TIRHKOHTE 3:17-26
TIRHKOHTE 3:17-26 MALCLBSI
“സഹോദരരേ, നിങ്ങളുടെ നേതാക്കന്മാരും നിങ്ങളും അജ്ഞതമൂലമാണ് യേശുവിനോട് ഇപ്രകാരം ചെയ്തതെന്ന് എനിക്കറിയാം. എന്നാൽ ക്രിസ്തു കഷ്ടതയനുഭവിക്കുമെന്നു സകല പ്രവാചകന്മാരും മുഖാന്തരം ദൈവം മുൻകൂട്ടി അറിയിച്ചത് ഇങ്ങനെ സംഭവിച്ചു. അതിനാൽ നിങ്ങളുടെ പാപം നിർമാർജനം ചെയ്യപ്പെടേണ്ടതിന് അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിഞ്ഞുകൊള്ളുക. അങ്ങനെ ചെയ്താൽ കർത്താവിന്റെ സന്നിധിയിൽ നിന്ന് ആശ്വാസം ലഭിക്കുന്ന കാലം വരും. നിങ്ങൾക്കുവേണ്ടി മുൻനിയമിക്കപ്പെട്ട ക്രിസ്തുവാകുന്ന യേശുവിനെ അവിടുന്ന് അയയ്‍ക്കുകയും ചെയ്യും. പണ്ടുമുതൽ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം ദൈവം അരുൾചെയ്തതുപോലെ, എല്ലാറ്റിനെയും യഥാസ്ഥാനമാക്കുന്നതുവരെ യേശു സ്വർഗത്തിൽ ആയിരിക്കേണ്ടതാകുന്നു. മോശ ഇങ്ങനെ പറയുന്നു: ‘ദൈവമായ കർത്താവു നിങ്ങളുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കുവേണ്ടി എഴുന്നേല്പിക്കും. അദ്ദേഹം പറയുന്നത് എന്തുതന്നെ ആയാലും, അതു നിങ്ങൾ ശ്രദ്ധിക്കണം. അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാത്തവരെല്ലാം ഉന്മൂലനം ചെയ്യപ്പെടും.’ ശമൂവേൽ തുടങ്ങി എല്ലാ പ്രവാചകന്മാരും ഈ കാലത്തെക്കുറിച്ചു പ്രസ്താവിച്ചിട്ടുണ്ട്. “നിങ്ങൾ പ്രവാചകന്മാരുടെയും, ദൈവം നിങ്ങളുടെ പൂർവികന്മാർക്കു നല്‌കിയ ഉടമ്പടിയുടെയും അവകാശികളാകുന്നു. ‘ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽക്കൂടി അനുഗ്രഹിക്കപ്പെടും’ എന്ന് അബ്രഹാമിനോട് അരുൾചെയ്തിട്ടുണ്ടല്ലോ. “നിങ്ങളെ ഓരോരുത്തരെയും അവനവന്റെ ദുഷ്ടതയിൽനിന്നു പിൻതിരിപ്പിച്ച് അനുഗ്രഹിക്കേണ്ടതിന് ദൈവം തന്റെ ദാസനെ നിയോഗിച്ച്, ആദ്യമേ നിങ്ങളുടെ അടുക്കലേക്കയച്ചു.