TIRHKOHTE 27:1-26
TIRHKOHTE 27:1-26 MALCLBSI
ഞങ്ങൾ കപ്പൽ കയറി ഇറ്റലിയിലേക്കു പോകണമെന്നു തീരുമാനിച്ചപ്പോൾ, പൗലൊസിനെയും മറ്റുചില തടവുകാരെയും ഔഗുസ്തൻ സൈന്യദളത്തിലെ ഒരു ശതാധിപനായ യൂലിയൊസിനെ ഏല്പിച്ചു. അങ്ങനെ ഞങ്ങൾ ഏഷ്യാസംസ്ഥാനത്തിന്റെ കരപറ്റി അവിടെയുള്ള തുറമുഖങ്ങളിലേക്കു പോകുന്ന ഒരു അദ്രമുത്തു കപ്പലിൽ കയറി പുറപ്പെട്ടു. തെസ്സലോനിക്യനിവാസിയും മാസിഡോണിയക്കാരനുമായ അരിസ്തർഹൊസും ഞങ്ങളുടെകൂടെ ഉണ്ടായിരുന്നു. പിറ്റേദിവസം ഞങ്ങൾ സീദോനിൽ എത്തി. പൗലൊസിനോടു യൂലിയൊസ് സ്നേഹപൂർവം പെരുമാറുകയും, തന്റെ സുഹൃത്തുക്കളെ സന്ദർശിക്കുവാനും അവരുടെ സൽക്കാരോപചാരങ്ങൾ സ്വീകരിക്കുവാനും അനുവദിക്കുകയും ചെയ്തു. അവിടെനിന്നു കപ്പൽ നീക്കിയപ്പോൾ കാറ്റു പ്രതികൂലമായിരുന്നതിനാൽ സൈപ്രസ്ദ്വീപിന്റെ മറപറ്റിയാണ് ഞങ്ങൾ പോയത്. കിലിക്യ, പംഫുല്യ കടൽവഴി യാത്ര ചെയ്ത്, ലുക്കിയയിലെ മുറാപട്ടണത്തിൽ ഞങ്ങളെത്തി. അവിടെവച്ച് ഇറ്റലിയിലേക്കു പോകുന്ന ഒരു അലക്സാന്ത്രിയൻ കപ്പൽ കണ്ട്, ശതാധിപൻ ഞങ്ങളെ അതിൽ കയറ്റി. പിന്നീട് ഏതാനും ദിവസങ്ങൾ ഞങ്ങൾ സാവധാനത്തിലാണ് യാത്രചെയ്തത്. വളരെ ക്ലേശിച്ച് ഞങ്ങൾ ക്നീദോസിൽ എത്തി. കാറ്റു പ്രതികൂലമായിരുന്നതിനാൽ ക്രീറ്റുദ്വീപിന്റെ മറപറ്റി, സല്മോനെയെ വിട്ടകന്ന്, വളരെ പണിപ്പെട്ട് കരചേർന്ന് കപ്പൽ ഓടിച്ച് ലസയ്യപട്ടണത്തിന്റെ സമീപത്തുള്ള ശുഭതുറമുഖം എന്ന സ്ഥലത്തെത്തി. വളരെ ദിവസങ്ങൾ അവിടെ താമസിക്കേണ്ടിവന്നു. അപ്പോൾ യെഹൂദന്മാരുടെ നോമ്പുകാലം കഴിഞ്ഞിരുന്നു. കപ്പൽയാത്ര വളരെ ആപൽക്കരവും ആയിത്തീർന്നു. അതിനാൽ പൗലൊസ് ഇപ്രകാരം ഉപദേശിച്ചു: “സുഹൃത്തുക്കളേ, ഇവിടെനിന്നുള്ള യാത്ര ആപൽക്കരമാണെന്നു ഞാൻ കാണുന്നു. ചരക്കിനും കപ്പലിനും മാത്രമല്ല, നമ്മുടെ ജീവനും കഷ്ടനഷ്ടങ്ങളുണ്ടാകും.” ശതാധിപനാകട്ടെ, പൗലൊസ് പറഞ്ഞതിനെക്കാൾ അധികം കപ്പിത്താന്റെയും കപ്പലുടമസ്ഥന്റെയും വാക്കുകൾ വിശ്വസിച്ചു. ആ തുറമുഖം ശീതകാലം കഴിച്ചുകൂട്ടാൻ പറ്റിയതുമായിരുന്നില്ല. അതുകൊണ്ട് അവിടെനിന്ന് യാത്രതുടർന്നു കഴിയുമെങ്കിൽ ഫീനിക്സിലെത്താൻ ശ്രമിക്കണമെന്ന അഭിപ്രായത്തെ ഭൂരിപക്ഷംപേരും അനുകൂലിച്ചു. ക്രീറ്റിലെ ഒരു തുറമുഖമാണ് ഫീനിക്സ്. തെക്കുപടിഞ്ഞാറും വടക്കുപടിഞ്ഞാറും അഭിമുഖമായി നിന്ന ആ തുറമുഖത്ത് ശീതകാലം കഴിച്ചുകൂട്ടാൻ കഴിയുമെന്നായിരുന്നു അവരുടെ ചിന്ത. തെക്കൻകാറ്റ് മന്ദംമന്ദം വീശുവാൻ തുടങ്ങിയതുകൊണ്ട്, തങ്ങൾ ഉദ്ദേശിച്ചതുപോലെ അവിടെയെത്താമെന്നു വിചാരിച്ച് അവർ നങ്കൂരമെടുത്തു കപ്പൽ നീക്കി. കഴിയുന്നതും ക്രീറ്റുദ്വീപിന്റെ തീരം ചേർന്ന് അവർ യാത്ര തുടർന്നു. പെട്ടെന്ന് ദ്വീപിൽനിന്ന് വടക്കുകിഴക്കൻ കൊടുങ്കാറ്റ് ആഞ്ഞടിക്കുവാൻ തുടങ്ങി. കാറ്റിനെതിരെ മുന്നോട്ടു നീങ്ങുവാൻ കഴിയാതെ വന്നപ്പോൾ, ഞങ്ങൾ ആ സാഹസം ഉപേക്ഷിച്ചു; കാറ്റിന്റെ ഗതിക്കൊത്തു കപ്പൽ വിട്ടു. അങ്ങനെ ഞങ്ങൾ ക്ലൗദ എന്ന ചെറിയ ദ്വീപിന്റെ മറവിലെത്തി. അവിടെവച്ച് ഞങ്ങൾ വളരെ പണിപ്പെട്ട് കപ്പലിലെ തോണി പിടിച്ചെടുത്തു. അതു വലിച്ചു കയറ്റിയശേഷം വടംകൊണ്ട് കപ്പൽ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പു വരുത്തി. കപ്പൽ ലിബിയയുടെ തീരത്തിനടുത്തുള്ള ആഴംകുറഞ്ഞ സ്ഥലത്ത് മണൽത്തിട്ടയിൽ ചെന്നു കയറുമെന്ന് അവർ ഭയപ്പെട്ടു. അതുകൊണ്ട് അവർ പായ് താഴ്ത്തി; കാറ്റിന്റെ ഗതിക്കൊത്ത് കപ്പൽ നീങ്ങി. തുടരെ അടിച്ചുകൊണ്ടിരുന്ന ഉഗ്രമായ കൊടുങ്കാറ്റിൽ കപ്പൽ ആടിയുലഞ്ഞു. പിറ്റേദിവസം അവർ ചരക്കുകൾ പുറത്തെറിയുവാൻ തുടങ്ങി. മൂന്നാം ദിവസം കപ്പലിന്റെ പല ഉപകരണങ്ങളും അവരുടെ കൈകൊണ്ടുതന്നെ കടലിലെറിഞ്ഞു. ദിവസങ്ങളോളം സൂര്യനെയോ നക്ഷത്രങ്ങളെയോ ഞങ്ങൾക്കു കാണാൻ കഴിഞ്ഞില്ല. കൊടുങ്കാറ്റ് അവിരാമം അടിച്ചുകൊണ്ടിരുന്നു. ഒടുവിൽ രക്ഷപെടാമെന്നുള്ള ഞങ്ങളുടെ സകല ആശയും അസ്തമിച്ചു. കപ്പലിൽ ഉണ്ടായിരുന്നവർ ഭക്ഷണം കഴിക്കാതെയായിട്ട് വളരെ ദിവസങ്ങളായിരുന്നു. അപ്പോൾ പൗലൊസ് അവരുടെ മധ്യത്തിൽ നിന്നുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: “സ്നേഹിതരേ, നിങ്ങൾ എന്റെ വാക്കുകൾ കേൾക്കേണ്ടതായിരുന്നു. അതനുസരിച്ച് ക്രീറ്റിൽനിന്നു പുറപ്പെടാതിരുന്നെങ്കിൽ ഈ കഷ്ടനഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നല്ലോ. എങ്കിലും, ഇപ്പോൾ ഞാൻ നിങ്ങളോടു പറയുന്നു: ധൈര്യപ്പെടുക; നിങ്ങളിൽ ആർക്കും തന്നെ ജീവാപായം ഉണ്ടാകുകയില്ല; കപ്പലിനുമാത്രമേ നാശമുണ്ടാകൂ. ഞാൻ സേവിക്കുന്ന എന്റെ ഉടയവനായ ദൈവം അയച്ച ഒരു മാലാഖ കഴിഞ്ഞ രാത്രിയിൽ എന്റെ അടുക്കൽ വന്നു. ‘പൗലൊസേ, നീ ഭയപ്പെടേണ്ടാ; നീ കൈസറുടെ മുമ്പിൽ നില്‌ക്കേണ്ടതാകുന്നു; നിന്റെ കൂടെ യാത്രചെയ്യുന്നവരെല്ലാം നീ മൂലം രക്ഷപെടും’ എന്നു പറഞ്ഞു. അതുകൊണ്ട് സ്നേഹിതരേ, ധൈര്യപ്പെടുക! എന്നോടു പറഞ്ഞതുപോലെതന്നെ സംഭവിക്കുമെന്ന വിശ്വാസം എനിക്കു ദൈവത്തിലുണ്ട്. എങ്കിലും നാം ഒരു ദ്വീപിൽ ചെന്നു കുടുങ്ങേണ്ടിവരും.”