ്ഥലത്തുവന്ന് എന്നെ ആരാധിക്കും’ എന്നും ദൈവം അരുളിച്ചെയ്തു. പിന്നീട് അബ്രഹാമിന് ഒരു ഉടമ്പടി നല്‌കി. അതിന്റെ സൂചനയായി ഏർപ്പെടുത്തിയതാണ് പരിച്ഛേദനകർമം. അപ്രകാരം ഇസ്ഹാക്ക് ജനിച്ചപ്പോൾ എട്ടാം ദിവസം ആ ശിശുവിന്റെ പരിച്ഛേദനകർമം നടത്തി. ഇസ്ഹാക്കിന് യാക്കോബ് എന്ന പുത്രനുണ്ടായി. യാക്കോബിന്റെ പുത്രന്മാരായിരുന്നു പന്ത്രണ്ടു ഗോത്രപിതാക്കന്മാർ. “അവർ യോസേഫിനോട് അസൂയപൂണ്ട് അദ്ദേഹത്തെ ഈജിപ്തുകാർക്കു വിറ്റുകളഞ്ഞു. എന്നാൽ ദൈവം യോസേഫിനോടുകൂടി ഉണ്ടായിരുന്നു. അവിടുന്ന് എല്ലാ കഷ്ടതകളിൽനിന്നും അദ്ദേഹത്തെ വിടുവിച്ചു. ഈജിപ്തിലെ രാജാവായ ഫറവോന്റെ മുമ്പിൽ ചെന്നപ്പോൾ ദൈവകൃപയും ജ്ഞാനവും അദ്ദേഹത്തിനു നല്‌കപ്പെട്ടു. ഫറവോൻ അദ്ദേഹത്തെ ഈജിപ്തിന്റെ ഗവർണറും കൊട്ടാരം കാര്യസ്ഥനുമായി നിയമിച്ചു. അക്കാലത്ത് ഈജിപ്തിൽ എല്ലായിടത്തും, കനാനിലും, ക്ഷാമവും മഹാകഷ്ടതയും ഉണ്ടായി. നമ്മുടെ പിതാക്കന്മാർക്ക് ആഹാരം കിട്ടാതെയായി. ഈജിപ്തിൽ ധാന്യമുണ്ടെന്നു യാക്കോബു കേട്ടിട്ട് നമ്മുടെ പിതാക്കന്മാരെ ആദ്യമായി അവിടേക്കയച്ചു. രണ്ടാം പ്രാവശ്യം അവർ ചെന്നപ്പോൾ യോസേഫ് തന്നെത്തന്നെ സഹോദരന്മാർക്കു വെളിപ്പെടുത്തി; ഫറവോനും യോസേഫിന്റെ കുടുംബാംഗങ്ങളെ അറിയുവാനിടയായി. യോസേഫ് തന്റെ പിതാവായ യാക്കോബിനെയും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള എല്ലാവരെയും ആളയച്ചു വിളിപ്പിച്ചു. അവർ ആകെ എഴുപത്തഞ്ചു പേരുണ്ടായിരുന്നു. യാക്കോബ് ഈജിപ്തിലേക്കു പോയി; അവിടെവച്ച് അദ്ദേഹവും നമ്മുടെ പിതാക്കന്മാരും മരണമടഞ്ഞു. അവരുടെ മൃതദേഹങ്ങൾ ശേഖേമിലേക്കു കൊണ്ടുപോയി. ഹാമോരിന്റെ പുത്രന്മാരോട് അബ്രഹാം വിലകൊടുത്തു വാങ്ങിയ കല്ലറയിൽ അവരെ സംസ്കരിച്ചു. “ദൈവം അബ്രഹാമിനോടു ചെയ്ത വാഗ്ദാനം നിറവേറേണ്ട കാലം സമീപിച്ചപ്പോൾ ഈജിപ്തിൽ ഇസ്രായേൽജനങ്ങൾ വളരെ വർധിച്ചു. ഒടുവിൽ യോസേഫിനെപ്പറ്റി അറിഞ്ഞിട്ടില്ലാത്ത ഒരു രാജാവ് ഈജിപ്തിൽ ഭരണമാരംഭിച്ചു. ആ രാജാവ് കൗശലപൂർവം നമ്മുടെ വംശത്തോടു പെരുമാറി; നമ്മുടെ പിതാക്കന്മാരെ പീഡിപ്പിക്കുകയും, ശിശുക്കൾ ജീവനോടെ ശേഷിക്കാതിരിക്കേണ്ടതിന് അവരെ പുറത്തുകളയുവാൻ കല്പന പുറപ്പെടുവിക്കുകയും ചെയ്തു. ഈ സമയത്താണ് മോശ ജനിച്ചത്. അതികോമളനായ ഒരു ശിശുവായിരുന്നു മോശ. മൂന്നു മാസം ആ കുട്ടിയെ പിതൃഗൃഹത്തിൽ വളർത്തി. പിന്നീട് അവനെ പുറത്തുകളഞ്ഞു. അതിനുശേഷം ഫറവോന്റെ പുത്രി അവനെ എടുത്തു സ്വന്തം മകനായി വളർത്തി.