TIRHKOHTE 5:1-21
TIRHKOHTE 5:1-21 MALCLBSI
അനന്യാസ് എന്നുപേരുള്ള ഒരാളും അയാളുടെ ഭാര്യ സഫീറയും ചേർന്ന് അവരുടെ ഒരു നിലം വിറ്റു. ഭാര്യയുടെ അറിവോടുകൂടി ആ വസ്തുവിന്റെ വിലയിൽ ഒരംശം അയാൾ മാറ്റിവച്ചു; ബാക്കി കൊണ്ടുവന്ന് അപ്പോസ്തോലന്മാരുടെ കാല്‌ക്കൽ സമർപ്പിച്ചു. അപ്പോൾ പത്രോസ് പറഞ്ഞു: “അനന്യാസേ, പരിശുദ്ധാത്മാവിന്റെ നേരെ വ്യാജം പ്രവർത്തിക്കുവാനും വസ്തുവിന്റെ വിലയിൽ ഒരു പങ്ക് എടുത്തുവയ്‍ക്കുവാനും സാത്താൻ നിന്റെ ഹൃദയത്തെ കൈയടക്കിയത് എന്തുകൊണ്ട്? ആ വസ്തു വില്‌ക്കുന്നതിനുമുമ്പു നിൻറേതുതന്നെ ആയിരുന്നില്ലേ? വിറ്റതിനുശേഷവും ആ പണം നിന്റെ സ്വന്തം അല്ലായിരുന്നുവോ? പിന്നെ ഇങ്ങനെയൊരു പ്രവൃത്തി ചെയ്യുവാൻ നീ മനസ്സുവച്ചത് എന്തുകൊണ്ട്? നീ മനുഷ്യരോടല്ല, ദൈവത്തോടാണു വ്യാജം പ്രവർത്തിച്ചത്”. ഈ വാക്കുകൾ കേട്ടയുടൻ അനന്യാസ് വീണു മരിച്ചു. ഈ സംഭവത്തെപ്പറ്റി കേട്ടവരെല്ലാം ഭയവിഹ്വലരായി. അവിടെയുണ്ടായിരുന്ന യുവാക്കന്മാർ അനന്യാസിന്റെ മൃതശരീരം തുണിയിൽ പൊതിഞ്ഞു പുറത്തുകൊണ്ടുപോയി സംസ്കരിച്ചു. ഏകദേശം മൂന്നു മണിക്കൂർ കഴിഞ്ഞ് അനന്യാസിന്റെ ഭാര്യ ഇതൊന്നും അറിയാതെ അവിടെ ചെന്നു. പത്രോസ് അവരോടു ചോദിച്ചു: “പറയൂ, ഈ വിലയ്‍ക്കുതന്നെയോ നിങ്ങൾ വസ്തു വിറ്റത്?” “അതെ, ഈ വിലയ്‍ക്കുതന്നെ” എന്ന് ആ സ്‍ത്രീ ഉത്തരം പറഞ്ഞു. അപ്പോൾ പത്രോസ് പറഞ്ഞു: “കർത്താവിന്റെ ആത്മാവിനെ പരീക്ഷിക്കുവാൻ നിങ്ങൾ തമ്മിൽ പറഞ്ഞൊത്തത് എന്തുകൊണ്ട്? ഇതാ നോക്കൂ, നിങ്ങളുടെ ഭർത്താവിനെ സംസ്കരിച്ചവർ വാതില്‌ക്കൽ എത്തിക്കഴിഞ്ഞു. അവർ നിങ്ങളെയും എടുത്തുകൊണ്ടു പുറത്തുപോകും.” തൽക്ഷണം സഫീറയും പത്രോസിന്റെ കാല്ച്ചുവട്ടിൽ വീണു മരിച്ചു; പ്രസ്തുത യുവാക്കന്മാർ അകത്തു ചെന്നപ്പോൾ ആ സ്‍ത്രീ മരിച്ചുകിടക്കുന്നതായി കണ്ടു. അവർ മൃതദേഹം