TIRHKOHTE 3:2-8
TIRHKOHTE 3:2-8 MALCLBSI
ദേവാലയത്തിൽ പോകുന്നവരോടു ഭിക്ഷ യാചിക്കുന്നതിനുവേണ്ടി ജന്മനാ മുടന്തനായ ഒരുവനെ ഏതാനും പേർ ദേവാലയത്തിലേക്ക് എടുത്തുകൊണ്ടുവന്ന് ‘സുന്ദരം’ എന്നു പേരുള്ള ദേവാലയത്തിന്റെ പടിവാതില്‌ക്കൽ ഇരുത്തുക പതിവായിരുന്നു. പത്രോസും യോഹന്നാനും ദേവാലയത്തിലേക്കു പോകുന്നതു കണ്ടപ്പോൾ അയാൾ അവരോട് ഭിക്ഷ യാചിച്ചു. പത്രോസ് യോഹന്നാനോടൊപ്പം അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ട്, “ഞങ്ങളുടെ നേരേ നോക്കൂ” എന്നു പറഞ്ഞു. അവരിൽനിന്നു വല്ലതും കിട്ടുമെന്നു പ്രതീക്ഷിച്ചുകൊണ്ട് അയാൾ അവരെ സൂക്ഷിച്ചുനോക്കി. എന്നാൽ പത്രോസ്, “പൊന്നും വെള്ളിയും എനിക്കില്ല; എങ്കിലും എനിക്കുള്ളതു ഞാൻ നിനക്കു തരുന്നു; നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്കുക” എന്നു പറഞ്ഞുകൊണ്ട് അയാളുടെ വലത്തുകൈക്കു പിടിച്ച് എഴുന്നേല്പിച്ചു. തൽക്ഷണം ആ മനുഷ്യന്റെ പാദങ്ങൾക്കും കണങ്കാലുകൾക്കും ബലമുണ്ടായി. അയാൾ ചാടി എഴുന്നേറ്റു നില്‌ക്കുകയും നടക്കുകയും ചെയ്തു; നടന്നും തുള്ളിച്ചാടിയും ദൈവത്തെ സ്തുതിച്ചുകൊണ്ട് അയാൾ അവരോടുകൂടി ദേവാലയത്തിൽ പ്രവേശിച്ചു.