YouVersion Logo
Search Icon

TIRHKOHTE 28

28
മാൾട്ടയിൽ
1ഞങ്ങൾ രക്ഷപെട്ടു ചെന്നെത്തിയിരിക്കുന്നത് മാൾട്ടാദ്വീപിലാണെന്നു മനസ്സിലായി. 2ആ ദ്വീപിലെ ജനങ്ങൾ ഞങ്ങളോട് അസാമാന്യമായ ദയ കാണിച്ചു. മഴയും തണുപ്പും ഉണ്ടായിരുന്നതുകൊണ്ട് തീ കൂട്ടിതന്ന് അവർ ഞങ്ങളെ എല്ലാവരെയും സ്വീകരിച്ചു. 3പൗലൊസ് കുറെ വിറകു പെറുക്കിക്കൊണ്ടു വന്ന് തീയിലിട്ടു. ചൂടേറ്റപ്പോൾ അതിൽനിന്ന് ഒരു അണലി പുറത്തു ചാടി പൗലൊസിന്റെ കൈയിൽ ചുറ്റി. 4അത് കൈയിൽ തൂങ്ങിക്കിടക്കുന്നതു കണ്ടപ്പോൾ “ഈ മനുഷ്യൻ നിശ്ചയമായും ഒരു കൊലപാതകി ആയിരിക്കണം; കടലിൽനിന്നു രക്ഷപെട്ടിട്ടും ജീവിച്ചിരിക്കുവാൻ നീതിദേവി ഇയാളെ അനുവദിക്കുന്നില്ലല്ലോ” എന്ന് ആ ദ്വീപുനിവാസികൾ അന്യോന്യം പറഞ്ഞു. 5പൗലൊസ് ആകട്ടെ, ആ പാമ്പിനെ കുടഞ്ഞു തീയിലിട്ടു; ഒരു ഉപദ്രവവും അദ്ദേഹത്തിനുണ്ടായില്ല. 6അദ്ദേഹം നീരുവന്നു വീർക്കുകയോ, മരിച്ചു വീഴുകയോ ചെയ്യുമെന്ന് അവർ പ്രതീക്ഷിച്ചു. എന്നാൽ ദീർഘസമയം കാത്തിരുന്നിട്ടും അദ്ദേഹത്തിന് ഒരനർഥവും ഉണ്ടായില്ലെന്നു കണ്ടപ്പോൾ അവരുടെ ചിന്താഗതി മാറി അദ്ദേഹം ഒരു ദേവനാണെന്നു പറഞ്ഞു.
7അവിടെയടുത്ത് ആ ദ്വീപിന്റെ അധികാരിയായ പുബ്ലിയൊസിന് കുറെ സ്ഥലമുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ സ്വീകരിച്ച് മൂന്നു ദിവസം സൗഹൃദപൂർവം സൽക്കരിച്ചു. 8പുബ്ലിയൊസിന്റെ പിതാവ് പനിയും അതിസാരവും പിടിച്ചു കിടപ്പിലായിരുന്നു; പൗലൊസ് അയാളെ സന്ദർശിച്ച് കൈകൾ വച്ചു പ്രാർഥിക്കുകയും രോഗം സുഖപ്പെടുത്തുകയും ചെയ്തു. 9ഈ സംഭവത്തിനുശേഷം ആ ദ്വീപിലെ മറ്റു രോഗികളും അദ്ദേഹത്തിന്റെ അടുക്കൽവന്നു സുഖം പ്രാപിച്ചു. 10അവർ ധാരാളം സമ്മാനങ്ങൾ തന്നു ഞങ്ങളെ ബഹുമാനിച്ചു. ഞങ്ങൾ അവിടെനിന്നു പുറപ്പെട്ടപ്പോൾ ഞങ്ങൾക്ക് ആവശ്യമുള്ളതെല്ലാം അവർ കപ്പലിൽ കയറ്റിത്തന്നു.
