TIRHKOHTE 5:22-42
TIRHKOHTE 5:22-42 MALCLBSI
എന്നാൽ ദേവാലയത്തിലെ ഉദ്യോഗസ്ഥന്മാർ ചെന്നപ്പോൾ അപ്പോസ്തോലന്മാരെ അവിടെ കണ്ടില്ല. അവർ മടങ്ങിച്ചെന്ന് ഇപ്രകാരം അറിയിച്ചു: “ജയിൽ വളരെ ഭദ്രമായി പൂട്ടിയിരിക്കുന്നത് ഞങ്ങൾ കണ്ടു. കാവല്‌ക്കാർ വാതില്‌ക്കൽ നില്‌ക്കുന്നുമുണ്ടായിരുന്നു. പക്ഷേ, വാതിൽ തുറന്നപ്പോൾ അകത്ത് ആരെയും കണ്ടില്ല.” ദേവാലയത്തിലെ പടനായകനും പുരോഹിതമുഖ്യന്മാരും ഇതു കേട്ടപ്പോൾ, ഇതെങ്ങനെ പരിണമിക്കുമെന്ന് ഓർത്ത് അവരെക്കുറിച്ച് അത്യധികം അമ്പരന്നു. ആ സമയത്ത് ഒരാൾ വന്ന് അവരോടു പറഞ്ഞു: “നിങ്ങൾ കാരാഗൃഹത്തിലടച്ച ആ മനുഷ്യൻ അതാ, ദേവാലയത്തിൽ നിന്നുകൊണ്ട് ജനങ്ങളെ പഠിപ്പിക്കുന്നു.” അപ്പോൾ പടനായകനും ഭടന്മാരുംകൂടി ചെന്ന് അപ്പോസ്തോലന്മാരെ കൂട്ടിക്കൊണ്ടുവന്നു. ജനങ്ങൾ തങ്ങളെ കല്ലെറിഞ്ഞേക്കുമോ എന്ന് അവർക്ക് ഭയമുണ്ടായിരുന്നതുകൊണ്ട് ബലം പ്രയോഗിച്ചില്ല. അങ്ങനെ അവരെ സന്നദ്രിംസംഘത്തിന്റെ മുമ്പിൽ ഹാജരാക്കി. മഹാപുരോഹിതൻ അവരെ ചോദ്യം ചെയ്തുകൊണ്ടു പറഞ്ഞു: “ആ മനുഷ്യന്റെ നാമത്തിൽ ജനങ്ങളെ പഠിപ്പിക്കരുതെന്നു ഞങ്ങൾ നിങ്ങളോടു കർശനമായി ആജ്ഞാപിച്ചിരുന്നുവല്ലോ. എന്നാൽ ഇപ്പോൾ ഇതാ നിങ്ങൾ നിങ്ങളുടെ ഉപദേശംകൊണ്ട് യെരൂശലേം മുഴുവൻ നിറച്ചിരിക്കുന്നു. ആ മനുഷ്യന്റെ രക്തത്തിന്റെ ഉത്തരവാദിത്വം ഞങ്ങളുടെമേൽ ചുമത്താനാണു നിങ്ങളുടെ ഉദ്ദേശ്യം.” പത്രോസും അപ്പോസ്തോലന്മാരും പ്രതിവചിച്ചു: “മനുഷ്യരെക്കാൾ അധികം ദൈവത്തെയാണ് ഞങ്ങൾ അനുസരിക്കേണ്ടത്. നിങ്ങൾ മരക്കുരിശിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു. ഇസ്രായേൽ അനുതപിച്ചു മനം തിരിയുന്നതിനും അവർക്കു പാപമോചനം നല്‌കുന്നതിനും യേശുവിനെ നായകനും രക്ഷകനുമായി ദൈവം തന്റെ വലത്തുഭാഗത്തേക്ക് ഉയർത്തിയിരിക്കുന്നു. ഈ വസ്തുതകൾക്ക് ഞങ്ങളും, ദൈവത്തെ അനുസരിക്കുന്നവർക്ക് അവിടുന്നു നല്‌കുന്ന പരിശുദ്ധാത്മാവും