എടുത്തുകൊണ്ടുപോയി ഭർത്താവിന്റെ സമീപം സംസ്കരിച്ചു. സഭയിലുള്ള എല്ലാവർക്കും ഈ സംഭവത്തെക്കുറിച്ചു കേട്ട മറ്റുള്ള സകല ജനങ്ങൾക്കും അത്യധികമായ ഭയമുണ്ടായി. അപ്പോസ്തോലന്മാർ മുഖേന അനേകം അദ്ഭുതങ്ങളും അടയാളപ്രവൃത്തികളും ജനങ്ങളുടെ ഇടയിൽ നടന്നു. വിശ്വാസികളെല്ലാവരും ഏകമനസ്സോടെ ശലോമോന്റെ മണ്ഡപത്തിൽ കൂടിവന്നു. ജനങ്ങൾ അവരെ പ്രകീർത്തിച്ചെങ്കിലും അവരുടെ സമൂഹത്തിൽ ഉൾപ്പെടാത്തവരാരും അവരുടെകൂടെ ചേരുവാൻ ധൈര്യപ്പെട്ടില്ല. എങ്കിലും മേല്‌ക്കുമേൽ പുരുഷന്മാരും സ്‍ത്രീകളും ഉൾപ്പെട്ട വലിയ സംഘം കർത്താവിൽ വിശ്വസിച്ച് അവരോടു ചേർന്നുകൊണ്ടിരുന്നു. പത്രോസ് കടന്നുപോകുമ്പോൾ, അദ്ദേഹത്തിന്റെ നിഴലെങ്കിലും രോഗികളുടെമേൽ പതിക്കുന്നതിനുവേണ്ടി ജനങ്ങൾ അവരെ കൊണ്ടുവന്നു തെരുവീഥികളിൽപോലും കിടക്കകളിലും വിരിപ്പുകളിലും കിടത്തിവന്നിരുന്നു. കൂടാതെ യെരൂശലേമിനു ചുറ്റുമുള്ള പട്ടണങ്ങളിൽനിന്ന് ബഹുജനങ്ങൾ രോഗികളെയും അശുദ്ധാത്മാക്കൾ ബാധിച്ചവരെയും കൊണ്ടുവന്നു. അവരെല്ലാവരും സുഖം പ്രാപിക്കുകയും ചെയ്തു. മഹാപുരോഹിതനും അദ്ദേഹത്തെ അനുകൂലിച്ച സാദൂക്യകക്ഷിയിൽപ്പെട്ട എല്ലാവരും അസൂയകൊണ്ടു നിറഞ്ഞ് അപ്പോസ്തോലന്മാർക്ക് എതിരെ നടപടി എടുക്കുവാൻ തീരുമാനിച്ചു. അവർ അവരെ പിടിച്ചു പൊതുതടവിലാക്കി. എന്നാൽ കർത്താവിന്റെ ദൂതൻ കാരാഗൃഹത്തിന്റെ വാതിൽ തുറന്ന് അവരെ പുറത്തുകൊണ്ടുവന്നു പറഞ്ഞു: “നിങ്ങൾ ദേവാലയത്തിൽ ചെന്ന് ജനങ്ങളോട് ഈ പുതിയ ജീവന്റെ വചനങ്ങൾ അറിയിക്കുക.” അതനുസരിച്ച് അപ്പോസ്തോലന്മാർ അതിരാവിലെ ദേവാലയത്തിൽ പോയി പഠിപ്പിക്കുവാനാരംഭിച്ചു. മഹാപുരോഹിതനും കൂടെയുള്ളവരും ചെന്ന് ഇസ്രായേൽ ജനപ്രമുഖന്മാരെല്ലാം ഉൾപ്പെട്ട സന്നദ്രിംസംഘത്തെ വിളിച്ചുകൂട്ടി; പിന്നീട് അപ്പോസ്തോലന്മാരെ ഹാജരാക്കുവാൻ കാരാഗൃഹത്തിലേക്ക് ആളയച്ചു.