പൗലൊസ് റോമിൽ എത്തുന്നു
11മൂന്നു മാസം കഴിഞ്ഞ് ഒരു അലക്സാന്ത്രിയൻ കപ്പലിൽ ഞങ്ങൾ പുറപ്പെട്ടു. അശ്വനീദേവന്മാരുടെ മുദ്രയുള്ള ആ കപ്പൽ മാൾട്ടാദ്വീപിൽ അടുത്ത് ശീതകാലം കഴിച്ചുകൂട്ടുകയായിരുന്നു. 12ഞങ്ങൾ സിറക്കൂസയിലെത്തി മൂന്നു ദിവസം അവിടെ പാർത്തു. 13അവിടെനിന്നു ഞങ്ങൾ ചുറ്റിയോടി രഗ്യോനിൽ എത്തി. ഒരു ദിവസം കഴിഞ്ഞ് തെക്കൻ കാറ്റടിച്ചതിനാൽ പിറ്റേദിവസം പുത്യൊലിയിൽ എത്തി. 14അവിടെവച്ച് ചില ക്രൈസ്തവസഹോദരന്മാരെ ഞങ്ങൾ കണ്ടുമുട്ടി. ഒരാഴ്ച തങ്ങളോടുകൂടി താമസിക്കുന്നതിന് അവർ ഞങ്ങളെ ക്ഷണിച്ചു. പിന്നീട് ഞങ്ങൾ റോമിലെത്തി. 15അവിടത്തെ സഹോദരന്മാർ ഞങ്ങളെപ്പറ്റി കേട്ടിട്ട്, ഞങ്ങളെ എതിരേല്‌ക്കാൻ അപ്യപുരവും ത്രിമണ്ഡപവുംവരെ വന്നു. അവരെ കണ്ടപ്പോൾ പൗലൊസ് ദൈവത്തിനു നന്ദി പറയുകയും ധൈര്യപ്പെടുകയും ചെയ്തു.
റോമിൽ പ്രസംഗിക്കുന്നു
16ഞങ്ങൾ റോമിലെത്തിയശേഷം കാവൽ പടയാളികളോടുകൂടി തനിച്ചു പാർക്കുവാൻ പൗലൊസിന് അനുവാദം കിട്ടി.
17മൂന്നു ദിവസം കഴിഞ്ഞ് അദ്ദേഹം അവിടെയുള്ള യെഹൂദനേതാക്കളെ വിളിച്ചുകൂട്ടി ഇപ്രകാരം പ്രസ്താവിച്ചു: “സഹോദരരേ, നമ്മുടെ ജനങ്ങൾക്കോ പൂർവപിതാക്കളുടെ ആചാരങ്ങൾക്കോ വിരുദ്ധമായി ഞാൻ ഒന്നും ചെയ്തിട്ടില്ല. എങ്കിലും യെരൂശലേമിൽ വച്ച് ഞാൻ ഒരു തടവുകാരനായി റോമാക്കാരുടെ കൈയിൽ ഏല്പിക്കപ്പെട്ടു. 18അവർ എന്നെ വിസ്തരിച്ചു. വധശിക്ഷയ്‍ക്ക് അർഹമായ കുറ്റം എന്നിൽ കാണാഞ്ഞതിനാൽ എന്നെ മോചിപ്പിക്കുവാൻ അവർക്കു മനസ്സുണ്ടായിരുന്നു. 19എന്നാൽ യെഹൂദന്മാർ എതിർത്തതിനാൽ കൈസറുടെ അടുക്കൽ എനിക്ക് അഭയം തേടേണ്ടിവന്നു. എന്റെ സ്വന്തം ജനങ്ങൾക്കെതിരെ എനിക്ക് യാതൊരു ദോഷാരോപണവും ഉന്നയിക്കാനില്ലതാനും. 20അതുകൊണ്ടാണ് നിങ്ങളെ കാണണമെന്നു ഞാൻ ആവശ്യപ്പെട്ടത്. ഇസ്രായേലിന്റെ പ്രത്യാശയെപ്രതി മാത്രമാണ് ഞാൻ ഈ ചങ്ങലയാൽ ബന്ധിതനായിരിക്കുന്നത്.”