സാക്ഷികളാകുന്നു.” ഇതു കേട്ടപ്പോൾ അവർ ക്ഷുഭിതരായി. അപ്പോസ്തോലന്മാരുടെ കഥ കഴിക്കണമെന്ന് അവർ തീരുമാനിച്ചു. എന്നാൽ സന്നദ്രിംസംഘത്തിലുൾപ്പെട്ട ഗമാലിയേൽ എന്ന പരീശൻ എഴുന്നേറ്റുനിന്ന് അപ്പോസ്തോലന്മാരെ അല്പസമയത്തേക്ക് പുറത്തിറക്കി നിറുത്താൻ ആജ്ഞാപിച്ചു. എല്ലാവരാലും ബഹുമാനിതനും യെഹൂദന്മാരുടെ ധർമോപദേഷ്ടാവുമായിരുന്നു ഗമാലിയേൽ. അദ്ദേഹം പറഞ്ഞു: “ഇസ്രായേൽജനങ്ങളേ, ഈ മനുഷ്യരെ സംബന്ധിച്ച് എന്തെങ്കിലും ചെയ്യുന്നത് സൂക്ഷിച്ചുവേണം. കുറെനാൾ മുമ്പ് ത്യുദാസ് എന്നൊരാൾ താൻ മഹാനാണെന്നു ഭാവിച്ചുകൊണ്ടു പ്രത്യക്ഷപ്പെട്ടല്ലോ. ഏകദേശം നാനൂറുപേർ അയാളുടെ പക്ഷത്തു ചേർന്നു. എന്നാൽ അയാൾ കൊല്ലപ്പെട്ടു; അയാളെ അനുഗമിച്ചവർ ചിന്നിച്ചിതറി നാമാവശേഷരായിത്തീർന്നു. അതിനുശേഷം ഗലീലക്കാരനായ യൂദാ എന്നൊരാൾ കാനേഷുമാരി എടുത്തകാലത്തു പ്രത്യക്ഷപ്പെട്ട് ഏതാനും ആളുകളെ വശീകരിച്ചു. അയാളും നശിച്ചു; അയാളെ അനുഗമിച്ചവരും ചിന്നിച്ചിതറിപ്പോയി. അതുകൊണ്ട് ഇക്കാര്യത്തിൽ ഞാൻ പറയുന്നത്, അവരുടെ പേരിൽ നടപടിയൊന്നും എടുക്കാതെ അവരുടെ വഴിക്കു വിടുക എന്നാണ്. ഇതു മനുഷ്യന്റെ പദ്ധതിയോ പ്രവർത്തനമോ ആണെങ്കിൽ താനേ നശിക്കും. എന്നാൽ ദൈവത്തിൽനിന്നുള്ളതാണെങ്കിൽ അതിനെ നശിപ്പിക്കുവാൻ നിങ്ങൾക്കു സാധ്യമല്ല. നിങ്ങൾ ദൈവത്തോട് എതിർക്കുന്നവരെന്ന് ഒരിക്കലും വരരുതല്ലോ.” സന്നദ്രിംസംഘം ഗമാലിയേലിന്റെ ഉപദേശം സ്വീകരിച്ചു. അവർ അപ്പോസ്തോലന്മാരെ വിളിച്ചുവരുത്തി പ്രഹരിപ്പിച്ചു; മേലിൽ യേശുവിന്റെ നാമത്തിൽ പ്രബോധിപ്പിക്കരുതെന്നു താക്കീതു നല്‌കിയശേഷം അവരെ വിട്ടയച്ചു. അവരാകട്ടെ യേശുവിന്റെ നാമത്തിൽ അപമാനം സഹിക്കുവാൻ അർഹരായതിൽ ആനന്ദിച്ചുകൊണ്ട് സന്നദ്രിംസംഘത്തിന്റെ മുമ്പിൽനിന്നു പോയി. അവർ ദിവസംതോറും ദേവാലയത്തിലും വീടുകളിലും യേശുവാണ് മശിഹാ എന്ന് അനുസ്യൂതം പ്രസംഗിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്തുപോന്നു.