21അവർ അദ്ദേഹത്തോടു പറഞ്ഞു: “താങ്കളെ സംബന്ധിച്ച് യെഹൂദ്യയിൽനിന്ന് ആരുടെയും കത്ത് ഞങ്ങൾക്ക് കിട്ടിയിട്ടില്ല. സഹോദരന്മാരിൽ ആരെങ്കിലും വന്ന് താങ്കളെപ്പറ്റി യാതൊരു ദോഷവും ഒട്ടു പറഞ്ഞിട്ടുമില്ല. 22ഈ മതവിഭാഗത്തെക്കുറിച്ച് എല്ലായിടത്തും എതിരായിട്ടാണ് പറഞ്ഞുകേൾക്കുന്നത്. താങ്കളുടെ അഭിപ്രായങ്ങൾ എന്താണെന്നു നേരിട്ടു കേൾക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”
23അതിന് അവർ ഒരു ദിവസം നിശ്ചയിച്ചു. ധാരാളം ആളുകൾ അദ്ദേഹത്തിന്റെ വാസസ്ഥലത്തു വന്നുകൂടി. ദൈവരാജ്യത്തിനു സാക്ഷ്യം വഹിച്ചുകൊണ്ടും, മോശയുടെ ധർമശാസ്ത്രവും പ്രവാചകഗ്രന്ഥങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുവാൻ ശ്രമിച്ചുകൊണ്ടും, പ്രഭാതംമുതൽ പ്രദോഷംവരെ അദ്ദേഹം അവർക്കു സകലവും വിശദീകരിച്ചുകൊടുത്തു. 24അദ്ദേഹം പറഞ്ഞത് ചിലർക്കു ബോധ്യമായി; മറ്റുള്ളവർ വിശ്വസിച്ചില്ല. 25അങ്ങനെ അഭിപ്രായൈക്യം ഉണ്ടാകാതെ അവർ പിരിഞ്ഞുപോകുമ്പോൾ പൗലൊസ് ഇങ്ങനെ പറഞ്ഞു:
26“ഈ ജനത്തിന്റെ അടുക്കൽ പോയി പറയുക:
നിങ്ങൾ എത്രകേട്ടാലും ഒരിക്കലും ഗ്രഹിക്കുകയില്ല,
നിങ്ങൾ എത്രതന്നെ നോക്കിയാലും
ഒരിക്കലും കാണുകയില്ല.
27എന്തെന്നാൽ ഈ ജനം
മന്ദബുദ്ധികളായിത്തീർന്നിരിക്കുന്നു;
അവരുടെ കാതുകളുടെ ശ്രവണശക്തി
മന്ദീഭവിച്ചിരിക്കുന്നു;
അവരുടെ കണ്ണുകൾ അടഞ്ഞിരിക്കുന്നു.
അല്ലെങ്കിൽ തങ്ങളുടെ കണ്ണുകൊണ്ട് അവർ കാണുകയും
കാതുകൊണ്ടു കേൾക്കുകയും
മനസ്സുകൊണ്ടു ഗ്രഹിക്കുകയും
അവരെ സുഖപ്പെടുത്തുന്നതിന്
അവർ എന്റെ അടുക്കലേക്കു
തിരിയുകയും ചെയ്യുമായിരുന്നു”
എന്നിങ്ങനെ പരിശുദ്ധാത്മാവ് യെശയ്യാ പ്രവാചകൻ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിരിക്കുന്നതു ശരിതന്നെ.
28“അതുകൊണ്ട് ദൈവത്തിന്റെ രക്ഷയുടെ ഈ സന്ദേശം വിജാതീയരുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു. അവരതു ശ്രദ്ധിക്കുമെന്ന് അറിഞ്ഞുകൊള്ളുക.” 29#28:29 ചില കൈയെഴുത്തു പ്രതികളിൽ ഈ വാക്യം കാണുന്നില്ല.പൗലൊസ് ഇതു പറഞ്ഞു കഴിഞ്ഞപ്പോൾ യെഹൂദന്മാർ അന്യോന്യം ഉച്ചത്തിൽ വാദകോലാഹലം മുഴക്കിക്കൊണ്ട് അവിടം വിട്ടിറങ്ങിപ്പോയി.
30വാടകവീട്ടിൽ അദ്ദേഹം സ്വന്തം ചെലവിൽ രണ്ടു വർഷം പാർത്തു. തന്നെ സമീപിച്ചവരെ അദ്ദേഹം സ്വീകരിച്ച് 31ദൈവരാജ്യം പ്രസംഗിക്കുകയും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു പരസ്യമായി നിർവിഘ്നം പഠിപ്പിക്കുകയും ചെയ്തുപോന്നു.

Currently Selected:

TIRHKOHTE 28: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in